Monday, September 8, 2014

യാത്രാബാക്കി.

ബസിനകം മറ്റൊരു ലോകമാണ്
കയറും വരെ കയറിക്കിട്ടിയാല്‍ മതി
അകത്തെത്തിയാലോ ഒന്നു വേഗമിറങ്ങിക്കിട്ടിയാല്‍ മതി.
പിന്നാലെ വെടിയുണ്ട വരുന്നെന്ന ആധി
വേഗതയ്ക്കു ഭ്രാന്തിന്റെ ഇന്ധനമൊഴിക്കും.
പശുക്കുട്ടിയെ തെറിപ്പിക്കുമ്പോഴും പാല്‍പ്പത കണ്ണില്‍ പെടില്ല.
വകതിരിവില്ലാതെ പായുന്ന ടയറുളള മനസ്

സത്യത്തില്‍ ആരെയോ ഭയക്കുന്നുണ്ട്

അകത്താണോ ശത്രു
പെട്ടെന്ന്  വാതിലുകളെക്കുറിച്ചുളള ചിന്ത വാതില്‍ തുറന്നു
ഈയിടെ ഇങ്ങനെയാണ് 
പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് മനസു നിറയെ.
എന്റെ ശരീരത്തിനെത്ര വാതിലുകളുണ്ട്?
എനിക്കെത്ര വാതിലുകള്‍?  ഹ..ഹ,
ഈ ബസിന് എത്ര വാതിലുകളുണ്ട്?
രണ്ട്..മൂന്ന്
മനസ്സില്‍ തൊട്ടെണ്ണി..
ആണിനു പിന്നില്‍,
പെണ്ണിനു മുന്നില്‍ !?
തീര്‍ന്നില്ല
ആദ്യം രക്ഷപെട്ടോടാന്‍ ഓടിക്കുന്നോനൊരു കിളിവാതില്‍

അടിയന്തിരം പരലോക വാതില്‍ പിന്നിലും.
അപ്പോള്‍ നാലു വാതിലുകള്
നാല്...?
മോക്ഷത്തിനും ധര്‍മത്തിനുമിടയില്‍ കൂടിയാണ് പാച്ചില്‍..
നിനക്കെന്തു പറ്റീ?
ഈ വട്ടു പിടിച്ച അലോചന!


കാക്കി നിറം കാണുമ്പോള്‍ മനം പുരട്ടുന്നു.
ഛര്ദ്ദിയുടെ നിറം.
കണ്ടക്ടര്‍ക്കും പോലീസിനും ഒരേ നിറം
മോര്‌ച്ചറിയിലെ അറ്റന്‍ഡര്‍ക്കും ശവത്തിനും ഒരേ നിറം തന്നെ.
വവ്വാലിനും വക്കീലിനും ഒരേ നിറം...
കണ്ടോ ആവശ്യമില്ലാത്ത ചിന്തകളാണ് ..
എത്തേണ്ട സ്ഥലം കഴിഞ്ഞോ?
വണ്ടി വഴിതെറ്റിയാണോ ഓടുന്നത്.?
'അടുത്ത സ്റ്റോപ്പേതാ?'

തുറിച്ചു നോട്ടവും ഇളകിയിരുത്തവും മറുപടി
യാത്രാശീലങ്ങളുടെ പാഠശാലയേതാ?

നാലുമണി മുഴങ്ങുമ്പോള്‍ കുട്ടികള്‍
സ്കൂളില്‍ നിന്നും പൊട്ടിയൊഴുകുമ്പോലെ
സഹയാത്രികരെല്ലാം ഒന്നിച്ചിറങ്ങിയോടിപ്പോകുമോ?
ഓരോ സ്റ്റോപ്പിലെത്തുമ്പോഴും ചങ്കിടിക്കുന്നു.
ഒറ്റയാത്രിക .
അതാ അവിടെ,യെന്നാരോ മുരണ്ടുണര്‍ന്നു ചൂണ്ടി ആക്രോശിക്കുന്നോ?
പച്ചക്കറി കിറ്റുകള്‍ ഇറച്ചിപ്പൊതികള്‍ തിരഞ്ഞ്
ഡബിള്‍ ബെല്ലടിച്ച്  കുതിക്കുമോ?

കരിമുകില്‍ വന്ന് ഷട്ടറുകള്‍ വീഴ്ത്തുമോ?
സൂചി രാപ്പന്ത്രണ്ടിലേക്ക് ഗീയറുമാറ്റുമോ?
സത്യത്തില്‍ ആരെയോ ഭയക്കുന്നുണ്ട്
അകത്താണോ ശത്രു

ബാക്കി കിട്ടാനുണ്ട്
ഏകയാത്രിക  ബാക്കി ചോദിക്കുന്നതെങ്ങനെ?
ആ സഞ്ചിയില്‍  ദുരാഗ്രഹത്തിന്റെ ചില്ലറപരതി
രോമം എഴുന്നു നില്‍ക്കുന്ന ബലിഷ്ഠകരങ്ങള്‍ മുഖത്തിനു നേരേ..
ചിന്തിക്കാനാ‍വുന്നില്ല.
വണ്ടി എന്തിനോ അല്പം വേഗത അമര്‍ത്തിയപ്പോള്‍
ബാക്കി വാങ്ങാതെ ചാടിയിറങ്ങി.
ഇപ്പോഴിങ്ങനെയാണ് ഓരോ യാത്രയും.
(ഇനി എന്റെ സ്റ്റോപ്പിലേക്ക് എങ്ങനെ പോകും?)