Wednesday, January 25, 2017

നാട്ടുമാവിന്റെ നേരുകള്‍


നാവില്‍ നട്ടോരോര്‍മകള്‍
നാട്ടുമാവിന്റെ നേരുകള്‍
ഓര്‍മവഴികളിലൊന്നി
ന്നോരത്തായാരോ നട്ടതാകാം
ചപ്പിവലിച്ചെറിഞ്ഞതിന്നു പിറന്നതാകാം
തനിക്കുതാനായി വളര്‍ന്നു പൈതല്‍
മഴവഴിക്കാഴ്ചയില്‍ പെടാതേകം
നനഞ്ഞൂറിനില്‍ക്കും വിനയം
ഓണത്തിനും ഒഴിഞ്ഞൊതുങ്ങി
മെലിഞ്ഞുനില്‍ക്കും അതിദീനനിശബ്ദ

തളിരിട്ട് തലനീട്ടി വളരുന്ന മോഹങ്ങള്‍
മേല്‍ക്കുമേല്‍ പന്തലുയര്‍ത്തുന്ന വര്‍ഷങ്ങള്‍
ആകാശമേട്ടിലലയും ആട്ടിന്‍കിടാങ്ങളെ
വിശീത്തെളിയിക്കും ഇടയക്കുസൃതിക്കാറ്റിനെ
ചില്ലക്കൂട്ടില്‍പ്പോറ്റാനായുമ്പോഴൊടിയുന്നു കൊമ്പുകള്‍

പ്രഭാതം ചാര്‍ത്തും പ്രകാശതോരണങ്ങള്‍
ന്തോ ഓര്‍ത്തോ മറന്നോയെന്നപോലെ
എന്തിനോയേതിനോയെന്നപോലെ
നുളളിക്കീറിതുണ്ടങ്ങളാക്കി ചുവട്ടില്‍ച്ചിതറുന്നു
ിരസ്സില്‍ അഗ്നിക്കോലം തുളളുന്നു
വിളളലുകള്‍, മുറിവുകള്‍, പരുക്കന്‍ ഗാത്രം
ചുളളിവിരലുകള്‍, ചൂടേറ്റു തളരും ബാഹുക്കള്‍
പകുത്തുതിന്നാം പപ്പാതിവേദന
ഇതെനിക്ക് ഇതു നിനക്ക്.

പ്രാണഞരമ്പുകളില്‍ അമൃതം തളിച്ച്
തളിരിലക്കുമ്പിളുകളോരോ ചില്ലത്തുമ്പിലും
ഒരുമിച്ചു വെക്കുന്നതാരാണെന്നറിയില്ല
ഇലച്ചാര്‍ത്തിനെയോമനിച്ചണ്ണപുരട്ടി വട്ടം
വട്ടം വെച്ചൊതുക്കിയെടുക്കുന്നതുമാരെന്നറിയില്ല

വിദൂരഗഗനോത്ഭവ സംഗീതം നിറയ്കാനും
മണ്ണിന്നനുഗ്രഹക്കായ്കനികള്‍ കൊറിക്കാനും
കൂടുകെട്ടാനും കൂട്ടുകൂടാനും കൂട്ടമായിത്തീരാനും
ചിലച്ചും ചികഞ്ഞും ചിറകടിച്ചുമെത്തും
കുയിലിന്നും അണ്ണാന്‍കുഞ്ഞിനും അഭയവൃക്ഷ


താരപ്പൂരം കൊഴിഞ്ഞുത്സവം പിരിയുന്നേരം
പൊന്‍പുലരികള്‍ പൂക്കുലകളാകുന്ന
ബാല്യകാമനകള്‍, പ്രണയനുഭവങ്ങള്‍
യൗവ്വനമധുരങ്ങള്‍ ,വാര്‍ധ്യക്യസ്മൃതികളെല്ലാം
വഴിതേടിയെത്തുന്നു തണല്‍ച്ചുവട്ടില്‍

ചുനവീണ കണ്ണിമാങ്ങ
ഉപ്പുചേര്‍ത്ത് വായിലൂറും പുളിമാങ്ങ
എരിവിട്ട പച്ചമാങ്ങ
മീനമായി മേടമായി
വേനല്‍വാറ്റിക്കുറുക്കും തേന്‍ഫലം
കിളിപ്പാതിനീട്ടും രുചിക്കൊതി
കല്ലേറില്‍ ചിതറുന്ന കുലകള്‍
കണ്ണേറില്‍ പതറുന്ന ഞെട്ടുകള്‍

പകുത്തുതിന്നാം പപ്പാതിവീതം
ഇതെനിക്ക് ഇതു നിനക്ക്
സ്നേഹവാത്സല്യമായി
പ്രണയസാഫല്യമായി
സൗഹൃദസായൂജ്യമായി
മാങ്ങാപ്പൂളുകള്‍ മധുരപ്പൂളുകള്‍
മെത്തപ്പൂള്‍ മധ്യം മുറിക്കാം
കോടാലിപ്പൂള്‍ തുല്യമായെടുക്കാം
ചപ്പിവലിച്ചൂറ്റി,യടുത്ത കാറ്റി-
ളക്കത്തിനു കാത്ത നാളുകള്‍

നാവില്‍ നട്ടോരോര്‍മകള്‍
നാട്ടുമാവിന്റെ നേരുകള്‍
പകുത്തുതിന്നാം പപ്പാതിവീതം
ഇതെനിക്ക് ഇതു നിനക്ക്

Thursday, January 19, 2017

ആരാദ്?


ദ്രവിച്ച കടലോരം
ചുമരുകളില്ലാത്ത വീട്
സന്ധ്യ കൊളുത്തിയ കവിതയില്‍
സാന്ദ്രമായ പ്രാര്‍ഥനാദീപം
നേര്‍മിച്ചു നില്‍ക്കുന്നു
അപ്പോള്‍
ആകാശത്തിനും കടലിനും ഇടയില്‍ക്കൂടി
നിരനിരയായി ഓര്‍മയുടെ നിഴലുകള്‍ പാറിപ്പോകും
അതിലൊരു ചിറകടി നിനക്ക് പരിചിതം

നിലവിളിച്ചു കത്തുന്ന ദീപം
വാക്കൂര്‍ന്നു പോകുന്നുവെന്നറിയുക പോലുമില്ല
അത്ര സാവധാനം
ഭാവഭേദമില്ലാതെ
അതു സംഭവിക്കും.

മരച്ചുവട്ടിലെ ലയഹൃദയധന്യതകളോ
മഞ്ഞുവകഞ്ഞുയര്‍ന്ന മഹാമോഹങ്ങളോ
തഴച്ചു വളര്‍ന്ന പ്രണയശ്വാസങ്ങളോ
ആകാശംതൊട്ട സ്വപ്നാശ്ലേഷങ്ങളോ
കൈത്തലങ്ങളുടെ ദേശാന്തരയാത്രകളോ
കുതിരക്കുതിപ്പുളള രാത്രികളോ
ഒന്നും ഒന്നുമുണ്ടാകില്ല.
മിഴിമാനസങ്ങള്‍ അപരചിതമാകും

പേരെന്താ? ആളാരാ?
ഓര്‍ത്തെടുക്കാന്‍ വൈകുമ്പോഴേക്കും
കറുത്ത ബാഡ്ജ് കുത്തിയ കടലിരമ്പം
കര്‍മങ്ങള്‍ ആരംഭിക്കും