Thursday, June 14, 2018

കര്‍ക്കടകം ചാറുന്നു


കാര്‍മാനപ്പെരുവഴിയില-
മ്മത്തൊട്ടിലിലാരോ ഉപേക്ഷിച്ച
കര്‍ക്കടകപ്പെരുമഴയാണു ഞാന്‍

വിജനമാം തെരുവില്‍
നട്ടപ്പാതിരാത്തുളളിയായി
ഇടിവെട്ടിയലറിക്കരഞ്ഞലയട്ടെ ഞാന്‍
ശ്വാസകോശം തുളയ്കും പേക്കാറ്റിനൊപ്പം
സ്നേഹവറ്റുകള്‍ ചവര്‍ക്കൂനയില്‍ തിരയട്ടെ ഞാന്‍
നെഞ്ചകം കുത്തിപ്പെയ്തൊഴിയട്ടെ ഞാന്‍

പറഞ്ഞുതോരുക നാം
കണ്ടുമുട്ടാം വീണ്ടുമെന്നുളളില്‍
നീറിക്കുറിക്കുക
ഓര്‍ക്കാനും മറന്നേക്കുകീ
മഴക്കാലരാവിനെ
നിന്‍ ദൗര്‍ഭാഗ്യതാരകത്തിനെ

ഒരിക്കലനാഥമാം തുലാവര്‍ഷക്കവിതയായ്
വാതില്‍കൊട്ടി വിളിക്കുന്നുവെങ്കില്‍
കാതടച്ചുകൊളുത്താനറയ്കേണ്ട
ഭദ്രമാകും നിന്‍നിദ്രയില്‍
ദുസ്വപ്നങ്ങള്‍ പെയ്യാതിരിക്കട്ടെ



Saturday, June 9, 2018

നീല ജീവിതം പാടുന്നു


നീലയാകുന്നു ഞാന്‍
കണ്ണീര്‍ത്തടാകത്തിന്‍*
നീറും നിറമാകുന്നു ഞാന്‍, നീല
ദുഖസാഗര നടുവില്‍
വിയോഗം പൂത്തുലയു-
മശോകച്ചുവട്ടില്‍
നാഴികകള്‍ പാഴിലകളായി
പൊഴിയുമ്പോള്‍
കരകേറാനുഴറിക്കുഴയും
ചെറുതിരകളായ് നിലവിളിക്കും
ദീനനിരാശയാം നീല

രോഗാലയവിഹായസ്സില്‍
മേഘത്തുണ്ടങ്ങള്‍ മരുന്നുവെയ്കും
നിറമുറിവുകള്‍ പേറി ചോരപൊടിയും
നോവിലേക്കലയുന്ന നീല

സാന്ദ്രമാം ക്ഷമയാണു നീല
മഴയേറ്റുലഞ്ഞും വിറച്ചും
വെയിലേറ്റുപൊളളിക്കരിഞ്ഞും
പ്രണയാര്‍ദ്രമായി മിഴികൂപ്പി
അരണ്യമധ്യത്തിലാരോരുമറിയാതെ
സംവത്സരങ്ങള്‍ നോറ്റു നില്‍ക്കും,
നീലപ്പുടവയുമായൊരുനാളെത്താ
തിരിക്കില്ലെന്നോര്‍ത്തു പൂത്തുകത്താന്‍
കാത്തു നില്‍ക്കും  ചെറുകുറിഞ്ഞി-
യുള്‍ത്തടത്തില്‍  പോറ്റി വളര്‍ത്തുന്ന 
സായൂജ്യ നിറമാണ് നീല

മാര്‍ബിള്‍ത്തടത്തിലൂടൊഴുകും
നീലഞരമ്പിലൂടൊരു തോണി
തുഴഞ്ഞുകയറുമ്പോള്‍
നീലക്കടമ്പുകളൊത്തു പാടുമ്പോള്‍
രാസലീലയായിത്തീരുന്നു നീല.
......................................................
*വയനാട്ടിലെ പൊന്‍കുഴിയിലാണ് മുളങ്കാടുകള്‍ വലയം തീര്‍ത്ത സീതാകണ്ണീര്‍ത്തടാകം

Wednesday, June 6, 2018

ഏതു നിറം പ്രിയം?


സപ്തവര്‍ണങ്ങളിലേതാണ് പ്രിയം?
യൗവ്വനം കത്തും ചുമപ്പോ? ചിറകുവിരിക്കും നീല ?
അനാഥ താരകള്‍ നീന്തും മഹാമഞ്ഞ ?
പറയാം നിന്നോളമിഷ്ടമല്ലൊരു നിറവുമെങ്കിലും
എനിക്കേറെയിഷ്ടമെല്ലാ നിറങ്ങളുമെങ്കിലുമതിലു-
മേറെയൊരു നിറം നാമ്പുയര്‍ത്തി വിടരുന്നു.
ഭൂമിപുണര്‍ന്നാളും സ്നേഹമാം പച്ച
കരുത്തോലപ്പീപ്പിയായോടിക്കളിക്കേ
കല്ലുടക്കി വീണുമുറിയും നോവില്‍ കൂട്ടുകാരി
പിഴിഞ്ഞൊഴിക്കും സ്നേഹച്ചാറാം പച്ച
ഇലകള്‍ മുറിച്ചു ചിരട്ടയില്‍ വേവിച്ചമൃതായി
രുചിക്കൂട്ടുകളെട്ടു ദിക്കിനും നേദിച്ച കുസൃതിപ്പച്ച

ആറ്റുതീരം ചുറ്റിയിടവഴികയറി പ്രസാദിക്കും
കൃഷ്ണവര്‍ണരഹസ്യസമാഗമത്തിന്‍ തുളസിപ്പച്ച,
പ്ലാവിലക്കിരീടമണിയിച്ചു രാമന്റെ വില്ലില്‍ സീതയായ്
ഞാണുവലിഞ്ഞുന്നം തൊടുത്തുന്മാദം വേള്‍ക്കും പച്ച
കാനനമോഹം കവര്‍ന്നയുര്‍ന്നതും സ്നേഹദശമുഖപ്പച്ച
അകംപുറം കൈവെച്ചു സ്വപ്നങ്ങള്‍ ലയിപ്പിച്ച
മംഗലക്കുളിരാം വെറ്റിലത്തളിര്‍പ്പച്ച

തൊട്ടുര്യാടാതെ കരയില്‍ നടക്കുമ്പോളുളളില്‍
തിരയടിക്കും കടലിന്‍ നേരായ പച്ച
കൈക്കുമ്പിളില്‍ മണല്‍ കോരി
ശിരസിലര്‍പ്പിച്ച് ശില്പമായി ധ്യാനിക്കെ
കാറ്റുകാതിലോതും വാക്കല്ലോ നറും പച്ച,
നോക്കുകെല്ലായിടവും പൂത്തുനില്‍ക്കുന്നു പച്ച
കാട്ടുപൂവിൻ മന്ദഹാസ സുഗന്ധത്തിലൂറുന്നു പച്ച
ബോധിവൃക്ഷച്ചോട്ടിലുറയും മൗനസംഗീതമാകുന്നു പച്ച

പനിമഴപെയ്തുചോരുമ്പോള്‍
മിഴികളില്‍ കാലം കുട മടക്കുമ്പോള്‍
മാനം വായ്പൊത്തി നിലാവ് വാടുമ്പോള്‍
പ്ലാവിലക്കുമ്പിളില്‍ കോരിക്കുടിപ്പിക്കും പച്ച
ഉണ്ണാന്‍ വിളമ്പിയതുമൊടുക്കമടക്കും മുമ്പായി
കിടത്തിയതുമീ സ്നേഹവായ്പിന്‍ പച്ചയില്‍
ഭൂമിപുണര്‍ന്നാളും പ്രണയമാം പച്ചയില്‍.

Sunday, June 3, 2018

നമ്മള്‍ പിണങ്ങുമേ


ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചു നാം
മെതിക്കും വാക്കിന്‍കറ്റകളില്‍ നിന്നും വഴിപിരിയു-
മുതിര്‍മണികള്‍ നോക്കി നിശ്വസിച്ചവര്‍ 
ഇരുളിലിമ പെയ്തു  തിരിഞ്ഞു നടക്കുമ്പോളിനി 
കാണില്ലേയെന്നു മുളളാണിച്ചോദ്യം തറച്ചവര്‍

പരസ്പരമറിയാതെ കേള്‍ക്കാതെയെന്തോ
പ്രതീക്ഷിച്ചെത്രമേലസ്വസ്ഥമാകും ദിനരാത്രഭാരങ്ങള്‍,
വേനല്‍ക്കാറ്റായോടിയെത്തിപ്പിടിച്ചുലച്ചുവലിക്കുമോര്‍മകള്‍,
മുട്ടിയരുമ്മിതൊട്ടുതലോടി പകുത്തുപങ്കിട്ടയായിരം യാത്രകള്‍,
മുളങ്കാടുകള്‍ കാവലാക്കും കാനനത്തിന്നാശ്ലേഷനിമഷങ്ങള്‍,
കൈകോര്‍ത്തു മെയ്ചേര്‍ത്തു തീരത്തമരും തിരമാലക്കുളിരുകള്‍,
ഓര്‍ത്തുനോക്കൂ മറക്കാതിരിക്കാനെത്രയേറെക്കൊതിച്ചു നാം

വാക്കുകള്‍ വിരല്‍തൊട്ടുവിളിച്ചപ്പോളറിയാതെ കൂട്ടുകൂടി
സമുദ്രസംഗമങ്ങളിലുദിച്ച നേരുപോല്‍ തിളങ്ങി നാം
കാറ്റാടിപ്പാടത്താറാടും മേഘത്തലോടലിന്‍ കുളിരായി,
മയില്‍പ്പീലിയില്‍ കൃഷ്ണവര്‍ണം തിരഞ്ഞോടക്കുഴലായി
രാഗമായനുരാഗമായി യമുനാതീരസന്ദേശമായി നാം
ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചു നാം

മൗനഋതുവിന്‍ഭാവമേറെ പരിചിതം 
പിണങ്ങാതിരിക്കുവാന്‍ പിരിയേണ്ടതുണ്ടുനാം

പിരിയാതിരിക്കാനഴിയാതെ പിരിയേണ്ടതുണ്ടു നാം
ഇണക്കമിറുക്കിക്കുറുക്കികടല്‍സന്ധ്യയായസ്തിമിക്കും വരെ
നാമെന്ന വാക്കിനെ നാലുദിക്കും ദാനമായി ചോദിക്കും വരെ