Friday, September 8, 2017

പനിത്തീവണ്ടി



അകത്താണാവിവണ്ടി
ഓണത്തിരക്കിന്‍ നോവു വണ്ടി
ചാറുന്നുണ്ടത്തം ഇറുക്കുന്നുണ്ട് ചിത്തം
ഉത്രാടപ്പാച്ചിലിന്‍ കഫം തുപ്പി
കിതച്ചമര്‍ത്തും നെഞ്ചകപ്പാളം
നനവെല്ലാമൊപ്പി, വാക്കെല്ലാം വറ്റി
ശ്വാസവേഗത്തിലൂഞ്ഞാലാടുന്നീ പനിത്തീവണ്ടി
കൂകല്‍ കുരയ്കലാര്‍പ്പുകളാരോ വലിച്ചെറിയു-
ന്നുണ്ടാഘോഷോച്ഛിഷ്ടങ്ങള്‍

കടലിരമ്പം മറന്ന തണുത്തതിരകള്‍
തിക്കിക്കയറുന്നു ടിക്കറ്റെടുക്കാതെ
അവ്യക്തമാള്‍രൂപങ്ങളെല്ലാം പരിചിതമെങ്കിലും
സന്ദേഹമാരിവളേതു ഋതുവിന്‍ പൊന്നോമന?
പച്ചമാങ്ങാമുളകിട്ട പകലുപോലൊരുത്തി
ചെണ്ടുമല്ലിക്കമ്മലിട്ട പുലരിപോലൊരുത്തി
തീരവഞ്ചിത്തണല്‍മണല്‍ച്ചുഴിച്ചിരിപൊലൊരുത്തി
വേളിക്കായലിന്‍ ഹൃദയമര്‍മരം പോലൊരുത്തി
സാഗരസംഗമസന്ധ്യയായ് മുടിയഴിച്ചൊരുത്തി
ആനന്ദദാഹം തീര്‍ക്കാന്‍ മാതംഗിയൗവനമായൊരുത്തി
കനകമാനിന്റെ നടനമില്ലാത്തൊരുടലുമായൊരുത്തി

രക്തമൂത്രകഫപരിശോധനാഫലം നിരര്‍ഥകം
ചാഞ്ഞും ചരിഞ്ഞും കുലുങ്ങി, ബോധംകലങ്ങിത്തെളിഞ്ഞു-
മുറക്കം മുറിഞ്ഞും പിടിവളളിയരികിലെന്നോര്‍ത്തു
മിഴിയുയര്‍ത്തിയും ചുണ്ടിലൊരു മൃദുമന്ദഹാസം കോടിയും
ഓര്‍മവണ്ടികളോണവണ്ടികളാായി പായുന്നെന്‍
ചുടുപാളത്തിലൂടെ പാതിരാനിലയമണയും വരെയും


Wednesday, March 22, 2017

രാത്രിയുടെ വിരലുകള്‍


രാത്രിയുടെ വിരലുകള്‍ എങ്ങനെയാണ് ?
വകതിരിവില്ലാത്ത സ്പര്‍ശവൃക്ഷങ്ങള്‍
ആയിരം ശാഖകളിലും ആലിംഗനപക്ഷികള്‍
ആകാശം ഇളംചൂടിന്റെ മേല്‍ക്കുപ്പായമഴിച്ചിട്ടിരിക്കുന്നു
കുളിച്ചുകയറിവന്ന സന്ധ്യ അത്താഴവിരുന്നൊരുക്കുകയാണ്
സഞ്ചിയിലെ മൗനം കവിത ചൊല്ലാനായി തിടുക്കപ്പെടുകയാണ്
താളുകളുടെ കൊളുത്തുകളഴിച്ച് കല്പനകള്‍
ഹൃദയപ്രകാശത്തിനു മീതെ ഋതുയാത്ര നടത്തുന്നു

വിരലുകള്‍ ഓരോന്നും പതിയെ നിവരുമ്പോള്‍
അലസമായി വിടരുകയും നിറയുകയും ഉന്മാദിക്കുകയുമാണ്
കാപ്പിപ്പൂക്കള്‍ , ഗന്ധരാജന്‍, സൗഗന്ധികം
പാലപ്പൂക്കള്‍, ഇലഞ്ഞിപ്പൂമണം, മുല്ലക്കെട്ട്...
ധ്യാനഗന്ധ നിമിഷങ്ങള്‍
ഓരോ വിരലിനുമുണ്ട് നിവേദിക്കാനൊരിടം
ഇത് അണിവിരലിന്
ഇത് കണങ്കാലിന്
ഇത് അഗാധനിമിഷങ്ങളുടെ കാനനത്തിന്
ഇത് ..ഇത്.ഇത്..
ഓരോരോ കര്‍മസ്ഥാനങ്ങള്‍

അതിശയിപ്പിക്കുന്ന വേഗതിയിലണ് വിരലുകള്‍ പെരുമാറുന്നത്
ഓര്‍മകളുടെ നീര്‍മാതളം കൊടുത്ത മുത്തുമാല
ചുരങ്ങളുടെ ശിശിരം നല്‍കിയ നിധിപേടകം
യാത്രയില്‍ ഗോത്രമാതാവ് നല്‍കിയ കര്‍ണഭൂഷണം
അനാഥരായവരുടെ ദുഖം നീട്ടിയ തോള്‍സഞ്ചി
കാലത്തേയും ലോകത്തേയും തപ്പിപ്പെറുക്കി മുന്നില്‍ വെക്കുന്ന വിരലുകള്‍

രാത്രിവിരലുകള്‍ -അത്
ഗന്ധം രൂപമാക്കും
ചുണ്ടുകളെ സമുദ്രമാക്കും
തിരകളെ രഥവേഗമാക്കും
യുദ്ധമധ്യരഥത്തില്‍
പ്രണയാശ്വങ്ങളായി കുതിക്കും

ജാലകത്തില്‍ എപ്പോഴും ഒരു മിന്നാമിനുങ്ങ്‍-
ചില്ലുകള്‍ക്കപ്പുറം മുത്തമിടുന്ന ചിറകടിവെട്ടം
അതിരുവിട്ടകത്തുവന്ന് പുലരിമരമാകുമോ
എന്നു ഭയക്കുന്ന വിരലുകള്‍ ചേര്‍ത്തടയ്ക്കുന്നുണ്ട്
ഉടല്‍പാളികള്‍.



Wednesday, January 25, 2017

നാട്ടുമാവിന്റെ നേരുകള്‍


നാവില്‍ നട്ടോരോര്‍മകള്‍
നാട്ടുമാവിന്റെ നേരുകള്‍
ഓര്‍മവഴികളിലൊന്നി
ന്നോരത്തായാരോ നട്ടതാകാം
ചപ്പിവലിച്ചെറിഞ്ഞതിന്നു പിറന്നതാകാം
തനിക്കുതാനായി വളര്‍ന്നു പൈതല്‍
മഴവഴിക്കാഴ്ചയില്‍ പെടാതേകം
നനഞ്ഞൂറിനില്‍ക്കും വിനയം
ഓണത്തിനും ഒഴിഞ്ഞൊതുങ്ങി
മെലിഞ്ഞുനില്‍ക്കും അതിദീനനിശബ്ദ

തളിരിട്ട് തലനീട്ടി വളരുന്ന മോഹങ്ങള്‍
മേല്‍ക്കുമേല്‍ പന്തലുയര്‍ത്തുന്ന വര്‍ഷങ്ങള്‍
ആകാശമേട്ടിലലയും ആട്ടിന്‍കിടാങ്ങളെ
വിശീത്തെളിയിക്കും ഇടയക്കുസൃതിക്കാറ്റിനെ
ചില്ലക്കൂട്ടില്‍പ്പോറ്റാനായുമ്പോഴൊടിയുന്നു കൊമ്പുകള്‍

പ്രഭാതം ചാര്‍ത്തും പ്രകാശതോരണങ്ങള്‍
ന്തോ ഓര്‍ത്തോ മറന്നോയെന്നപോലെ
എന്തിനോയേതിനോയെന്നപോലെ
നുളളിക്കീറിതുണ്ടങ്ങളാക്കി ചുവട്ടില്‍ച്ചിതറുന്നു
ിരസ്സില്‍ അഗ്നിക്കോലം തുളളുന്നു
വിളളലുകള്‍, മുറിവുകള്‍, പരുക്കന്‍ ഗാത്രം
ചുളളിവിരലുകള്‍, ചൂടേറ്റു തളരും ബാഹുക്കള്‍
പകുത്തുതിന്നാം പപ്പാതിവേദന
ഇതെനിക്ക് ഇതു നിനക്ക്.

പ്രാണഞരമ്പുകളില്‍ അമൃതം തളിച്ച്
തളിരിലക്കുമ്പിളുകളോരോ ചില്ലത്തുമ്പിലും
ഒരുമിച്ചു വെക്കുന്നതാരാണെന്നറിയില്ല
ഇലച്ചാര്‍ത്തിനെയോമനിച്ചണ്ണപുരട്ടി വട്ടം
വട്ടം വെച്ചൊതുക്കിയെടുക്കുന്നതുമാരെന്നറിയില്ല

വിദൂരഗഗനോത്ഭവ സംഗീതം നിറയ്കാനും
മണ്ണിന്നനുഗ്രഹക്കായ്കനികള്‍ കൊറിക്കാനും
കൂടുകെട്ടാനും കൂട്ടുകൂടാനും കൂട്ടമായിത്തീരാനും
ചിലച്ചും ചികഞ്ഞും ചിറകടിച്ചുമെത്തും
കുയിലിന്നും അണ്ണാന്‍കുഞ്ഞിനും അഭയവൃക്ഷ


താരപ്പൂരം കൊഴിഞ്ഞുത്സവം പിരിയുന്നേരം
പൊന്‍പുലരികള്‍ പൂക്കുലകളാകുന്ന
ബാല്യകാമനകള്‍, പ്രണയനുഭവങ്ങള്‍
യൗവ്വനമധുരങ്ങള്‍ ,വാര്‍ധ്യക്യസ്മൃതികളെല്ലാം
വഴിതേടിയെത്തുന്നു തണല്‍ച്ചുവട്ടില്‍

ചുനവീണ കണ്ണിമാങ്ങ
ഉപ്പുചേര്‍ത്ത് വായിലൂറും പുളിമാങ്ങ
എരിവിട്ട പച്ചമാങ്ങ
മീനമായി മേടമായി
വേനല്‍വാറ്റിക്കുറുക്കും തേന്‍ഫലം
കിളിപ്പാതിനീട്ടും രുചിക്കൊതി
കല്ലേറില്‍ ചിതറുന്ന കുലകള്‍
കണ്ണേറില്‍ പതറുന്ന ഞെട്ടുകള്‍

പകുത്തുതിന്നാം പപ്പാതിവീതം
ഇതെനിക്ക് ഇതു നിനക്ക്
സ്നേഹവാത്സല്യമായി
പ്രണയസാഫല്യമായി
സൗഹൃദസായൂജ്യമായി
മാങ്ങാപ്പൂളുകള്‍ മധുരപ്പൂളുകള്‍
മെത്തപ്പൂള്‍ മധ്യം മുറിക്കാം
കോടാലിപ്പൂള്‍ തുല്യമായെടുക്കാം
ചപ്പിവലിച്ചൂറ്റി,യടുത്ത കാറ്റി-
ളക്കത്തിനു കാത്ത നാളുകള്‍

നാവില്‍ നട്ടോരോര്‍മകള്‍
നാട്ടുമാവിന്റെ നേരുകള്‍
പകുത്തുതിന്നാം പപ്പാതിവീതം
ഇതെനിക്ക് ഇതു നിനക്ക്

Saturday, January 21, 2017

ഏറെയുണ്ട് ഉപ്പിലിട്ടവ.


ഓര്‍മവഴികളിലൊന്നിന്നോരത്തുണ്ടൊരു നാട്ടുമാവ്
മഴമാസക്കാഴ്ചയില്‍ പെടാതെ നനഞ്ഞുനില്‍ക്കും വിനയം
ഒഴിഞ്ഞൊതുങ്ങി നില്‍ക്കും നിശബ്ദത

ചോദ്യങ്ങള്‍ തളിരിട്ട് വളര്‍ന്നുകൊണ്ടിരുന്നു
വര്‍ഷാവര്‍ഷം മേല്‍പ്പന്തലുയര്‍ത്തിയെടുക്കുന്നതും
ആകാശത്തെ ആട്ടിന്‍പറ്റങ്ങളെയും ഇടയക്കാറ്റിനെയും
ചില്ലകളുടെ കൂട്ടിലാക്കിപ്പോറ്റാനാഗ്രഹം കൂട്ടുന്നതും
പ്രകാശം നുളളിപ്പറിച്ചു തുണ്ടങ്ങളാക്കി ചുവട്ടിലിടുന്നതും എന്തിനാവാം?
ആരാണ് ഇലകളെ ഓമനിച്ച് എണ്ണപുരട്ടി വട്ടം വട്ടം വെച്ചൊതുക്കിയെടുക്കുന്നത്?
നിരനിരയായി കയറിപ്പോകുന്ന കുറുമ്പുകള്‍ രഹസ്യം കണ്ടെത്തിയിട്ടുണ്ടാകും
അല്ലെങ്കില്‍ ഉറുമ്പുകളെന്തിനാണ് നിത്യവും മാവിന്‍റെ നെറുകയില്‍ പോകുന്നത്?
അവരും ചോദിക്കുന്നുണ്ടാകണം
തളിരിലകളുടെ കുമ്പിളുകള്‍ എല്ലാ ചില്ലത്തുമ്പുകളിലും ഒരുമിച്ചു വെക്കുന്നതാരാണെന്ന്?
എല്ലാ മാവുകളും ഒരേദിവസം സന്തോഷിച്ചതെങ്ങനെയാണെന്ന്?
വിദൂരക്കാഴ്ചകളുടെ സംഗീതംകൊണ്ട് നിറയ്കാനും
മണ്ണിന്റെ അനുഗ്രഹങ്ങളുടെ കായ്കനികള്‍ കൊറിക്കാനും രണ്ടുപേര്‍.
എപ്പോഴാണ് അണ്ണാന്‍കുടുംബത്തിനും കുയിലിനുമിത് അമ്മവൃക്ഷമായത്?

താരപ്പൂരം കൊഴിയുന്നേരം നാട്ടുമാവ് പൊട്ടിച്ചിരിക്കുന്നതെന്തിന്?.
പൊന്‍പുലരികള്‍ പൂക്കുലകളാകുന്നതെങ്ങനെ?
ബാല്യം പ്രണയകാലത്തിലേക്ക് വളരുന്ന പോലെ അതിശയം തന്നെ.
മീനവും മേടവും ഇരട്ടക്കുലകളാകും
കിളിപ്പാതിയുടെ രുചിക്കൊതി
ചുനവീണ കണ്ണിമാങ്ങ
ഉപ്പുചേര്‍ത്ത് വായിലൂറും പുളിമാങ്ങ
എരിവിട്ട പച്ചമാങ്ങ
കടുമാങ്ങ, ഉപ്പുമാങ്ങ,പഴുത്തമാങ്ങ
കല്ലേറില്‍ ചിതറുന്ന കുലകള്‍
കണ്ണേറില്‍ പതറുന്ന ഞെട്ടുകള്‍

പകുത്തുതിന്നാം പപ്പാതിവീതം
ഇതെനിക്ക് ഇതു നിനക്ക്
മാങ്ങാപ്പൂളുകള്‍ മധുരപ്പൂളുകള്‍
മെത്തപ്പൂള്‍ മുറിക്കാം,  
കോടാലിപ്പൂള്‍ തുല്യമായെടുക്കാം
ചപ്പിവലിച്ചൂറ്റി,യടുത്ത കാറ്റി-
ളക്കത്തിനു കാത്ത നാളുകള്‍
നാവില്‍ നട്ടോരോര്‍മകള്‍
നാട്ടുമാവിന്റെ നേരുകള്‍


Thursday, January 19, 2017

ആരാദ്?


ദ്രവിച്ച കടലോരം
ചുമരുകളില്ലാത്ത വീട്
സന്ധ്യ കൊളുത്തിയ കവിതയില്‍
സാന്ദ്രമായ പ്രാര്‍ഥനാദീപം
നേര്‍മിച്ചു നില്‍ക്കുന്നു
അപ്പോള്‍
ആകാശത്തിനും കടലിനും ഇടയില്‍ക്കൂടി
നിരനിരയായി ഓര്‍മയുടെ നിഴലുകള്‍ പാറിപ്പോകും
അതിലൊരു ചിറകടി നിനക്ക് പരിചിതം

നിലവിളിച്ചു കത്തുന്ന ദീപം
വാക്കൂര്‍ന്നു പോകുന്നുവെന്നറിയുക പോലുമില്ല
അത്ര സാവധാനം
ഭാവഭേദമില്ലാതെ
അതു സംഭവിക്കും.

മരച്ചുവട്ടിലെ ലയഹൃദയധന്യതകളോ
മഞ്ഞുവകഞ്ഞുയര്‍ന്ന മഹാമോഹങ്ങളോ
തഴച്ചു വളര്‍ന്ന പ്രണയശ്വാസങ്ങളോ
ആകാശംതൊട്ട സ്വപ്നാശ്ലേഷങ്ങളോ
കൈത്തലങ്ങളുടെ ദേശാന്തരയാത്രകളോ
കുതിരക്കുതിപ്പുളള രാത്രികളോ
ഒന്നും ഒന്നുമുണ്ടാകില്ല.
മിഴിമാനസങ്ങള്‍ അപരചിതമാകും

പേരെന്താ? ആളാരാ?
ഓര്‍ത്തെടുക്കാന്‍ വൈകുമ്പോഴേക്കും
കറുത്ത ബാഡ്ജ് കുത്തിയ കടലിരമ്പം
കര്‍മങ്ങള്‍ ആരംഭിക്കും