Monday, September 10, 2018

കാക്കി നിക്കര്‍


അമ്മ പത്രക്കടലാസില്‍ പൊതിഞ്ഞാണ് കൊണ്ടുവരിക
പൊതിയഴിക്കുമ്പോള്‍
പുത്തന്‍മണം
വളളിനിക്കര്‍..
കൊതിയോടെ ഇട്ടു നോക്കും
അമ്മയുടെ മുന്നില്‍ തിരിഞ്ഞു മറിഞ്ഞും നില്‍ക്കും
തയ്ചത് കൊളളാം. അടുത്ത വര്‍ഷോം ഇടാം
കാക്കിയല്ലേ ഉടനെങ്ങും കീറില്ല
അമ്മ ദീര്‍ഘദര്‍ശനം ചെയ്യും.
ഈ കാക്കി നിക്കര്‍ എന്റെ കുട്ടിക്കാലത്തിന്റെ
ആല്‍ബമാണ്.
ശരിക്കും പറഞ്ഞാല്‍ അന്ന്
കാക്കിനിക്കര്‍പ്പോക്കറ്റ് ഒരത്ഭുതം തന്നെയാണ്

എന്തെല്ലാമാണ് അതിലുണ്ടായിരുന്നതെന്നോ?
മൂന്നു കുഴികളിലുന്നം പിടിച്ച ഗോലിക്കുതിപ്പ്,
നെഞ്ചുരച്ച് കയറിയടര്‍ന്ന നെല്ലിക്കാമധുരം
കല്ലേറിന്റെ ഊക്കറിഞ്ഞ പറങ്കിയണ്ടിച്ചുന,
കാത്തുപ്രാര്‍ഥിച്ചു കിട്ടിയ കൊതിപ്പാതിയുടെ
ഓര്‍മയായൊട്ടിയമാങ്ങാക്കറ,
കരിയെഴുതിയ കുന്നിക്കുരുക്കൂട്ട്,
പൊട്ടിക്കരഞ്ഞ പട്ടച്ചരട്,
ഈര്‍ക്കില്‍ മുനയില്‍ നൊന്ത മച്ചിങ്ങാക്കൂട്ടം,
പുഴയില്‍ മുങ്ങിക്കുളിച്ചു മിനുസപ്പെട്ട ഉരുളന്‍ കല്ല്,
കൂട്ടുകാരിക്ക് കരുതിയ പകുതി കടിച്ച പേരയ്ക
തോടന്‍പുളിയുടെ പൊടിഞ്ഞ തോടുകള്‍
അപ്പൂപ്പന്‍ താടിയുടെ ഇഴപിരിവുകള്‍,
ഉത്സവപ്പറമ്പിലെ വര്‍ണക്കടലാസുകള്‍
തീപ്പെട്ടിച്ചിത്രങ്ങളിലെ പക്ഷികള്‍, മൃഗങ്ങള്‍
അതെ എന്റെ കാക്കി നിക്കര്‍പ്പോക്കറ്റിലന്ന്
സ്വപ്നം സ്വപ്നത്തെ കണ്ടിരുന്നു

ശരിക്കും പറഞ്ഞാലിന്നും
കാക്കിനിക്കര്‍പ്പോക്കറ്റ് അമ്പരപ്പിക്കുന്ന ഒരു അത്ഭുതം തന്നെയാണ്

എന്തെല്ലാമാണ് അതിലുളളതെന്നോ?
ഇളം നെഞ്ചു പിടച്ച തൃശൂലമാതൃക 
രുദ്രാക്ഷങ്ങളുടെ സമാധിനേത്രങ്ങള്‍
ചിന്നിച്ചിതറിയ അവയവങ്ങളില്‍ നിറംകൊണ്ട രക്തചന്ദനക്കഷണങ്ങള്‍
അവിശ്വാസിയുടെ കണ്ടതാളം മുറുക്കിയ കരിഞ്ചരടുകള്‍
ഹൃദയത്തിനു നേരെ കൈകൂപ്പിയ വെടിയുണ്ട
അധസ്ഥിതദൈവത്തിന്റെ അറ്റു പോയ അനുഗ്രഹവിരല്‍
എങ്ങലടികളുടെ ശിക്ഷാബന്ധനം
സ്നേഹചുംബനക്കൊതികളെ കൊത്തിച്ച തച്ച
കുറവടിതാണ്ഡവനടനക്കാഴ്ചകളുടെ പെന്‍ഡ്രൈവ്
ഗസല്‍സന്ധ്യയ്ക്  മീതേ പൊഴിച്ച കുറുനരിക്കൂവല്‍ വിസില്‍
ഭാരംകൊണ്ട് ഭാരതഭൂപടം പോലെ താഴേക്ക് തൂങ്ങിയ പോക്കറ്റ്
അതെ കാക്കി നിക്കര്‍പ്പോക്കറ്റിലിന്ന്
ദുസ്വപ്നം ദുസ്വപ്നത്തെ കാണുന്നു

Sunday, August 26, 2018






















ഓണമില്ലാത്തവന്റെ ഓണമാണീ കവിത
മുറിവേറ്റ വാക്കുകളുടെ പൂക്കളം
 

Thursday, July 26, 2018

എന്താണ് സംഭവിച്ചത്?


എന്താണ് സംഭവിച്ചത്?
കവിതയിലെ അക്ഷരങ്ങളെല്ലാം ശ്മാശനത്തിലേക്ക് പോകുന്നു
അനര്‍ഥഭാരവണ്ടികള്‍ വഴിയില്‍ കുരുങ്ങിക്കിടക്കുന്നു
കുന്തിരിക്കപ്പുക കാലുറയ്കാതെ താങ്ങുതേടുന്നു
കഴുകിയിട്ടും കഴുകിയിട്ടും ഏറെത്തെളിയുന്ന കറയാണ് ഓര്‍മ എന്നു്
വിളറിപ്പോയ ലില്ലിപ്പൂക്കളുടെ ശോകഗാനം

റീത്തുകളില്‍ മഴ വീണപ്പോഴാണ്
ഓട്ടോഗ്രാഫ് ചിതലുകള്‍ കാണുന്നത്
ആദ്യപേജുകളിലിങ്ങനെ
"ശവക്കുഴിയില്‍ കിടന്ന് മേലേക്ക് പാളിനോക്കണം
ആറടിനീളത്തില്‍ ചതുരാകൃതിയില്‍ ആകാശം കാണണം
നിലയില്ലാതെ നീന്തുന്ന കുഞ്ഞുമേഘത്തെ കൈ വീശണം
നിലാവായി ഊര്‍ന്നു പറക്കുന്ന ഒരു ഷാളിന്
നിശബ്ദതയുടെ പാദുകം പാരിതോഷികമായി നല്‍കണം"
അന്ത്യത്താളിലെ അത്താഴം പങ്കുവെച്ച ചിതലുകള്‍
കണ്ടെത്തിയ കാര്യം പളളിമണിപൊലെ മുഴങ്ങാന്‍ തുടങ്ങി
"സംവത്സരങ്ങള്‍ കൈയൊപ്പിട്ട ഓസ്യത്തില്‍
ഒരു വിരാമചിഹ്നമിടാന്‍ മറന്നിരിക്കുന്നു."

Wednesday, July 25, 2018

ഹൃദയസൂചിയിലെ സമയം

കാറ്റ്
കാറ്റിന് അനുസരണയില്ലാത്ത വിരല്‍ത്തുമ്പുകള്‍
ആരാണ് നല്‍കിയത്?
അവ ശരീരത്തിലെ ഗോള്‍മുഖങ്ങളെ വല്ലാതെ ത്രസിപ്പിക്കുന്നു

ഹൃദയസൂചി
കാഴ്ചയുടെ ഗാഢാശ്ലേഷത്തില്‍ സമയസൂചി
മണിക്കൂറോളം പതറിപ്പോയിരിക്കുന്നു
അതിന്‍ മിടിപ്പാരുടെ ഹൃദയത്തെയാണ് തേടുന്നത്?

തുളളി
ഭൂമിയുടെ ശരീരവടിവുകള്‍ അളന്ന മഴത്തുളളികള്‍ക്കേ പുഴയാകാനാകൂ
ഒരുതുളളി മഴയാകാന്‍ രാത്രി കാത്തിരിക്കുന്നു.

നക്ഷത്രഫലം
ചുണ്ടില്‍ കൂടുകെട്ടിയ പക്ഷിയാണ് ചുംബനം
'ചന്ദ്രക്കല ചുംബിച്ചപ്പോഴാണ് നക്ഷത്രങ്ങളുണ്ടായത്
നക്ഷത്രഫലത്തിലിങ്ങനെ-
നിലാവിന്റെ മാധുര്യം നഗ്നതയുടെ നഗ്നതയായി അനുഭവിക്കും

സുര്യന്‍
ഉറക്കം ഉടുപ്പൂരിയപ്പോള്‍ പ്രകാശം മുഖം പൊത്തിച്ചിരിക്കുന്നു
കിടക്കയിലെ സൂര്യനെ പ്രഭാതത്തില്‍ കാണാനില്ലെങ്കിലും
ചിത്രശലഭത്തെ തേടി പുഷ്പഗന്ധം പറന്നുതുടങ്ങിയിരിക്കുന്നു

Wednesday, July 18, 2018

കാര്‍മാനമുനത്തുടിപ്പില്‍

സജ്ജലകലശം തുളവീണുതിരും 
വിലാപപാരായണം കര്‍ക്കടകം .
പുത്രശോക മൂര്‍ഛയിലഗ്നി കത്തും ശാപം
കാലാതീതദശരഥവ്യഥ പെയ്യും കര്‍ക്കടകം
ബോധമുണ്ടെങ്കിലും ബോധ്യം വരുന്നില്ല
അകാലമരണങ്ങളിലന്ധരാകുന്നേവരും .
ഊര്‍ന്നുപോകുന്നൂന്നുവടികള്‍ 
ഓരോക്ഷയവും വാര്‍ധക്യമോതുന്നു
കിളി മാഞ്ഞുപോകുമ്പോഴും കിളിപ്പാട്ടുകള്‍ ബാക്കി

ചൊല്ലിനീട്ടും മധ്യേ നാവുതാണുപോയപോല്‍
ഓട്ടവേഗക്കുതികാലില്‍ പക്ഷാഘാതം കടിച്ചപോല്‍
കണ്ണിലുണ്ണികള്‍ കണ്ണടയ്ക്കുന്നേരം
കണ്ണിപൊട്ടുന്നു
കണ്ണിലുറവ പൊട്ടുന്നു
ധാരധാരയായി ചോരചേരുമീരടികളില്‍
തോരാതെ കര്‍ക്കടകം നോവു നീട്ടിവായിക്കുന്നു

പോയവര്‍ക്കെല്ലാം പലവഴിയെങ്കിലും
കുടുബഭാഗനിര്‍ഭാഗ്യങ്ങളൊന്നുമേ തെറ്റാ-
തോര്‍ത്തെടുക്കുകയീണം കൊടുക്കുക
കച്ചിത്തുറുവിന്നടിയില്‍ കുഞ്ഞിക്കൈനീട്ടും കൗതുക-
മേറ്റുവാങ്ങും കരിനീലക്കൊത്തിന്‍ വാത്സല്യമേ,
കയത്തില്‍ പൊന്തി പുഴയോളത്താരാട്ടിന്‍
നടുക്കു യതിയാകും നിരാശ്രയരക്തമേ,
എട്ടുദിക്കും പൊട്ടിഞെട്ടും പൂരത്തിരിനാള-
മന്നമായുരുട്ടിഭക്ഷിച്ച തന്റേടമേ,
ചങ്കില്‍കുരുക്കിട്ടു പങ്കയില്‍ വീശും രക്തശൈത്യമേ,
അന്നനാളം വേവുമഗ്നിശൈലത്തിന്നാരോഹണദുഖമേ,
സങ്കടബലി കുതിരും കര്‍ക്കടകമല്ലോ നിങ്ങള്‍
പാതവേഗത്തിലൂരിത്തെറിക്കും കൗമാരചക്രങ്ങള്‍
ഓരത്തൊതുങ്ങിയൊടുങ്ങുന്നു വീണ്ടും
ഒരസ്ത്രം സദാ പിന്തുടരുന്നതിന്‍
കാര്‍മാനമുനത്തുടിപ്പാല്‍ മുറിയാന്‍
കാത്തിരിക്കുന്നൂ കര്‍ക്കടകംമഴ എന്നതിനുള്ള ചിത്രം




Saturday, July 14, 2018

ഞാനല്ലോ,നീയല്ലോ

സ്നേഹത്തൂവലില്‍ കുറിക്കും
വാക്കുകൾക്കെല്ലാം ചിറകുകൾ
നീല മഷിയെഴുത്തിൽ നിറയും
ജലമൗനത്തിന്നാഴത്തില്‍
നീന്തിത്തുടിയ്ക്കുന്നു പവിഴാർഥങ്ങള്‍
തൂവെള്ളക്കടലാസിൽ പുഷ്പ സുഗന്ധം
പുതുവിസ്മയം പുത്താലമെടുക്കുന്നു


നാം അകന്നിരിക്കുന്നു വാക്കിതില്‍
അക്ഷരങ്ങള്‍ക്കിടയകലം പോലെങ്കിലും
നാമേറ്റം ലയിച്ചിരിക്കുന്നു വാക്കിതില്‍
ഉളളിന്നുള്ളിലെ പരമാർഥമായി


വേരില്ലാമരത്തിലാരും കാണാച്ചില്ലയില്‍
നേരിന്നിലക്കൂടിനുളളിലാരുമറിയാ-
തൊളിച്ചിരിപ്പുണ്ടൊരു ചെറുകൂടതില്‍
മനസിലൂറും മന്ദഹാസം പോല്‍
വിരിയാന്‍ വെമ്പും വാക്കിരിപ്പൂ
പറയാത്തതൊക്കെയും പറയാന്‍
നിറയാത്തതെല്ലാം നിറയ്കാന്‍
കാലത്തിന്‍ ചന്തമാം വാക്കത്
കണ്ണീരൊപ്പും കൈത്താങ്ങുനല്‍കും
കനിവൂറും കാവല്‍വാക്കത്
വേര്‍പിരിയാതടുക്കിപ്പിടിച്ചേകബോധമാ-
യുദിക്കും വാക്കത് ഞാനല്ലോ,നീയല്ലോ, നാമല്ലോ






Saturday, July 7, 2018

ഇല നേര്

വാക്കിന്റെ ചുണ്ടുകൾ ഇന്നലെ അത്ഭുതപ്പെടുത്തി
എപ്പോഴും പ്രതീക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല എന്ന പരിഭവത്തിന്റെ നനവ്.
അദൃശ്യചുംബനങ്ങൾ പ്രണയ ശ്വാസമെടുക്കുന്നത്  കേട്ടില്ല, കണ്ടില്ലറിഞ്ഞില്ല.
കടലെടുത്തു പോകുമ്പോൾ തണൽവൃക്ഷങ്ങളുടെ ഇലകൾ കരയിലേക്ക് കൈ വീശുന്നത് തന്നെയാണ് സ്നേഹം
അടുപ്പത്തിന്റെ അകലത്തിലായിരുന്നില്ല ഞാൻ
അകത്തായിരുന്നതു കൊണ്ടാകാം
ഹൃദയ ഭിത്തിയിലെ ചോരച്ചൂടിൽ നിന്ന് എന്നെ തിരിച്ചറിയാതെ പോയത്.
രാത്രിയിലേക്ക് നാം നടന്നു പോയതാണ് നിലാവ്.
വളരെയേറെ ആയുസ്സ് കുറഞ്ഞ നിമിഷങ്ങൾ വിരലുകൾ കൊരുത്തു പിടിക്കുന്നത്  തന്നെയാണ് തന്നെയാണ് ....

Thursday, June 14, 2018

കര്‍ക്കടകം ചാറുന്നു


കാര്‍മാനപ്പെരുവഴിയില-
മ്മത്തൊട്ടിലിലാരോ ഉപേക്ഷിച്ച
കര്‍ക്കടകപ്പെരുമഴയാണു ഞാന്‍

വിജനമാം തെരുവില്‍
നട്ടപ്പാതിരാത്തുളളിയായി
ഇടിവെട്ടിയലറിക്കരഞ്ഞലയട്ടെ ഞാന്‍
ശ്വാസകോശം തുളയ്കും പേക്കാറ്റിനൊപ്പം
സ്നേഹവറ്റുകള്‍ ചവര്‍ക്കൂനയില്‍ തിരയട്ടെ ഞാന്‍
നെഞ്ചകം കുത്തിപ്പെയ്തൊഴിയട്ടെ ഞാന്‍

പറഞ്ഞുതോരുക നാം
കണ്ടുമുട്ടാം വീണ്ടുമെന്നുളളില്‍
നീറിക്കുറിക്കുക
ഓര്‍ക്കാനും മറന്നേക്കുകീ
മഴക്കാലരാവിനെ
നിന്‍ ദൗര്‍ഭാഗ്യതാരകത്തിനെ

ഒരിക്കലനാഥമാം തുലാവര്‍ഷക്കവിതയായ്
വാതില്‍കൊട്ടി വിളിക്കുന്നുവെങ്കില്‍
കാതടച്ചുകൊളുത്താനറയ്കേണ്ട
ഭദ്രമാകും നിന്‍നിദ്രയില്‍
ദുസ്വപ്നങ്ങള്‍ പെയ്യാതിരിക്കട്ടെ



Saturday, June 9, 2018

നീല ജീവിതം പാടുന്നു


നീലയാകുന്നു ഞാന്‍
കണ്ണീര്‍ത്തടാകത്തിന്‍*
നീറും നിറമാകുന്നു ഞാന്‍, നീല
ദുഖസാഗര നടുവില്‍
വിയോഗം പൂത്തുലയു-
മശോകച്ചുവട്ടില്‍
നാഴികകള്‍ പാഴിലകളായി
പൊഴിയുമ്പോള്‍
കരകേറാനുഴറിക്കുഴയും
ചെറുതിരകളായ് നിലവിളിക്കും
ദീനനിരാശയാം നീല

രോഗാലയവിഹായസ്സില്‍
മേഘത്തുണ്ടങ്ങള്‍ മരുന്നുവെയ്കും
നിറമുറിവുകള്‍ പേറി ചോരപൊടിയും
നോവിലേക്കലയുന്ന നീല

സാന്ദ്രമാം ക്ഷമയാണു നീല
മഴയേറ്റുലഞ്ഞും വിറച്ചും
വെയിലേറ്റുപൊളളിക്കരിഞ്ഞും
പ്രണയാര്‍ദ്രമായി മിഴികൂപ്പി
അരണ്യമധ്യത്തിലാരോരുമറിയാതെ
സംവത്സരങ്ങള്‍ നോറ്റു നില്‍ക്കും,
നീലപ്പുടവയുമായൊരുനാളെത്താ
തിരിക്കില്ലെന്നോര്‍ത്തു പൂത്തുകത്താന്‍
കാത്തു നില്‍ക്കും  ചെറുകുറിഞ്ഞി-
യുള്‍ത്തടത്തില്‍  പോറ്റി വളര്‍ത്തുന്ന 
സായൂജ്യ നിറമാണ് നീല

മാര്‍ബിള്‍ത്തടത്തിലൂടൊഴുകും
നീലഞരമ്പിലൂടൊരു തോണി
തുഴഞ്ഞുകയറുമ്പോള്‍
നീലക്കടമ്പുകളൊത്തു പാടുമ്പോള്‍
രാസലീലയായിത്തീരുന്നു നീല.
......................................................
*വയനാട്ടിലെ പൊന്‍കുഴിയിലാണ് മുളങ്കാടുകള്‍ വലയം തീര്‍ത്ത സീതാകണ്ണീര്‍ത്തടാകം

Wednesday, June 6, 2018

ഏതു നിറം പ്രിയം?


സപ്തവര്‍ണങ്ങളിലേതാണ് പ്രിയം?
യൗവ്വനം കത്തും ചുമപ്പോ? ചിറകുവിരിക്കും നീല ?
അനാഥ താരകള്‍ നീന്തും മഹാമഞ്ഞ ?
പറയാം നിന്നോളമിഷ്ടമല്ലൊരു നിറവുമെങ്കിലും
എനിക്കേറെയിഷ്ടമെല്ലാ നിറങ്ങളുമെങ്കിലുമതിലു-
മേറെയൊരു നിറം നാമ്പുയര്‍ത്തി വിടരുന്നു.
ഭൂമിപുണര്‍ന്നാളും സ്നേഹമാം പച്ച
കരുത്തോലപ്പീപ്പിയായോടിക്കളിക്കേ
കല്ലുടക്കി വീണുമുറിയും നോവില്‍ കൂട്ടുകാരി
പിഴിഞ്ഞൊഴിക്കും സ്നേഹച്ചാറാം പച്ച
ഇലകള്‍ മുറിച്ചു ചിരട്ടയില്‍ വേവിച്ചമൃതായി
രുചിക്കൂട്ടുകളെട്ടു ദിക്കിനും നേദിച്ച കുസൃതിപ്പച്ച

ആറ്റുതീരം ചുറ്റിയിടവഴികയറി പ്രസാദിക്കും
കൃഷ്ണവര്‍ണരഹസ്യസമാഗമത്തിന്‍ തുളസിപ്പച്ച,
പ്ലാവിലക്കിരീടമണിയിച്ചു രാമന്റെ വില്ലില്‍ സീതയായ്
ഞാണുവലിഞ്ഞുന്നം തൊടുത്തുന്മാദം വേള്‍ക്കും പച്ച
കാനനമോഹം കവര്‍ന്നയുര്‍ന്നതും സ്നേഹദശമുഖപ്പച്ച
അകംപുറം കൈവെച്ചു സ്വപ്നങ്ങള്‍ ലയിപ്പിച്ച
മംഗലക്കുളിരാം വെറ്റിലത്തളിര്‍പ്പച്ച

തൊട്ടുര്യാടാതെ കരയില്‍ നടക്കുമ്പോളുളളില്‍
തിരയടിക്കും കടലിന്‍ നേരായ പച്ച
കൈക്കുമ്പിളില്‍ മണല്‍ കോരി
ശിരസിലര്‍പ്പിച്ച് ശില്പമായി ധ്യാനിക്കെ
കാറ്റുകാതിലോതും വാക്കല്ലോ നറും പച്ച,
നോക്കുകെല്ലായിടവും പൂത്തുനില്‍ക്കുന്നു പച്ച
കാട്ടുപൂവിൻ മന്ദഹാസ സുഗന്ധത്തിലൂറുന്നു പച്ച
ബോധിവൃക്ഷച്ചോട്ടിലുറയും മൗനസംഗീതമാകുന്നു പച്ച

പനിമഴപെയ്തുചോരുമ്പോള്‍
മിഴികളില്‍ കാലം കുട മടക്കുമ്പോള്‍
മാനം വായ്പൊത്തി നിലാവ് വാടുമ്പോള്‍
പ്ലാവിലക്കുമ്പിളില്‍ കോരിക്കുടിപ്പിക്കും പച്ച
ഉണ്ണാന്‍ വിളമ്പിയതുമൊടുക്കമടക്കും മുമ്പായി
കിടത്തിയതുമീ സ്നേഹവായ്പിന്‍ പച്ചയില്‍
ഭൂമിപുണര്‍ന്നാളും പ്രണയമാം പച്ചയില്‍.

Sunday, June 3, 2018

നമ്മള്‍ പിണങ്ങുമേ


ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചു നാം
മെതിക്കും വാക്കിന്‍കറ്റകളില്‍ നിന്നും വഴിപിരിയു-
മുതിര്‍മണികള്‍ നോക്കി നിശ്വസിച്ചവര്‍ 
ഇരുളിലിമ പെയ്തു  തിരിഞ്ഞു നടക്കുമ്പോളിനി 
കാണില്ലേയെന്നു മുളളാണിച്ചോദ്യം തറച്ചവര്‍

പരസ്പരമറിയാതെ കേള്‍ക്കാതെയെന്തോ
പ്രതീക്ഷിച്ചെത്രമേലസ്വസ്ഥമാകും ദിനരാത്രഭാരങ്ങള്‍,
വേനല്‍ക്കാറ്റായോടിയെത്തിപ്പിടിച്ചുലച്ചുവലിക്കുമോര്‍മകള്‍,
മുട്ടിയരുമ്മിതൊട്ടുതലോടി പകുത്തുപങ്കിട്ടയായിരം യാത്രകള്‍,
മുളങ്കാടുകള്‍ കാവലാക്കും കാനനത്തിന്നാശ്ലേഷനിമഷങ്ങള്‍,
കൈകോര്‍ത്തു മെയ്ചേര്‍ത്തു തീരത്തമരും തിരമാലക്കുളിരുകള്‍,
ഓര്‍ത്തുനോക്കൂ മറക്കാതിരിക്കാനെത്രയേറെക്കൊതിച്ചു നാം

വാക്കുകള്‍ വിരല്‍തൊട്ടുവിളിച്ചപ്പോളറിയാതെ കൂട്ടുകൂടി
സമുദ്രസംഗമങ്ങളിലുദിച്ച നേരുപോല്‍ തിളങ്ങി നാം
കാറ്റാടിപ്പാടത്താറാടും മേഘത്തലോടലിന്‍ കുളിരായി,
മയില്‍പ്പീലിയില്‍ കൃഷ്ണവര്‍ണം തിരഞ്ഞോടക്കുഴലായി
രാഗമായനുരാഗമായി യമുനാതീരസന്ദേശമായി നാം
ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചു നാം

മൗനഋതുവിന്‍ഭാവമേറെ പരിചിതം 
പിണങ്ങാതിരിക്കുവാന്‍ പിരിയേണ്ടതുണ്ടുനാം

പിരിയാതിരിക്കാനഴിയാതെ പിരിയേണ്ടതുണ്ടു നാം
ഇണക്കമിറുക്കിക്കുറുക്കികടല്‍സന്ധ്യയായസ്തിമിക്കും വരെ
നാമെന്ന വാക്കിനെ നാലുദിക്കും ദാനമായി ചോദിക്കും വരെ
 

Tuesday, May 1, 2018

മഴയാണ് മഴയാണ്..


ഇളംതളിര്‍വെളിച്ചം പച്ചക്കുതിരയായ്
കുതിക്കുമ്പോളൊക്കെയും ചോദ്യങ്ങള്‍
വെറുതെയാണോ നീ മഴയായ് ചൊരിയുന്നതും
മൃദുനിലാവുപോല്‍ പൂക്കുന്നതും
തിരസന്ധ്യകളില്‍ കവിതയാകുന്നതും ?
എന്തേ മാനം മൂടീ വിതുമ്പും ദുഖം?
മൗനം നനഞ്ഞു നിറയും ദുഖം ?
വാക്കു മുറിഞ്ഞടരും ദുഖം?
പെയ്തുകവിഞ്ഞുയരും ദുഖം?

സങ്കടമഹാമാരിയൊപ്പമൊരു ചുണ്ടില്‍
നാം കൊണ്ടതും വെറുംവെറുതെയെന്നോ?
എത്രചോദ്യങ്ങളുതിര്‍ന്നു പെയ്തെന്നറിയി
ല്ലെത്രയുത്തരങ്ങളായി പുണര്‍ന്നെന്നുമറിയി
ല്ലെങ്കിലും വീണ്ടും പുല്‍കിത്തുടിക്കുന്നൂ മഴ
മഴയാണു ഞാന്‍
മഴയാണു നീ
മഴയാണ് മഴയാണ് മതിവരാമഴയാണ് നാം
തുരുതുരാപൊഴിയുന്ന കനിവാണഴലാണ് നാം
ദുഖമേ നിത്യം
ദുഖമേ സത്യം
ദുഖമേ ദുഖം...
rain in night എന്നതിനുള്ള ചിത്രം