Sunday, October 31, 2010

അന്ധമലയാളം

നവംബര്‍ ഒന്ന്
കസവുടുത്ത പുലരി
ആരോ മുട്ടിവിളിക്കുന്നു.
ഒളിനോട്ടത്തില്‍ കണ്ടു
നാല് പേര്‍
വാക്കും മൂക്കും പൊത്തി കണ്ണും കാതും കെട്ടി
ഇടിമുഴക്കത്തെ വിളറിയനിലാവില്‍ പൊതിഞ്ഞാഴ്ത്തിയ
മലയാളം മണ്ണിളക്കി അലങ്കാരചെടി നട്ട്
തിരുവാതിര കൊട്ടി ചുറ്റി കളിക്കണം ഇന്ന്


സദസ്സിനു നമസ്കാരം പറയുമ്പോള്‍
ശ്വാസംമുട്ടി കൈകാലിട്ടടിച്ച്‌ കണ്ണ് തുറിച്ച ഒരു
പ്രേതപ്പുലരി ശിരോവസ്ത്രമില്ലാതെ....
മാന്യ വിശിഷ്ടദേഹങ്ങള്‍ക്ക് ഉള്ളു തണുക്കാന്‍
കുപ്പിയില്‍ അതേ കിണര്‍ ജലം


വൈകിട്ട് വീണ്ടും മുട്ടി വിളിക്കുന്നു
ഒളി നോട്ടത്തില്‍ കണ്ടു
അവര്‍ നാല് പേര്‍.
രണ്ട് വിശ്വാസികള്‍
രണ്ട് കമ്മ്യൂനിസ്ടുകാര്‍
വര്‍ഗീസ്‌
രാജന്‍
മൌലവി
അഭയ
അഴുകാത്ത നാല് ജഡങ്ങള്‍
പരാജിത ന്യൂനപക്ഷം

Thursday, October 28, 2010

തോല്‍വിജയം


തോല്‍വിയാണ് ജയം
അതില്‍ രക്തസാക്ഷിയുടെ കയ്യൊപ്പുണ്ടെങ്കില്‍
വിനയത്തിന്‍ വെളിച്ചമുണ്ടെങ്കില്‍
പുലരിയുടെ വിത്തുന്ടെങ്കില്‍
പച്ചക്കാവിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ പഴുത്ത കരാര്‍ ഇല്ലെങ്കില്‍

അടിമ വംശത്തിന്റെ വിയര്‍പ്പിലൂടെ
സൂര്യന്‍ തപിപ്പിച്ച കരിമണ്ണില്‍
മുളയ്ക്കുന്ന കണ്ണുകളിലേക്കു
ഒരു പൈതല്‍ കൈ പിടിച്ചു നടത്തുന്നു

കൈത്തലങ്ങളിലെ നേര്‍രേഖകളില്‍
വിയര്‍പ്പിന്റെ വാദങ്ങളില്ലാത്ത്തവര്‍
അവരെ ഒപ്പം കൂട്ടരുത്

ഏറ്റുമുട്ടി പോരുവീര്യം കുറുകിയ നെഞ്ചകം
ഓര്‍മകളുടെ നിലവിളികള്‍ കൊണ്ട് പൊതിയുക.--------------------------------------------------

Monday, October 25, 2010

വള്ളിചെരുപ്പ്


ഓര്‍മയുടെ തിരയനക്കമലിയുന്നു
ആകാംക്ഷ ആഴം കൂട്ടി.
ജലത്തില്‍ ആകാശം കരി നീലിച്ചു


ഊരി വെച്ച രണ്ടു കമ്മലുകള്‍
നിശബ്ദതയ്ക്കു കാവല്‍ നിന്നു
ഒരു താലി ചരട് ചുരുണ്ട് കൂടി
തല പൂഴ്ത്തി കിടന്നു.
അറ്റ് വീണ കണ്ണീര്‍ തുള്ളി
ജലത്തിലേക്ക് കൈ നീട്ടി.


സ്നാന ഘട്ടത്തില്‍ മുങ്ങാം കുഴിയിട്ട് പോയ
ജീവിതപ്പിടച്ചിലിന്‍ മിന്നായം കണ്ടു
മത്സ്യങ്ങള്‍ അന്ധാളിച്ചു


ഉടലിറങ്ങിപ്പോയ വഴി
പുഴ ഒന്നിളകി കിടന്നു.


കടവില്‍ ഉപേക്ഷിക്കപ്പെട്ട വള്ളിചെരുപ്പു
സമയം തേഞ്ഞു പോയിട്ടും
കാത്തു കാത്തു കിടന്നു..

Saturday, October 23, 2010

കാഞ്ഞിരം


മോര്‍ച്ചറിയിലെ അജ്ഞാത ജഡമാണ് കവിത

Friday, October 22, 2010

മംഗലവാരം


ഒന്നാം ദിനം :
പുതു മണം ഉള്ളവള്‍ പുതു മണവാട്ടി.
പൂമണം പുടവ മണം പൂമേനി മണം
ഉടലാകെ മണമുള്ളോള്‍
ഉടയാത്ത മണമുള്ളോള്‍
.
രണ്ടാം ദിനം :
തേന്‍ മണമെന്നു രുചിച്ചു പറഞ്ഞത്
കാറ്റോ കരളോ.? പോന്നോ പൊരുളോ ?

മൂന്നാം ദിനം :
പാറ്റി എടുത്തത് രാവോ പകലോ?
ഊറ്റി എടുത്തത് തെറ്റോ വറ്റോ?

നാലാം ദിനം :
മുറ്റം ചുറ്റി ചുറ്റി കൂനി കുറുകിയ നിഴലിന്‍
ചുവടടയാളം തേടി പുതു മണ്ണില്‍ കണ്ണ് തളര്‍ന്ന നിലാവ്.

അഞ്ചാം ദിനം :
മുടിയഴകില്‍ ചൂടിയ ഗന്ധം വാടി
മുടിയിഴയില്‍ ഇഴയും ചുരുള്‍പ്പുക ‍
ഫണമാടും കെട്ട മണം
കെട്ടിയ കെട്ടഴിയും പഴമണം

ആറാം ദിനം:
പൊട്ടിച്ചിരിയുടെ സ്വരതന്തുക്കള്‍
പണയം വെച്ചിട്ടവധി മുടക്കി
മടങ്ങിയ പാതി.

ഏഴാം ദിനം :
ക്ലാവ് പിടിചോരെച്ചില്‍ കിണ്ണം
കൊത്തിപ്പിളരും കൊക്കിന്‍ താഴെ
സുമംഗലവാരം ചാരം
Wednesday, October 20, 2010

സ്കൂള്‍ മ്യൂസിയം
ഒരുക്കണമൊരു മ്യൂസിയം സ്കൂളില്‍
ചര്‍ച്ചകള്‍ തീര്‍പ്പുകള്‍ തിരച്ചില്‍ വഴിചൂണ്ടലുകള്‍..
ശേഖരിക്കാം പുരാവസ്തുക്കള്‍, ലിഖിതങ്ങള്‍
മറവിരോഗം ആശ്ലേഷിച്ച കാലങ്ങള്‍. ..


സ്ലേറ്റുകള്‍, കല്ലുപെന്‍സില്‍, മുറിവര്‍ണ ചോക്കുകള്‍
അഖിലാണ്ഡമണ്ഡലം അണിയിച്ചോരുക്കുമിളം കണ്ഠങ്ങള്‍
വട്ടം ചുറ്റുമരപ്പാവാടപ്പച്ചകള്‍, രാഖി കെട്ടാത്ത ഇടനാഴിക്കണ്‍ തിളക്കം.
ക്ലാസ് കയറ്റം കിട്ടാത്തോര്‍മതഴമ്പുകള്‍ മിനുങ്ങും ബഞ്ചുകള്‍.


പര്‍ദയിടാത്ത സ്റ്റാഫ് റൂം കിലുക്കങ്ങള്‍,
"ദൈവമേ കൈ തൊഴാം" ഓര്‍മയിടറും നാരായണി ടീച്ചര്‍,
നാലുകോളം തടവിലാത്മഹത്യ ചെയ്ത അപ്പുമാഷിന്‍
നാട്- ട്രാന്‍സ്ഫര്‍- ശിപാര്‍ശ -ടീച്ചിംഗ് നോട്ടുകള്‍


ഇടവപ്പാതിയില്‍ ചേമ്പിലക്കുടയില്‍ തോളുരുമ്മും തുള്ളികള്‍.
വള്ളിനിക്കറിന്‍ കുങ്കുമം തൊടാത്ത കാവി സ്നേഹങ്ങള്‍.
തുട ഞെരുങ്ങും സ്വര്‍ഗാരോഹണങ്ങള്‍
അര്‍ദ്ധവിരാമങ്ങള്‍, ഡാഷുകള്‍, ചേരും പടി ചേരാത്ത
ചൂരല്‍ മുഴക്കങ്ങള്‍ ബ്രാക്കറ്റില്‍ തെറ്റിയ ചെങ്ങാത്തങ്ങള്‍ ‍
നിശബ്ദ താഴ്വാരങ്ങള്‍ ഓട്ടോ ഗ്രാഫുകള്‍ ..


നഗരത്തിരക്കില്‍ കൌതുകം തിരയും പേരക്കുട്ടികള്‍
മ്യൂസിയത്തിന്‍ കവാടം, ശിഷ്യന്‍ മുറിക്കും പ്രവേശനക്കുറി
കണ്ടൂ ആക്കറിക്കൂട്ടങ്ങളില്‍ ശാരിക പൈതല്‍ കൊഞ്ചിയ മലയാളം,
അഡ്മിഷന്‍ രജിസ്ടര്‍, നടുവിലായി തുരുമ്പിച്ചവിദ്യാലയംSunday, October 17, 2010

മലയാള മരങ്ങള്‍.


(ഒന്നര പുറത്തില്‍ കവിയാത്ത ഉപന്യാസ കവിത )
വിഷയം :മലയാള മരങ്ങള്‍.


നോക്കൂ, മരങ്ങള്‍
മലയാളിയുടെ അതേ ജനിതക ഘടന.


ഖണ്ഡിക ഒന്ന്
റബ്ബര്‍-
വെണ്നുരപ്പാലൂട്ടിയെടുത്തന്ത്യ ജീവിതം
തടിവില പേശാന്‍ നിന്നു കൊടുക്കും പശുമരങ്ങള്‍
കറവയും അറവും കര്‍മജാതകം ഉറ ഒഴിച്ചെടുത്തചിലിട്ട ജീവിതം
വിലയിടിയുമ്പോള്‍ ശപിച്ചു നീട്ടുന്നു
ഗള്‍ഫുകാരന്റെ വരവ് പോലെ
വില അറുപതു കഴിഞ്ഞാലല്പകാലം അരുമമരങ്ങള്‍
പ്രഭാത വാര്‍ത്തകളില്‍ നിത്യവും
ഇരട്ടത്തലയുള്ള കത്തി സ്പര്‍ശം
അകിടില്‍ മുറിവുമായി മരങ്ങള്‍ നിരന്നു നില്‍ക്കുന്നു.


ഖണ്ഡിക രണ്ട്
തെങ്ങ്
ഒറ്റപ്പെട്ടവര്‍,കൂട്ടുകാരില്ലാത്തോര്‍
നഗര ലോഡ്ജിലെ ഏകാകി വൃക്ഷങ്ങള്‍
ഒറ്റത്തടി ജീവിതം
കാറ്റ് വീണ നാട്ടിന്‍ പുറങ്ങളില്‍
എല്ലാം കണ്ടും കെട്ടും തലയാട്ടി മൌനം
കഴുത്ത് നീട്ടി കിതച്ചു നില്‍ക്കുന്നു.
തൊലിയൊട്ടിത്തളര്‍ന്ന കാസരോഗിയുടെ
വാരിയെല്ലുകള്‍ പോലെ
ഓലകളുടെ ഉയര്‍ച്ച താഴ്ചകള്‍.


ഖണ്ഡിക മൂന്ന്.
പ്ലാവ്
പ്രാരാബ്ധം വിണ്ടു കീറിയ പോളകള്‍ക്കുള്ളില്‍
അശാന്തിയുടെ ചെറു ചെറു പ്രാണനും ചൊരിഞ്ഞു
പാതാള വെള്ളം ഊറ്റിയെടുത്തു പിടിച്ചു നില്‍ക്കുന്നൂ
കൊടുങ്കാറ്റില്‍ എന്നമ്മ പോലെ ..
എത്രപേരെ ഊട്ടി വളര്‍ത്തി?
വിഷുവിനും ഓണത്തിനും ഇടവേള ബന്ധങ്ങള്‍
മധുരവും മറക്കാമതിവേഗം-അതുമൊരു പെരുമ.


ഖണ്ഡിക നാല്.
തേക്ക്
കരുത്തുണങ്ങിയ കായ്കള്‍ പൊട്ടിച്ചു
കുട്ടികള്‍ അന്വേഷിക്കാറുണ്ട്‌-
രുചി ഭേദങ്ങളുടെ വെളുത്തു കുറുകിയ കഥകള്‍
തേക്കിന്റെ കുസൃതിയും വിസ്മയവും
ബാല്യവും വാര്ധക്യവുമാണ്.
ഇളന്തണ്ടുമിലയും ചുവപ്പിച്ച കൈരേഖകള്‍
നഖപ്പുറ വിചിത്ര രൂപങ്ങള്‍
നേരിയ പച്ച നിഴലിട്ട തേക്കിന്‍ പൂക്കള്‍
ആരും ഗൌനിക്കുന്നെയില്ല
കാലത്തിന്റെ കാഠിന്യം ഏറ്റുവാങ്ങി
മരവിച്ചു പോയ മരം
തെക്കില ഉണങ്ങി വീഴുന്നതൊരു കാഴ്ചയല്ല
പുഴുക്കുത്തു വീണും പുള്ളിപ്പെട്ടും
ഞരമ്പുകള്‍ എഴുന്നു വരണ്ടുണങ്ങിയ ഇലകള്‍
കാരണവന്മാരുടെ പതന നിസംഗത


ഖണ്ഡിക അഞ്ച്
മുരിക്കുകള്‍
ഒറ്റപ്പെട്ട സംഭവങ്ങള്‍
മുള്ളുകള്‍ ഉള്ത്തടത്ത്തില്‍ പാകി
തൊലി പൊട്ടി പുറത്തേക്കാസകലം
കുരുതിപ്പൂ വിരിയിച്ചീ മണ്ണില്‍
കണ്ണ് കാണാത്തവര്‍
കാതു കേള്‍ക്കാത്തവര്‍ക്കു നല്‍കിയ സന്ദേശം


ഖണ്ഡിക ആറ്‌
പാഴ്മരങ്ങള്‍
ആരുടേതാണീ ചില്ലകള്‍?
ഇലയില്ലാ ചില്ലയിലിടം തേടാന്‍ അണയുന്നോര്‍
ഇരന്നു വന്നവര്‍ കുരുന്നു ജീവിതം
അഭയ വൃക്ഷവും പിഴുതെടുക്കുമോ
അതിഥി എത്തുമ്പോള്‍
കാഴ്ചാ വിരുന്നോരുക്കുവാന്‍ ?
----------------------------------------------
(മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത് 2004)
----------------------------------------------

Friday, October 15, 2010

തുള്ളി

കാശി കഥയിലെ അരക്ഷിത നേരം
കരിയില കേഴും വഴിയില്‍
കുതിര്‍ന്ന പ്രാണന്‍ ശപിച്ച വേവില്‍
മൌനമുറഞ്ഞ മഴത്തുള്ളി
അത് ഞാനാണല്ലോ


ഊറ്റം കൊണ്ടൊരു തിരയില്‍
കൂറ്റന്‍ കരിമേഘങ്ങള്‍ കൊമ്പില്‍
കോര്‍ത്തു കുതിക്കും
കാറ്റിനു നേരെ വീര്യം കാട്ടി
തോറ്റുതകര്‍ന്ന മഴത്തുള്ളി
കിലുങ്ങിയമര്‍ന്നമിഴിത്തുള്ളി
ചോര പ്പുഴയായ് ഒഴുകിയ പെണ്‍ തുള്ളി


തൊട്ടാല്‍ പൊട്ടും പ്രായം കോറിയ
മാതംഗിക്കുംദാഹം .
ഉള്ളിലുദിക്കും ഉച്ചവെളിച്ചം
മൊത്തിയമര്ത്താന്‍മോഹം .
നീട്ടിയ കുമ്പിളില്‍ പിടഞ്ഞു തുള്ളി
പ്രണയത്തിന്റെ പെരുംതുള്ളി


മുറിഞ്ഞു പൊള്ളിയയമ്മക്കുരലില്‍
ചെറു തണുവും പകരാനാരും ചെന്നില്ല .
ഇന്നുമൊരഴലിന്‍ കടമായ് നീറ്റുന്നു
ഒരിലത്തുമ്പിലുമല്പ്പം താങ്ങു
ലഭിക്കാതലയും പാപത്തുള്ളി .


ആഴക്കിണറിന്‍ ശാന്ത തപസ്സില്‍
സ്ഫടിക മനസ്സിന്‍ ശാന്തതയില്‍
ചെന്നു പതിക്കെ തനുവും
പൊട്ടി പ്പിളരുന്നു ശ്വാസം
കിട്ടാ ജീവന്‍ ചിതറി പ്പായുന്നു
അത് ഞാനാണല്ലോ ചലനം
ചത്തു കിടക്കും ചെറു തുള്ളി


മഴയുടെ നീണ്ട ഞരക്കത്ത്തില്‍
അമ്മക്കനവും വീണു തപിക്കെ
തന്നെ ത്തന്നെ ബലിയായ് നല്‍കിയ
സ്നേഹത്തിന്‍റെ നിണത്തുള്ളി .