Friday, December 31, 2010

നീയാണെന്‍ പുതുവര്‍ഷപ്പുലരി

നീയാണെന്‍ പുതുവര്‍ഷപ്പുലരി
കാട് പൂവിട്ട രാവിന്‍ സമ്മാനം
വസന്തമനോനിറങ്ങളുടെ കടല്‍വാനം
ചുരമിറങ്ങിയ കാറ്റ് കൊരുത്ത കുളിര്‍ഗന്ധം

കാറ്റാടിപ്പാടത്തെ പുല്നാമ്പിന്‍ കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരും
പ്രണയതരംഗവടിവിലൂടെ അരുണോദയം .

കണ്ണീര്‍ തടാകത്തില്‍ അപ്പോഴും താമര
കൈ കൂപ്പി പ്രാര്‍ഥിക്കും
രാവും പകലുമില്ലാത്ത
സുഗന്ധസന്ധ്യ മാത്രമുള്ള ഒരു ദിനത്തിന്..
അന്ന്
മാര്‍ബിള്‍ തണുപ്പുള്ള കവിളില്‍ ജന്മം മുഖം ചേര്‍ക്കും
ഇലപ്പച്ചയില്‍ പ്രകാശം ഒട്ടി നില്‍ക്കുംപോലെ


=

Friday, December 24, 2010

മയില്‍പ്പീലീ...

യില്പീലീ..
നിന്നെ എല്ലാവര്ക്കും വേണം
നിന്റെ മരതകക്കണ്ണുകള്‍
സാഗര നീലിമ കുറുകിയ അലുക്കുകള്‍
എല്ലാം വേണം
കണ്ണിനു ഉത്സവത്തിന്.
കണ്ണന് അലങ്കാരത്തിന്‌.
എനിക്ക് വേണ്ടത്
ചാന്തും ചമയവുമില്ലാത്ത നിന്റെ സ്വപ്നമാനസം,
എന്നില്‍ അട വെച്ച് നൂറു നൂറായിരമായി വിരിയിക്കണം .‍.
എന്റെ മയില്‍പ്പീലീ...
നിന്നില്‍ എന്‍ കണ്ണുകള്‍.
കിനാക്കള്‍ കാവലായി നക്ഷത്രങ്ങള്‍.

Saturday, December 18, 2010

പാറ


പാറയുടെ പരുക്കന്‍ സ്നേഹം ആരും തൊട്ടറിയുന്നില്ല
ജന്മങ്ങള്‍ വിശ്രമിച്ചതും സല്ലപിച്ചതും
മഞ്ഞുമെത്ത വിരിച്ചതും
വില്‍പ്പത്രത്തില്‍ ചേര്‍ക്കാന്‍ മറന്നു.
ഒരു രാത്രി അവസാന നക്ഷത്ര രശ്മി
ശിലാഹൃദയവാല്‍വിലൂടെ കടന്നു പോകും.
എല്ലാ വ്യാഖ്യാനങ്ങളെയും
അപൂര്‍ണമാക്കുന്ന മഴ ധമനിയില്‍ ആവാഹിക്കും..
പാറയുടെ മുള്‍കിരീടത്തിലെ ചോരയ്ക്ക്
പ്രണയത്തിന്റെ ചുണ്ടിലെ മുറിവ് കൊണ്ട് അടിക്കുറിപ്പ്. ..


--

Wednesday, December 15, 2010

സെമിത്തേരിയിലെ ചാരുകസേര


മോര്‍ച്ചറിയില്‍ നിന്നും സെമിത്തേരിയിലേക്ക്
മൌനത്തിന്റെ ഒന്നര കിലോ മീറ്റര്‍
പ്രവേശന കവാടം ഉദാരം
ഇടത്തോട്ട് തിരിയുക
തുരുമ്പു പൂത്ത പുല്‍നാമ്പുകളില്‍ കാലുകള്‍ പൂഴ്ത്തി
സെമിത്തേരിയിലെ ചാരുകസേര


ഇരുള് ചൂടിയ കാറ്റിന്റെ അസ്ഥി പാകി, തണുപ്പില്‍
ആരെയും പ്രതീക്ഷിക്കാതെ ആര്‍ക്കോ വേണ്ടി
സെമിത്തേരിയിലെ ചാരുകസേര


സ്മരണകള്‍ ശിരസ്സ്‌ മൂടിക്കെടിയ
കണ്ണീര്തുള്ളികള്‍ ഒറ്റയ്ക്കും കൂട്ടായും എത്തും
ഗൌനിക്കരുത്
ഭൂഗര്‍ഭത്തില്‍ താരാട്ട് വിതുമ്പും
ചെവി കൊടുക്കരുത്.
കാല്‍ വിരലുകള്‍ ചേര്‍ത്ത് കെട്ടുക
നടത്തത്തിന്റെ ജഡത്വം മുടക്കാം
മാറിട ചൂടില്‍ തല ചായ്ച്ച ആരവങ്ങളില്‍
അര്‍ത്ഥ ബന്ധങ്ങള്‍ തിരയരുത്
അലസമായി തോളില്‍ തട്ടി ആശ്വസിപ്പിക്കാനെത്തുന്ന
ഉണങ്ങിയ ഇലകള്ക്കിടയിലെവിടെയോ
വീണുടഞ്ഞ അത്യാസക്തികള്‍ പിറു പിറുത്ത കാവ്യം
വായിക്കരുത്.


മൌനം ഓരിയിടുമ്പോള്‍
വസന്തത്തിന്റെ പാര്‍കില്‍ നിന്നും ഒടിച്ചെടുത്ത
വെള്ള പുതപ്പിച്ച ഒരു റോസപൂവ്
ആരോ നീട്ടും
തിര കരയില്‍ മുഖം പൊത്തി സങ്കടം തോരും
സെമിത്തേരിയിലെ ചാരു കസേര
കാഴ്ച്ചയുടെ മരണം പോലെ.


?!

Monday, December 13, 2010

കാ.

ഓണ പിറ്റേന്ന് ഇലയിട്ടു ഉണ്ണാനിരുന്നു.
ഒരു ഉരുള മാത്രം.
ഞാനും അമ്മക്കാക്കയും
നനഞ്ഞ വിരലുകള്‍
മഴ മുറിച്ചിട്ട ഓര്‍മ്മകള്‍
കന്നുകാലി വിശപ്പ്‌ കണ്ണുകളില്‍
നൊന്തതും വെന്തതും ഓണം
ഒരു വാക്ക്
എനിക്ക് നേരെ നീട്ടി.
കാ..


-----------------

Friday, December 10, 2010

ക്ലാസ് പെന്‍സില്‍..

കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോകുന്നത്
മുന കൂര്‍പ്പിച്ച അഹങ്കാരത്തോടെ കണ്ടു നിന്നു


ഞാന്‍ പടച്ച മൈനക്ക് പുള്ളി ഇല്ലെന്നു മാഷ്‌
പൈസ ,കൈത എന്ന് നൂറ്റെഴുത്ത്
പൈസ കൊടുത്താല്‍ പുള്ളി കിട്ടുമോ
കൈതപൊത്തില്‍ തെരഞ്ഞാല്‍ മതിയോ
എന്തായാലും എന്റെ മൈന പറന്നു കളിച്ചു.
പുള്ളിക്കുത്ത് വീണ മാഷിന്റെ കണ്ണട
കാണേണ്ടത് കാണില്ല


ചെങ്ങാതിപെന്‍സിലുമായി ഒരു
റബര്‍ ബാന്ടിനുള്ളില്‍ നുഴഞ്ഞു കയറി
പരസ്പരം
വരിഞ്ഞു പിരിഞ്ഞു മുറുകി
കോഴിപ്പോരു പിടിക്കും
രസമൂര്ച്ചയിലാണ് മാഷനക്കം.
മുഷിഞ്ഞ പോക്കട്ടിലെക്കോ
പുസ്തക ഭിത്തിക്കിടയിരുട്ടിലെക്കോ
ഊളയിടും


മുന കൂര്‍പ്പിക്കുന്നതും കുട്ടികള്‍
മുന ഒടിക്കുന്നതും കുട്ടികള്‍
എഴുത്ത് മുറിഞ്ഞു തല്ലു മേടിക്കുന്നതും
പഴി എനിക്കും
ചിരിക്കാനുംകരയാനും ഉള്ള അവയവം പോലെ
തെറ്റാനും തുടയ്ക്കാനും ഞാന്‍.
ജീവിതം എഴുതിയും മായ്ച്ചും കുറുകി കുറുകി വരും നിങ്ങളെപ്പോലെ


കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോയത് പോലെ
പരിഹാസം ടിക്കറ്റെടുത്ത ഗാലറിയില്‍ പുതുമുരക്കാര്‍ കാണ്‍കെ
കുപ്പസദനത്തിലേക്ക് ഞാനും


എങ്കിലും
ഇവിടെ ഞങ്ങള്‍ക്ക് സുഖമാണ്.
എനിക്കും
എന്റെ കല്ല്‌ പെന്‍സിലിനും
ഞങ്ങടെ മലയാളം മാഷിനും.

Friday, December 3, 2010

പച്ചക്കുതിരപ്പുറത്ത് ഒരു സവാരിപച്ച
ക്കുതിരപ്പുറത്ത് ഒരു സവാരി
ഒരു പുല്ത്തുംപിന്‍ നിനവില്‍ നിന്നൊരു കുതിപ്പ്
വലിയൊരു ഇലയുടെ മടിത്തട്ടില്‍
ചെറു കമ്പനത്തോടു വീണിരുപ്പ് .
ചിറകടിയുടെ ലോലതയിലൂടെ ഹ്രസ്വ ദൂരം.
മുമ്പില്‍ ഒരു കുഞ്ഞിക്കൈ
ഇളം പുല്ലുകളുടെ സൌമ്യതയില്‍ നിന്ന്
മറുപടിയില്ലാതൊരു മന്ദഹാസം പോലെ
പൊത്തി എടുത്തപ്പോള്‍

അകപ്പെട്ടത് എന്റെ പച്ചക്കുതിപ്പ്