Wednesday, October 26, 2011

ഹോം വര്‍ക്ക്


മാവ് കോരി ഒഴിച്ചപ്പോഴാണ്‌
ബല്ലടിച്ചത്
അരുണിമ  ഫോണില്‍ തുളുമ്പി
"ടീച്ചറെ.. "
സ്ഫടികപാത്രം ഉടയുന്ന ഇളം  ശബ്ദം
"എന്താ മോളെ ?"
രണ്ടാനച്ചന്‍ വാങ്ങിത്തന്ന
കളിപ്പാട്ടങ്ങളുടെ  വില കൂട്ടിയിട്ടും കൂട്ടിയിട്ടും
ശരിയാകുന്നില്ലത്രെ !
"അമ്മയോട് പറഞ്ഞോ?"
"അമ്മേം ചേച്ചീം പറഞ്ഞു
കണക്കു കൂട്ടലുകള്‍ തെറ്റുന്നെന്നു"
അപ്പോള്‍  ഉത്തരം എനിക്ക് കിട്ടി -
ദോശ കരിഞ്ഞ കറുത്ത മണം


Sunday, October 23, 2011

അയ്യപ്പന്‍ അനുസ്മരണം


ദൈവത്തിന്റെ കണ്ണുനീരുകുടിച്ചു ദാഹം തീര്‍ത്ത പാപിക്ക്‌
അനുസ്മരണം പത്തനംതിട്ടയില്‍ നടന്നു
"ശരീരം  നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത  നിറയെ കാല്പാടുകളും "
ഉണ്ടായിരുന്ന കവിയെ പൊതുവേ കേരളം  ഓര്‍ക്കാന്‍ വിസമ്മതിച്ചപോലെ  ..
ഒന്നോ രണ്ടോ ജില്ലകളില്‍ സാംസ്കാരിക സംഘങ്ങള്‍ കവിയെ ഓര്‍ത്തു എന്നു വാര്‍ത്ത

കവിതയില്‍ കാഞ്ഞിരം നട്ടത് കൊണ്ടാകും മരിച്ചപ്പോഴും തിരിച്ചറിയാന്‍ പഠിപ്പുള്ളവര്‍ മറന്നത് .
തെറ്റിയോടുന്ന സെക്കന്റ്  സൂചിയുടെ കാലം സ്വന്തം വാച്ചുമായി ഒത്തു പോകാത്തുകൊണ്ട് പലരും മറവി നടിച്ചതാകാം.
"ഉപ്പിനു വിഷം ചെര്‍ക്കാത്തവരും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവരും" ബലിക്കുറിപ്പുകള്‍ക്ക്  ചുറ്റും നിന്നു.
പത്തനംതിട്ടയില്‍ ഇരുപതു പേര്‍ ഒത്തുകൂടി
വട്ടം കൂടി ഇരുന്നു
അവതാരകര്‍ ഇല്ല.മുഖ്യ പ്രഭാഷകര്‍ ഇല്ല
എല്ലാവരും അനുഭവങ്ങള്‍ പങ്കിട്ടു
അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി
കണ്ണു നീര്‍ നിറച്ച ഒരു ചില്ല് പാത്രം വീണുടഞ്ഞു
അയ്യപ്പനും വന്നു ഇങ്ങനെ  പറഞ്ഞു
"മരിച്ചു പോയ മകനെ അടക്കം ചെയ്യാന്‍ വാങ്ങിയ
ശവപ്പെട്ടിയുടെ കടം
ഇതുവരെ വീട്ടിയിട്ടില്ല
പിന്നെയാണ് ഇന്നത്തെ അത്താഴം?"

Saturday, October 22, 2011

മടിയില്‍ ഒരു പകല്‍

പകല്‍മേഘങ്ങള്‍ നീല വിരിപ്പിലേക്ക് മയങ്ങാന്‍ കിടന്നപ്പോഴാണ്‌
ഞാന്‍ നിന്റെ മടിയില്‍ തലവെച്ചത്.
കടലിരമ്പം കൊണ്ടു മരങ്ങള്‍ തണല്‍ വിരിച്ചു
ഇളം കാറ്റ് നിന്റെ കണ്ണുകളില്‍  വീശുന്നുണ്ടായിരുന്നു
സംവത്സരങ്ങളുടെ ചാറു നീ എന്നിലേക്ക്‌ ഇറ്റിച്ചു
ഒരു കിളി എന്റെ നെറുകയിലേക്ക് പറന്നിറങ്ങി
അതിന്റെ ചിറകുകളില്‍ നീലയും പച്ചയും മഞ്ഞയും
കടലും വയലും വസന്തവും തലോടിയ തൂവലുകള്‍
തല ഉയര്‍ത്തി   നിന്നെ  അത്  നോക്കി
കൊത്തിപ്പെറുക്കിയെടുത്ത  
ധാന്യങ്ങള്‍ വിത്യ്ക്കാനായി
നിന്റെ നെഞ്ചിലേക്ക് അത് പറന്നു

Wednesday, October 19, 2011

നാട്ടുപാട്ട്


തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..
 
പകലിന്നാഴത്തില്‍
തുഴ വീഴ്ത്തിയടുപ്പിക്ക 
സാഗര സ്നേഹത്തിന്‍
കുളിര്‍ത്തിര  കോരുക   (തെയ്യാര..)
വാകപ്പൂത്തിരു സന്ധ്യ
മിഴിദീപം തെളിയിക്ക  (തെയ്യാര..)
കര്‍പ്പൂരത്തിരി കാന്തി,
തുളസിക്കതിര്‍ മന്ത്രിച്ചു
ചന്ദന ചൈതന്യം
അര്‍ച്ചിക്കാമന്യോന്യം   (തെയ്യാര..)
കരള്‍മൂടും കടാക്ഷങ്ങള്‍
പൊന്‍വാക്കിന്‍ സുഗന്ധങ്ങള്‍ (തെയ്യാര..)
മുടിയിഴ മെടഞ്ഞു പിന്നി
വിരലെഴുതും കാവ്യങ്ങള്‍ (തെയ്യാര..)
പെരുവിരല്‍ത്തുമ്പില്‍ നിന്നും
മുള പൊട്ടി തളിര്‍ വിരിഞ്ഞു   (തെയ്യാര..)
പൂച്ചന്തം പുടവ ചുറ്റി
മനം തൊട്ടു മധുവൂറി (തെയ്യാര..)
ഇളം ചൂടിന്‍ കടവിങ്കല്‍
മൂവന്തി മുഖം പൊത്തി (തെയ്യാര..)
നിലാവിന്‍റെ പുളകങ്ങള്‍
നിറവിന്‍റെ മുകുളങ്ങള്‍ (തെയ്യാര..)
നീയെന്നും ഞാനെന്നും
ഞാനെന്നും നീയെന്നും
കാടെന്നും  കടലെന്നും
കാറ്റെന്നും കനവെന്നും (തെയ്യാര..)
നീയല്ലോ ഞാനെന്നും
ഞാനെല്ലോ നീയെന്നും
കാറ്റിന്‍റെ കനവെന്നും
കനവിന്‍റെ കാറ്റെന്നും
പൊരുളിന്‍റെ പൊരുള്‍ 
തേടും തെയ്യാര താരാ

തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..Tuesday, October 18, 2011

ഇതിഹാസം

1.
ഒന്നുമേ മിണ്ടിയില്ലെങ്കിലും നീ
നിന്റെ കണ്ണാലെയെല്ലാമേ   ചൊല്ലി
എത്രയോ കാലം തപം കൊണ്ടുള്ളി -
ലുളി  വീഴ്ത്തി ചെത്തി കൊത്തിയ രൂപം. 

2.
പെട്ടു പോയി നിന്‍ കണ്പീലി കുരുക്കി -
ലൊട്ടു നേരം  ഇമയനങ്ങാത്ത മാത്രകള്‍ 
മിഴിയാഴത്തണുപ്പിലാഴ്ന്നകം കുളിരുമ്പോള്‍ 
വഴി തുറക്കുന്നൂ മൃദുമന്ദഹാസം.

3.
അപരന്‍റെ കണ്ണില്‍ കവിത വിരിയിക്കുവോള്‍ 
കനകമാനിനെ ഹൃദയ തടത്തിലേക്കു അയക്കുകയാണ്
ഒപ്പമൊരു അതിവേഗശരവും.
Friday, October 7, 2011

തുറന്ന ശരീരംമഞ്ഞുകണങ്ങളില്‍ കാലു നീട്ടി അവള്‍ .
നഗരത്തില്‍ വിടര്‍ന്ന പുലരിപ്പൂവ്
ആര്‍ക്കോ കണി ഒരുക്കിയപോലെ

രാത്തുടുപ്പില്‍  അഴിഞ്ഞു പോയവള്‍ .
നഗ്നരശ്മികള്‍ ജാലകം തുറന്നു ഒഴുകി
മാറിടം മാനം  നോക്കി കിടന്നു
അടയാത്ത കണ്ണുകളില്‍ ഓടിക്കിതച്ച ദൂരങ്ങള്‍

തുറന്ന ശരീരം
ജീവിതത്തില്‍ ഇനി ഒന്നും മറച്ചുവെക്കാനില്ല

ദര്‍ശനം
ഈച്ചക്കൂട്ടം പൊതിയാന്‍ തുടങ്ങി
അസംഖ്യം കണ്ണുകള്‍
ഭോഗാസക്തിയോടെ  പഴിപറഞ്ഞു സഹതപിച്ചു
ആരോ വാക്ക് പൊത്തി തെറി പറഞ്ഞു

അജ്ഞാത -അതാണ്‌ പേര്‌
മലയാളത്തില്‍ അപമാനിക്കപ്പെട്ട വാക്കുകള്‍ക്കു കുറവില്ല

ഉന്തു വണ്ടിയിലേക്ക്  തൂക്കിയെടുത്തിട്ടപ്പോള്‍
വേറെയും ..
എല്ലാം തുറന്ന ശരീരങ്ങള്‍
വാഗണ്‍ ട്രാജഡിയിലേക്ക്
കമിഴ്ന്നു വീണവര്‍ .
യുദ്ധത്തിന്റെയും കലാപത്തിന്റെയും നാടുകളില്‍ മാത്രമല്ല
ഗന്ധകം  തുളച്ചെരിഞ്ഞ പെണ്ണിടങ്ങള്‍

ശാന്തികവാടത്തിലേക്ക് അവര്‍ കടക്കുമ്പോള്‍
"ആത്മവിദ്യാലയമേ" പാടിയിരിക്കാം .
വൈദ്യുതിയുടെ അനുകമ്പ.. സ്നേഹം .
"എല്ലാം കഴിയാന്‍ ഏറെ സമയം വേണ്ട "
ക്യൂ നില്പോര്‍ക്കുള്ള സന്ദേശം
അവര്‍ ചിതാഭാസ്മത്ത്തില്‍ കുറിച്ചു

Saturday, October 1, 2011

പച്ചപ്പാഠം

അമ്മത്തൊട്ടിലില്‍   
വൃക്ഷകുലപതികളുടെ മഹാപാരമ്പര്യമുള്ള 
ചെറുപൈതല്‍ച്ചെടി .

നേര്‍മയേറിയ മണ്‍തരികളുടെ  വാത്സല്യതടത്തിലേക്കു   
ഇളം ചുവടുകള്‍ താഴ്ത്തിയില്ലതിന്‍ മുന്‍പേ 
അറക്കവാളിന്റെ മുരള്‍ച്ച വീശി .
തടയും മുമ്പേയറ്റു  നിലവിളിയുടെ ഹസ്തങ്ങള്‍ .
തടത്തില്‍ നനവ്‌ ചുവന്നു.

ഓരോ വിരലിലും പച്ച പൊടിഞ്ഞു.
സൂര്യഗീതം പാടിയഞ്ചു ശാഖകളും തളിര്‍ത്തു .
കൈമരത്തില്‍ സ്നേഹ കാവ്യങ്ങള്‍ വിരിഞ്ഞു. 
"വനമാകട്ടെ "കുഞ്ഞുങ്ങള്‍ കൊതിപറഞ്ഞു
അറക്കവാളും കൊതി നുണഞ്ഞു
"വനമാകട്ടെ "