Friday, July 17, 2015

മൗനത്തെക്കുറിച്ച് വീണ്ടും


നന്നേ ചെറുപ്പത്തിലേ
എനിക്ക് കിട്ടിയ സമ്മാനമാണ്
ആരാണ് ഇളം കൈയില്‍ വെച്ചുതന്നതെന്നറിയില്ല
നാളിതുവരെ കൈവിടാതെ  സൂക്ഷിച്ചു.

ഒരിക്കല്‍ നീ ആ പൊതി അഴിച്ചുനോക്കിയതാണ്
കണ്ടത് മറ്റൊന്നുമല്ല-
മഴ കഴിഞ്ഞു പെയ്യുന്ന തോരാത്ത മൗനം
വെളിച്ചം മുട്ടിനിലവിളിച്ചിട്ടും തുറക്കാത്ത ഒററമുറി
ശബ്ദങ്ങള്‍ ചിറകൊതുക്കുന്ന സന്ധ്യയുടെ രഹസ്യം
മച്ചില്‍ ഇരുള്‍ വലനെയ്യുമ്പോള്‍ കാത് കണ്ടെടുത്ത സത്യം

മിണ്ടാച്ചെക്കനൊപ്പം മൗനവും വളരുന്നതറിഞ്ഞിട്ടും നീ ചോദിച്ചു
"ഒന്നുരിയാടിക്കൂടേ? എപ്പോഴും ഞാന്‍ തന്നെ പറയുന്നു ,വിളിക്കുന്നു
നീ ഒന്നും പറയുന്നില്ലല്ലോ , അറിയുന്നതായി നടിക്കുന്ന പോലുമില്ലല്ലോ"

പെണ്ണേ,
എനിക്കറിയാം
മൗനവും പ്രണയമാണെന്ന്
പ്രണയവും മൗനമാണെന്ന്

ഒരിക്കല്‍ കാക്ക കരയുന്ന പ്രഭാതത്തില്‍
എന്റെ കൈകളില്‍ നിന്നും അത് ഊര്‍ന്നുപോകാം
അല്ലെങ്കില്‍ മൗനത്തിന് എന്നെ നഷ്ടപ്പെടാം
അന്ന്
നിന്റെ ചുണ്ടുകളിലെ വിതുമ്പലുകളില്‍
എന്റെ മൗനം ചുണ്ടുകള്‍ അമര്‍ത്തും.
നീ നാളിതുവരെ ആഗ്രഹിച്ചതെല്ലാം അതിലുണ്ടാകാം
ഒരു തുളളി ജീവിതത്തെ നിശബ്ദതകൊണ്ട് തന്നെ സംസ്കരിക്കും



Monday, June 1, 2015

മരതകമൗനം


കാലം അസ്തമിച്ചപ്പോള്‍ വിടര്‍ന്ന പൂവിന്റെ ജന്മമുഹൂര്‍ത്തമായിരുന്നു എന്റേതും.
ശോകത്തിന്റെ പച്ചിലയില്‍ കിടത്തിയാണെന്നെ അമ്മ കുളിപ്പിച്ചത്
കണ്ണീരു കൈക്കുമ്പിളില്‍ കോരി തിരിച്ചും മറിച്ചുമെന്നെ
നനച്ചെടുത്തപ്പോള്‍ ഒപ്പം കരഞ്ഞുപോയി.

വാഗ്ദാനങ്ങളുമായി സന്ധ്യാദീപം
എന്നും മോഹിപ്പിക്കാനുണ്ടായിരുന്നു
കല്ലുപെന്‍സില്‍ ,മഷിത്തണ്ട്, വക്ക് പൊട്ടിയ സ്ലേറ്റ്
ഇതിനപ്പുറം ആരോടാണ് ഞാന്‍ സംസാരിച്ചിട്ടുളളത്?

പാതി വേവുംമുമ്പേ ഊറ്റിപ്പകര്‍ന്ന വറ്റുകള്‍ക്ക്
പിറന്നാളിന്റെ നിറമായിരുന്നു.
കുപ്പി വിളക്കിന്റെ മഞ്ഞളിച്ച മുഖം
നിഴലുകളായി പിരിഞ്ഞഴിഞ്ഞുവീഴുന്നത് പോലെ ബാല്യം.

ആഗ്രഹങ്ങളുടെ ദാഹജലം ചുണ്ടില്‍ വഴുതിത്തൂവി.
ജന്മാനുഗ്രഹമാകാം.
അരളിയിലകളുടെ അടിയില്‍ ആരും കാണാതെ സൂക്ഷിച്ച
മരതകമൗനം ഒരിക്കല്‍ ഹൃദയത്തില്‍ ചിറകടിക്കുമെന്ന്
നീ ആശ്വസിപ്പിച്ചുകൊണ്ടേേേേയിരിക്കുന്നു.

Tuesday, May 26, 2015

മറന്നിട്ടില്ല


കണ്ണെത്താദൂരത്തിരുന്നു തലോടിയ വിരലുകളെ
കാതില്‍ പറയാന്‍ കൊതിച്ച രഹസ്യങ്ങളെ
ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ട പോയ കണ്‍തിളക്കത്തെ
കൊടുങ്കാറ്റിലുലഞ്ഞിടറിയ കടുംപ്രണയനിമിഷങ്ങളെ

കടല്‍ പുഴയോട് ചോദിച്ചറിഞ്ഞ വിശേഷങ്ങളില്‍
വെളുത്ത പരലുകളായി നമ്മുടെ ആഗ്രഹങ്ങള്‍
അലിയാന്‍ കിടപ്പുണ്ടാകാം.
ശംഖുകളുടെ രഹസ്യഅറകളില്‍ അവ കൈകോര്‍ത്ത്
ലയിച്ചു കിടക്കട്ടെ.

നാമൊരിക്കലും പരസ്പരം കണ്ടമുട്ടാത്തവരാണെന്ന്
എല്ലായ്പോഴും പറഞ്ഞ് നീ എന്റെ നെററിയിലുമ്മ വെച്ച്
ഇനി കാണില്ലെന്നു യാത്ര പറഞ്ഞതെത്രതവണ?
എന്നിട്ടും നിന്റെ പരിഭവങ്ങളുടെ മടിത്തട്ടില്‍ തണലു വീശുന്നല്ലോ.

ആരാണാദ്യം മറക്കുക എന്ന് ചോദിച്ചുചോദിച്ചു നീ
കലഹിക്കുന്നതെന്തിന്?
ആരാണാദ്യം മായ്കുക എന്നു ചോദിച്ചു കരയുന്നതെന്തിന്?
മരണവാര്‍ഷികത്തിലും നിന്റെ പുഷ്പങ്ങള്‍ക്കായി ഞാന്‍
കാത്തിരിക്കില്ലേ?