Sunday, October 17, 2010

മലയാള മരങ്ങള്‍.


(ഒന്നര പുറത്തില്‍ കവിയാത്ത ഉപന്യാസ കവിത )
വിഷയം :മലയാള മരങ്ങള്‍.


നോക്കൂ, മരങ്ങള്‍
മലയാളിയുടെ അതേ ജനിതക ഘടന.


ഖണ്ഡിക ഒന്ന്
റബ്ബര്‍-
വെണ്നുരപ്പാലൂട്ടിയെടുത്തന്ത്യ ജീവിതം
തടിവില പേശാന്‍ നിന്നു കൊടുക്കും പശുമരങ്ങള്‍
കറവയും അറവും കര്‍മജാതകം ഉറ ഒഴിച്ചെടുത്തചിലിട്ട ജീവിതം
വിലയിടിയുമ്പോള്‍ ശപിച്ചു നീട്ടുന്നു
ഗള്‍ഫുകാരന്റെ വരവ് പോലെ
വില അറുപതു കഴിഞ്ഞാലല്പകാലം അരുമമരങ്ങള്‍
പ്രഭാത വാര്‍ത്തകളില്‍ നിത്യവും
ഇരട്ടത്തലയുള്ള കത്തി സ്പര്‍ശം
അകിടില്‍ മുറിവുമായി മരങ്ങള്‍ നിരന്നു നില്‍ക്കുന്നു.


ഖണ്ഡിക രണ്ട്
തെങ്ങ്
ഒറ്റപ്പെട്ടവര്‍,കൂട്ടുകാരില്ലാത്തോര്‍
നഗര ലോഡ്ജിലെ ഏകാകി വൃക്ഷങ്ങള്‍
ഒറ്റത്തടി ജീവിതം
കാറ്റ് വീണ നാട്ടിന്‍ പുറങ്ങളില്‍
എല്ലാം കണ്ടും കെട്ടും തലയാട്ടി മൌനം
കഴുത്ത് നീട്ടി കിതച്ചു നില്‍ക്കുന്നു.
തൊലിയൊട്ടിത്തളര്‍ന്ന കാസരോഗിയുടെ
വാരിയെല്ലുകള്‍ പോലെ
ഓലകളുടെ ഉയര്‍ച്ച താഴ്ചകള്‍.


ഖണ്ഡിക മൂന്ന്.
പ്ലാവ്
പ്രാരാബ്ധം വിണ്ടു കീറിയ പോളകള്‍ക്കുള്ളില്‍
അശാന്തിയുടെ ചെറു ചെറു പ്രാണനും ചൊരിഞ്ഞു
പാതാള വെള്ളം ഊറ്റിയെടുത്തു പിടിച്ചു നില്‍ക്കുന്നൂ
കൊടുങ്കാറ്റില്‍ എന്നമ്മ പോലെ ..
എത്രപേരെ ഊട്ടി വളര്‍ത്തി?
വിഷുവിനും ഓണത്തിനും ഇടവേള ബന്ധങ്ങള്‍
മധുരവും മറക്കാമതിവേഗം-അതുമൊരു പെരുമ.


ഖണ്ഡിക നാല്.
തേക്ക്
കരുത്തുണങ്ങിയ കായ്കള്‍ പൊട്ടിച്ചു
കുട്ടികള്‍ അന്വേഷിക്കാറുണ്ട്‌-
രുചി ഭേദങ്ങളുടെ വെളുത്തു കുറുകിയ കഥകള്‍
തേക്കിന്റെ കുസൃതിയും വിസ്മയവും
ബാല്യവും വാര്ധക്യവുമാണ്.
ഇളന്തണ്ടുമിലയും ചുവപ്പിച്ച കൈരേഖകള്‍
നഖപ്പുറ വിചിത്ര രൂപങ്ങള്‍
നേരിയ പച്ച നിഴലിട്ട തേക്കിന്‍ പൂക്കള്‍
ആരും ഗൌനിക്കുന്നെയില്ല
കാലത്തിന്റെ കാഠിന്യം ഏറ്റുവാങ്ങി
മരവിച്ചു പോയ മരം
തെക്കില ഉണങ്ങി വീഴുന്നതൊരു കാഴ്ചയല്ല
പുഴുക്കുത്തു വീണും പുള്ളിപ്പെട്ടും
ഞരമ്പുകള്‍ എഴുന്നു വരണ്ടുണങ്ങിയ ഇലകള്‍
കാരണവന്മാരുടെ പതന നിസംഗത


ഖണ്ഡിക അഞ്ച്
മുരിക്കുകള്‍
ഒറ്റപ്പെട്ട സംഭവങ്ങള്‍
മുള്ളുകള്‍ ഉള്ത്തടത്ത്തില്‍ പാകി
തൊലി പൊട്ടി പുറത്തേക്കാസകലം
കുരുതിപ്പൂ വിരിയിച്ചീ മണ്ണില്‍
കണ്ണ് കാണാത്തവര്‍
കാതു കേള്‍ക്കാത്തവര്‍ക്കു നല്‍കിയ സന്ദേശം


ഖണ്ഡിക ആറ്‌
പാഴ്മരങ്ങള്‍
ആരുടേതാണീ ചില്ലകള്‍?
ഇലയില്ലാ ചില്ലയിലിടം തേടാന്‍ അണയുന്നോര്‍
ഇരന്നു വന്നവര്‍ കുരുന്നു ജീവിതം
അഭയ വൃക്ഷവും പിഴുതെടുക്കുമോ
അതിഥി എത്തുമ്പോള്‍
കാഴ്ചാ വിരുന്നോരുക്കുവാന്‍ ?
----------------------------------------------
(മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത് 2004)
----------------------------------------------

1 comment:

ബിന്ദു .വി എസ് said...

വിഷം താനേ ഭുജിച്ചിട്ടു ,,,പ്രാണ വായു തരുന്നോന്‍ ,,,,അതാണ് മരം .മനുഷ്യനും
മരത്തിനും ഒരേ ജനിതക ഘടന ...എന്ന് കുറിച്ച കവിതയും ..മനസ്സും ....ഉദാത്തം.