Thursday, November 25, 2010

സീതേ, രാവണ തൃഷ്‌ണേ ..

ജാനകീ. മുളങ്കാടുകള്‍ പാടുന്നു
മേല്‍മരക്കൂട്ടങ്ങള്‍ കാതോര്‍ക്കുന്നു
നിന്‍ കണ്ണിലും കവിളിലും കരളിലും
മിന്നി മറയുന്നൂ കനകമാന്‍ പേടകള്‍.


മഞ്ഞല വിരിയിട്ട പുഴപ്പരപ്പില്‍
പൂങ്കാറ്റില്‍ പുളകിതയകുന്നൂ പുലരി
നീരാട്ടോളങ്ങള്‍ നിന്നുടലഴകില്‍
വിസ്മയതരംഗം നിശ്ചലം കാനനം.
തണുപ്പിന്‍ പകര്‍ച്ചകള്‍ നിന്നരുണാധരങ്ങളെ
വിറകൊള്ളിക്കുംപോള്‍ ഹാ.. ജാനകീ ഞാന്‍!


നനഞ്ഞു കയറും നിന്‍ മുടിയിഴകളിലൂടെ..
ഉടല്‍ വടിവിലൂടെയൊഴുകും ജലബിന്ദുക്കള്‍
പ്രണയാര്‍ദ്ര മണിവര്‍ണങ്ങളാകുമ്പോള്‍
ആറ്റു വഞ്ചികള്‍ മറഞ്ഞും രാഗ രശ്മികള്‍ ചൊരിഞ്ഞും
മിഴികള്‍ ഇരുപതും വിടര്‍ന്നും തുടിച്ചും
സഹസ്രശാഖകള്‍ തരിക്കുന്ന കാനനം.


സീതാ....
ഗന്ധര്‍വമോഹങ്ങളായി പുഷ്പകമാനസം
രാവില്‍ നിത്യസഞ്ചാരം ഭൂഹൃദയപുത്രീ
പ്രണയശിരസുകള്‍ മാറി മാറി
പകലന്തിയോളം സ്വപ്നദര്‍ശനം.


സീതേ,
എല്ലാ തിരമാലകളും സമാഹരിച്ചൊരു
മഹാപ്രണയ തരംഗമാക്കിയതില്‍ കിടത്തി
കാറ്റ് കൊണ്ട് പ്രണയിക്കും ഞാന്‍.


സീതാ,
കൈലാസമിളക്കിയോന്റെ കരളിളക്കിയമ്മനമാടും
ഓമല്‍ക്കനവേ, വന മാധുര്യമേ, ചന്ദനക്കുളിരേ,
നീലത്തുളസിക്കതിരേ , രാവണ തൃഷ്‌ണേ ..
വരൂ, ലങ്കാസമുദ്രധ്യാന തരംഗചാരുതയുടെ
ഉജ്വലശക്തിപ്രവാഹമാകൂ,
പ്രപഞ്ചത്തിലെ മഹാസ്നേഹ
സാമ്രജ്യത്തിന്നധിപനാക്കൂ..എന്നെ നീ


സീതാ..
ഏതു കാനനത്തിങ്കലാണെങ്കിലും കട്ടെടുക്കും നിന്നെ ഞാന്‍
ഇമയൊട്ടുമേയനക്കിടാതെ കണ്ടു കണ്ടങ്ങിരിക്കുവാന്‍..


ജാനകീ
അറിയുന്നൂ നിന്നെ പ്രണയിപ്പതിലൂടെ
അതിരില്ലാസ്നേഹാകാശ വിശുദ്ധി ഞാന്‍
സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ ശിരസ്സുകളോരോന്നും
ഇറ്റു വീഴുമ്പോഴും നിനക്കായ്‌ ജാതകം വിധിച്ച ഹൃദയം
തുടരും യുഗസന്ധ്യയോളം രക്താഭിഷേകപ്രണയം

Friday, November 19, 2010

ബധിരാന്ധമൂക


ഴി ദോഷങ്ങള്‍ പടി കയറാത്ത പുലരിയില്‍
അരുവിനീരായി തെളിഞ്ഞ വാക്കിവള്‍.


പച്ച ജീവിതം മുഖാമുഖക്കാഴ്ചകള്‍
അന്നവസ്ത്രാദി മുട്ടും പ്രാര്‍ഥനാനാളങ്ങള്‍
കണ്‍മഷി കലങ്ങികറുത്തു പോം പാതകള്‍.
രാവിന്‍റെ ഭാരം ചാരും വാതില്‍വിടവിലൂ-
ടായിരം കണ്ണുകള്‍ നീട്ടുന്ന നാവുകള്‍.

പൊന്‍വെയില്‍ വിളറും സായന്തനം
ഉമ്മറത്തിണ്ണയില്‍ നിഴല്‍ മുട്ടുന്നാരോ പേശുന്നൂ.
ഏതോ ഒരുവന്‍ എന്റെ മേനിക്കു
പൊന്നിന്റെ മേലൊപ്പ് ചോദിപ്പൂ...
വന്ധ്യമാം കാറ്റ് ചേക്കേറും ചില്ലകള്‍


കരിമേഘപന്തലില്‍ ശിരസ്സ്‌ വാടി
കനല്‍ചരടില്‍ അകംപുറം പൊള്ളി
പൂക്കള്‍ വിതുമ്പും ചാപ്പ കുത്തും മുഹൂര്‍ത്തം
അവന്‍ വരിച്ചതെന്തേ, ഞാന്‍ ത്യജിച്ചതെന്തേ?


സൂര്യ തേരിന്‍ ചക്രച്ചതവില്‍ ധൂളി പാറുന്നൂ
നാമ്പ് നുള്ളി ഇലകോതി കമ്പൊടിച്ചു
തടിയറുത്തു വേരിളക്കി ജാതകം ചികഞ്ഞു
പെറ്റുകൂട്ടുന്നൂ ചോര മണക്കും വാക്കുകള്‍, മൃഗതൃഷ്ണകള്‍ ..

തിളക്കവും തിലകവും മങ്ങും ദിനങ്ങള്‍
കെട്ടു പോകുന്നുവോ എന്‍ നിലാത്തളിര്‍വെട്ടവും
എന്നരുമായാം കന്നി സ്വപ്നപ്പെന്കുരുന്നിനെ !.. ..
മുടി പകുപ്പിലൂടിറ്റു വീഴുന്നൂ എന്‍ തിരുനെറ്റിയില്‍
ഒരു തുള്ളി ഭ്രൂണശാപശോണിമ..


ഞാന്‍ ബധിരാന്ധമൂക
ഇരുള്‍ തളിര്‍ക്കും വഴിയോര നിഴല്‍ മരം.


നേര്‍ത്തതെന്തോ ഉള്‍ക്കാതില്‍ പതിക്കുന്നു
ചേര്‍ത്തു പിടിക്കുന്നരൂപികള്‍ അമ്മമാര്‍---------------

Friday, November 12, 2010

ഗന്ധര്‍വ സന്ദര്‍ശനം


പ്രകാശ ബന്ധങ്ങള്‍ക്ക് മേല്‍
വന്മരങ്ങളെ കിടത്തി ഉറക്കി
പൂക്കാത്ത കൊന്നകളെ കുലുക്കി ഉണര്‍ത്തി
ഒരു കാറ്റാഞ്ഞു വീശും
മേഘത്തിന്റെ അകമ്പടി ഇല്ലാതെ
ഒരുശിരന്‍ മഴ പൊട്ടി വീഴും
ഇടിനാദം ഇരുള്‍ പിളര്‍ത്തും
പോന്മിന്നാല്‍ ചൂട്ടു വീശി പാത തെളിയും
പിടിച്ചു നിറുത്തിയ പോലെ മഴ നിലയ്ക്കുമ്പോള്‍
അവന്‍ കാലു കുത്തിയെന്ന് നിശ്ചയം


മേല്‍ കീഴ് പാര്ശ്വാനുഭവങ്ങളുടെ
ഓരോ കണികയും അളന്നറിഞ്ഞു അവന്റെ പ്രയാണം
കാതു ചേര്‍ത്ത് വെച്ചാല്‍ അവനറിയാന്‍ കഴിയും
ഉള്ളിലുറവകള്‍ പൊടിയുന്ന നേരിയ ശബ്ദം
ഇട നെഞ്ചുകളില്‍ ഇടം തേടി അവന്റെ ചുവടുകള്‍


ഇരുള്‍ മഴയില്‍ നനയാനിറങ്ങിയാകെ
കുതിര്‍ന്നു പോയ ഒരുവള്‍
പൂര്‍വനിശ്ചിതജന്മപ്രതീക്ഷകളുമായി
സ്വയം മറന്നു അവനിലൊഴുകി എത്തി
ഓരോ അനുഭവ ബിന്ദുവിലും വിയര്‍ക്കും


അവളെ അവന്‍ ഏറ്റെടുക്കും
പുലരിയില്‍ പോലീസായി അവന്റെ വേഷപകര്‍ച്ച
മോര്‍ച്ചറിയില്‍ കാവല്‍ക്കാരനായി...
അതെ, അവളെ അവന്‍ കൈ വിടില്ല
-----------------------------------------------
പച്ചക്കുതിര പ്രസിദ്ധീകരിച്ചത് (2009)

Sunday, November 7, 2010

ഓര്‍മയുടെ ഭാരം.

ഇല മുറിച്ചു വച്ച്
കാലില്‍ കുരുക്കിട്ട പൂവന്‍ കോഴി
ശിരസ്സില്‍ കുരുതി പ്പൂവ്.
കാലം അയ വെട്ടി
ഒന്ന്..രണ്ടു..മൂന്ന് ..
ഓര്‍മയുടെ മൂര്‍ച്ച കഴുത്തിലൂടെ പാഞ്ഞുപോയി
രക്തം പതാക വീശി


ഉയിര് പൊട്ടിയ ഉടല്‍ ഉയര്‍ന്നു പൊങ്ങി
ഉടഞ്ഞു വീണു കുതറി
ഉശിര് വിടാത്ത ഏകാംഗ പ്രകടനം
കൂവിയുനര്ത്തിയ കുരലില്‍ നിന്നും അപശബ്ദ മുദ്രകള്‍
കാഴ്ച വട്ടത്തിന് ഭാവ ഭേദമില്ല


കണ്ടതും കേട്ടതും ചോര
നാക്കിലും മൂക്കിലും ചോര
ശൌര്യം എങ്ങി വലിച്ചു കോഴി
ബലിദാനവാര്‍ഷിക ചടങ്ങ് ഉപസംഹരിച്ചു


താങ്ങാന്‍ ആവാത്ത അത്രയുണ്ട് ഓര്‍മയുടെ ഭാരം.
ഓരോരുത്തരായ് പിരിയാന്‍ തുടങ്ങി
ചുമtSന്തി മുടന്തി അല്പം വലത്തോട്ടു ചാഞ്ഞ്
ഗ്രഹണ നിഴല്‍ വീഴ്ത്തി..


ഇനി ആരുമില്ല
ഉപേക്ഷിക്കപ്പെട്ട ജഡം ഏറ്റെടുക്കാന്‍
ഒരു നിഴല്‍ വാലാട്ടി വന്നു
മുറിവുകള്‍ നക്കിത്തുടച്ചു


----------------------------------==============