Monday, September 10, 2018

കാക്കി നിക്കര്‍


അമ്മ പത്രക്കടലാസില്‍ പൊതിഞ്ഞാണ് കൊണ്ടുവരിക
പൊതിയഴിക്കുമ്പോള്‍
പുത്തന്‍മണം
വളളിനിക്കര്‍..
കൊതിയോടെ ഇട്ടു നോക്കും
അമ്മയുടെ മുന്നില്‍ തിരിഞ്ഞു മറിഞ്ഞും നില്‍ക്കും
തയ്ചത് കൊളളാം. അടുത്ത വര്‍ഷോം ഇടാം
കാക്കിയല്ലേ ഉടനെങ്ങും കീറില്ല
അമ്മ ദീര്‍ഘദര്‍ശനം ചെയ്യും.
ഈ കാക്കി നിക്കര്‍ എന്റെ കുട്ടിക്കാലത്തിന്റെ
ആല്‍ബമാണ്.
ശരിക്കും പറഞ്ഞാല്‍ അന്ന്
കാക്കിനിക്കര്‍പ്പോക്കറ്റ് ഒരത്ഭുതം തന്നെയാണ്

എന്തെല്ലാമാണ് അതിലുണ്ടായിരുന്നതെന്നോ?
മൂന്നു കുഴികളിലുന്നം പിടിച്ച ഗോലിക്കുതിപ്പ്,
നെഞ്ചുരച്ച് കയറിയടര്‍ന്ന നെല്ലിക്കാമധുരം
കല്ലേറിന്റെ ഊക്കറിഞ്ഞ പറങ്കിയണ്ടിച്ചുന,
കാത്തുപ്രാര്‍ഥിച്ചു കിട്ടിയ കൊതിപ്പാതിയുടെ
ഓര്‍മയായൊട്ടിയമാങ്ങാക്കറ,
കരിയെഴുതിയ കുന്നിക്കുരുക്കൂട്ട്,
പൊട്ടിക്കരഞ്ഞ പട്ടച്ചരട്,
ഈര്‍ക്കില്‍ മുനയില്‍ നൊന്ത മച്ചിങ്ങാക്കൂട്ടം,
പുഴയില്‍ മുങ്ങിക്കുളിച്ചു മിനുസപ്പെട്ട ഉരുളന്‍ കല്ല്,
കൂട്ടുകാരിക്ക് കരുതിയ പകുതി കടിച്ച പേരയ്ക
തോടന്‍പുളിയുടെ പൊടിഞ്ഞ തോടുകള്‍
അപ്പൂപ്പന്‍ താടിയുടെ ഇഴപിരിവുകള്‍,
ഉത്സവപ്പറമ്പിലെ വര്‍ണക്കടലാസുകള്‍
തീപ്പെട്ടിച്ചിത്രങ്ങളിലെ പക്ഷികള്‍, മൃഗങ്ങള്‍
അതെ എന്റെ കാക്കി നിക്കര്‍പ്പോക്കറ്റിലന്ന്
സ്വപ്നം സ്വപ്നത്തെ കണ്ടിരുന്നു

ശരിക്കും പറഞ്ഞാലിന്നും
കാക്കിനിക്കര്‍പ്പോക്കറ്റ് അമ്പരപ്പിക്കുന്ന ഒരു അത്ഭുതം തന്നെയാണ്

എന്തെല്ലാമാണ് അതിലുളളതെന്നോ?
ഇളം നെഞ്ചു പിടച്ച തൃശൂലമാതൃക 
രുദ്രാക്ഷങ്ങളുടെ സമാധിനേത്രങ്ങള്‍
ചിന്നിച്ചിതറിയ അവയവങ്ങളില്‍ നിറംകൊണ്ട രക്തചന്ദനക്കഷണങ്ങള്‍
അവിശ്വാസിയുടെ കണ്ടതാളം മുറുക്കിയ കരിഞ്ചരടുകള്‍
ഹൃദയത്തിനു നേരെ കൈകൂപ്പിയ വെടിയുണ്ട
അധസ്ഥിതദൈവത്തിന്റെ അറ്റു പോയ അനുഗ്രഹവിരല്‍
എങ്ങലടികളുടെ ശിക്ഷാബന്ധനം
സ്നേഹചുംബനക്കൊതികളെ കൊത്തിച്ച തച്ച
കുറവടിതാണ്ഡവനടനക്കാഴ്ചകളുടെ പെന്‍ഡ്രൈവ്
ഗസല്‍സന്ധ്യയ്ക്  മീതേ പൊഴിച്ച കുറുനരിക്കൂവല്‍ വിസില്‍
ഭാരംകൊണ്ട് ഭാരതഭൂപടം പോലെ താഴേക്ക് തൂങ്ങിയ പോക്കറ്റ്
അതെ കാക്കി നിക്കര്‍പ്പോക്കറ്റിലിന്ന്
ദുസ്വപ്നം ദുസ്വപ്നത്തെ കാണുന്നു

3 comments:

Preetha Tr said...
This comment has been removed by the author.
Preetha tr said...

ഹർത്താൽ പ്രമാണിച്ച് മാഷിന്റെ കവിതകൾ വീണ്ടും കാണാൻ സമയം കിട്ടി. അവസാന വരി ദുസ്വപ്നം ദുസ്വപ്നത്തെ കാണുന്നു എന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണല്ലോ കേരളത്തിന്റെ പോക്ക് എന്നോർത്തു. വെടിയുണ്ടകൾക്ക് നേരേ കൈകൂപ്പുന്ന ഹൃദയങ്ങൾ അതിർത്തിയിൽ. ഒരു കുടുംബത്തിൽ നഷ്ടപ്പെടുന്ന കണ്ണീർ മാറ്റാൻ അടുത്ത കുടുംബത്തിന്റെ ഹൃദയത്തിൽ കത്തിവയ്ക്കൽ. എന്തെല്ലാം നമ്മുടെ നാട്ടിൽ കാണുന്നു? കവി കാലത്തിന് മുമ്പേ ചിന്തിക്കുന്നവൻ എന്ന് ഓർമ്മിപ്പിക്കുന്ന കവിത.

Unknown said...

നല്ലെഴുത്ത്