Tuesday, March 27, 2012

എത്ര മേഘങ്ങള്‍

മഹാനദി തെളിനീരമൃതധാരയില്‍
തളിര്‍പ്പിചെടുത്തോരീ തട-
മെന്റെയും നിന്റെയും .

കായ്പറിച്ചും കല്ലുകൊത്തിയും
കല്ലോലനീരില്‍ തരംഗമായിത്തുടിച്ചും
കുസുമദലവഞ്ചിയില്‍ ഹൃദയം തുഴഞ്ഞും
മിന്നും കല്ലുമാലക്കനവ് ചാര്‍ത്തിയും
ഉള്‍കാതില്‍ തുളസിനേരിന്‍  മന്ത്രങ്ങളായതും
പരസ്പരം രാപ്പാട്ടായി പകര്‍ന്നതും
ഒരു മെയ്മരം തണല്‍ശാഖ  വിരിച്ചതും ..
ഈ നെഞ്ചിന്‍തടമെന്റെയും നിന്റെയും

പുലരി ചി
കടിച്ചെത്തിയോതുന്നൂ നിത്യവും  
'ഈ  മഴവില്ലിനുമേഴു വര്‍ണങ്ങള്‍
എത്ര മേഘങ്ങള്‍ വന്നു പോയാലും '


മാനസവര്‍ണങ്ങള്‍ കൊഴിയും ചിനാര്‍ മരങ്ങള്‍

വിലാപവിരലുകള്‍  നീട്ടും ശിശിരം
മൌനം മഞ്ഞുവീഴ്തും മാനം
ഇളം ചൂട് ചത്തു വിളറിപ്പൊന്തും
സൂര്യന്‍ കണ്ണു താഴ്ത്തി ചോദിക്കുന്നു
നെഞ്ചിന്‍ചൂടില്‍ തല ചേര്‍ത്തു
വിരല്‍ തൊട്ടെണ്ണുമ്പോഴും ഉള്ളിലൊരു
ഹിമശൈലമുരുകാതെ സൂക്ഷിച്ചുവോ നീ  ?
വെളിച്ചത്തിന്‍ നാവു വറ്റുന്നുവോ  ? 


 

Saturday, March 3, 2012

കടല്‍ദാഹം

തിരമാലകള്‍  കൈകള്‍  ഉയര്‍ത്തി  
ശിരസില്‍  തൊട്ടു  അനുഗ്രഹിച്ചു
പിന്നെ  തഴുകി
അപ്പോള്‍  എന്റെ  കടലിന്‍  തിരവലയത്തില്‍ 
ഒരാള്‍കൂടി  ഉണ്ടായിരുന്നു .
2
തീരം  സന്ധ്യയോടു  രഹസ്യം  പറഞ്ഞു
ഇവള്‍ക്കിന്നു  തിടുക്കം
വേഗം  മടങ്ങാന്‍  വന്നോള്‍
എന്നാല്‍  ..
ഒന്ന് സ്നേഹിച്ചാലോ
തീരത്തിട്ട ഇടറി
ഉടല്‍ ഉതിര്‍ന്നു 
തിര പുതപ്പിച്ചു
ഇനി

വിവ്സ്ത്രയുടെ  സന്ധ്യയിലെ  സൂര്യന്‍ 
3 .
രക്തം മുറിച്ച തിരയില്‍
അടയാളങ്ങള്‍  
അത് 
ചുണ്ട് മുറിഞ്ഞവന്റെ ചുംബനം പോലെ 
ദാഹത്തെ നിറയ്ക്കുന്നുണ്ടായിരുന്നു