Monday, February 28, 2011

ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം

ചുണ്ടുകളില്‍ മൂന്ന് തുന്നലിട്ടു സ്റ്റിക്കര്‍ ഒട്ടിച്ചു
മുന്നില്‍ കഴുത്ത് ഞെരിഞ്ഞു പിടയുന്ന വാക്ക്
കണ്ണുകളില്‍ കടന്ന സിറിഞ്ച് ഊറ്റിയെടുത്തത്
കാടും കടലും പുലരിയും സന്ധ്യയും നിലാവും
തുളസിക്കാഴ്ചകള്‍ അര്ചിച്ച യാത്രകളും

പാതി വഴിയില്‍ വെച്ച് പാദത്തില്‍ ആണിയടിച്ചു
ഇനി അന്വേഷിക്കരുത്.മടങ്ങരുത് നീങ്ങരുത്...

ആകാശവും ഭൂമിയും അതിരിട്ടു
കരയും കടലും വേര്‍പെട്ടു
വെളിച്ചം കടഞ്ഞു രാവും പകലും മുറിഞ്ഞകന്നു

എങ്കിലും അതിരുകള്‍ സാക്ഷിയാക്കി
കരയില്‍ കയറ്റി വെച്ച തോണി അയവിറക്കും
ഭൂതവും ഭാവിയും അതില്‍ വര്‍ത്തമാനം പറഞ്ഞിരിക്കും

ഒടുക്കത്തിരയും മരിച്ച കടല്‍
സ്ഥലകാല സംഗമസന്ധ്യ അനാഥം .

പിന്‍ വാങ്ങലിന്‍ നിലാവെണ്ണ വറ്റും
കരിന്തിരിയുടെ നിശബ്ദ മൊഴികള്‍ക്കു കാതു ചേര്‍ത്ത്
ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം ..

Wednesday, February 23, 2011

. രാവ്

മോഹിതന്‍ ഞാന്‍ , എത്രയോ കേട്ടിരിക്കുന്നു
ഋതുക്കള്‍ ഒരുക്കും പെരുമ കൊടി പാറും രാവിനെ

എവിടെ നീ പറയും നിലാവ് തിരയടിക്കും തീരം,
നക്ഷത്ര പന്തലില്‍ വന്നിറങ്ങും ഗന്ധര്‍വമേഘരഥങ്ങള്‍,
ചിത്രപൌര്‍ണമി പട്ടുടയാടഞൊറിക
ള്‍ വിടര്ത്തിയാടും കടല്‍ കാറ്റ് ?
ദാഹമേറുന്നൂ ശതാംശാനുഭവമെങ്കിലും പകരുമോ കുമ്പിളില്‍


എത്രയോ കേട്ടിരിക്കുന്നൂ രാവിന്‍ ഭാഷകള്‍
അടക്കം പറച്ചിലുകളായി നേര്‍ത്തലിയും
സന്ധ്യതന്‍ ചിറകൊതുക്കം
,
പെങ്ങള്‍ പേടിക്കും മൂളല്‍ മുഴക്കങ്ങളോരികള്‍ ,
കിന്നരിച്ചെത്തും പുരപ്പുറ മഴ വീഴ്ച ,
ചീവീടിന്‍ രാഗോത്സവ സന്ദേശങ്ങള്‍ ,
കരിയില ഞെരിഞ്ഞിഴപിരിയും
രാഗ വിവശസമാഗമങ്ങള്‍ ,
നിന്നുടലിന്നിളം ചൂട് നാളേക്ക്
കടം പറഞ്ഞകലും ഇടവേളകള്‍
മൂകത മുറ്റിത്തളരും മുഹൂര്‍ത്തങ്ങള്‍ ...
ഭാവഭേദങ്ങളില്‍ അപൂര്‍ണം രാവുകള്‍ ..

നിത്യാന്ധകാര ജാതകമെനിക്ക്
സത്യാനുഭവം ശബ്ദ
മാത്രകളവ
മുടന്തും പരിമിത ദൂരവും നിലയ്ക്കുന്നു

നിശ്ചലം രാവ്
കടലിളക്കങ്ങള്‍ മറന്ന
രാവ്
ഇലയനക്കങ്ങള്‍ വെടിഞ്ഞ രാവ്
ചിറകായങ്ങള്‍ കൊഴിഞ്ഞ രാവ്
നിന്നെ പൊലിഞ്ഞു തകര്‍ന്ന രാവ്
നിര്‍ദയം രാവ്


--

Friday, February 11, 2011

നീതിയുടെ പാഠപുസ്തകം

നീതിയുടെ പാഠപുസ്തകം ഈ ശ്മശാനത്തിലാണ്. .
പച്ചില നേരിന്‍ തഴപ്പുള്ള സ്വപ്നങ്ങള്‍ക്കും
വ്യഥകള്‍ തളിര്‍ക്കും പച്ച മണ്ണിന്നടരുകള്‍ക്കും
രക്തസാക്ഷിയുടെ ഹൃദയ വേരുകള്‍ക്കും അടിയില്‍
നിറയെ മുകുളങ്ങളുള്ള താളുകളുമായി

പിറവിയും ശ്രാദ്ധവും പക്ഷം വീശിയ
കാറ്റിന്‍ തല്പത്തില്‍,
കറുത്തവംശം കര്‍ക്കിടക സങ്കടങ്ങളില്‍ പെയ്ത

അവതാരികയുള്ള കുടുംബക്കല്ലറയില്‍ ..

നദീതടങ്ങള്‍ ചുട്ടെടുത്ത
മുനയും മൂര്ച്ചയുമുള്ള ലിപികളില്‍
എന്‍റെ അമ്മ എഴുതിയ
ഒരു
കനല്‍ പേജും അതിലുണ്ട്
"അറുത്തു വെച്ച നാക്ക്
അവസാനം പറയും വാക്ക്:- നീതി"

ചുവട്ടില്‍ എന്‍റെ കുഞ്ഞുവിരല്‍ത്തുമ്പിലെ
തരംഗ വലയങ്ങള്‍ പതിഞ്ഞ പാട്