Sunday, December 18, 2016

ഞാനുണ്ടാകും

രാത്രി വണ്ടിയില്‍ ടിക്കറ്റെടുത്ത തമിഴ് പൂമണം
കാറ്റാടിപ്പാടത്തെ നക്ഷത്രങ്ങള്‍ വിളിച്ചിട്ടും ഇറങ്ങിയില്ല.
സൈഡ് സീറ്റില്‍  തല ചായ്ച ഗന്ധം   പിന്നിട്ടദൂരത്തെ കവിഞ്ഞു നിന്നു.
വീണ്ടും വീണ്ടും ചുരുളുകഴിഞ്ഞ് തണുപ്പ്  ശരീരത്തിലൂടെ ഇഴഞ്ഞു  
വിരലുകളില്‍ ഞൊട്ടകളുടെ സ്നേഹഭാഷണം
ഒരു ദിവസം  വരും
അന്ന്
മണ്ണട്ടികൾക്കുള്ളിൽ കിടക്കണം
തുലാവർഷം പെയ്യുമ്പോൾ നനഞ്ഞിറങ്ങി വരുന്നതും കാത്ത്.
വേരുകൾ കാതും കണ്ണും ബന്ധിപ്പിച്ച് ചരിത്രം നെയ്യുന്നും
ബന്ധങ്ങൾ അഴിഞ്ഞലിഞ്ഞ് നാവിൽ കയ്പറിയിക്കുന്നതും കാത്ത്
വേനലിൻ വിലാപങ്ങൾ പൊടിഞ്ഞ കരിയിലകൾക്കു താഴെ
വിത്തുക്കളുടെ സ്വപ്നങ്ങൾ പോലെ
ഞാനുണ്ടാവും -
നിന്റെ പ്രിയപ്പെട്ട സ്മരണ ഗന്ധം.

Thursday, September 8, 2016

ഓണക്കരച്ചില്‍


രാവിന് കസവിട്ട്
കാട്ടുചെടികള്‍ക്ക് സിന്ദൂരം തൊട്ട്
സായാഹ്നത്തിനു പുതുവസ്ത്രം വാങ്ങി
തുമ്പികളുടെ തൊട്ടേ പിടിച്ചേ കളിക്കാരവമിട്ട്
പൊട്ടിയ പാദങ്ങളുമായി അത്തം ചവുട്ടി
കാഴ്ചയുടെയും വേഴ്ചയുടേയും ഉത്രാടപ്പാച്ചിലിലിടൂടെ വരുന്ന ഓണം
ഉത്സവപ്പറമ്പിലവശേഷിക്കപ്പെട്ടതേ
ബാക്കിവെക്കുന്നുളളൂ
കരഞ്ഞുതുടിച്ചു മധുരം വിതറി
പിറന്നുടനേ തിരിച്ചുപോകുന്ന കുഞ്ഞായുസ്-
ഒരു മിനിറ്റിന്റെ ദൈര്‍ഘ്യമുളള പകല്‍.


നീ എത്രയോ തവണ ചവിട്ടിത്താഴ്ത്തിയിട്ടും
ഓര്‍മകള്‍ കൊളുത്തിവലിക്കുന്ന പിടച്ചിലാകണം
അഗാധഗര്‍ത്തതില്‍ നിന്നുമെന്നെ തിരിച്ചെടുക്കുന്നത്?
അണകെട്ടിയടക്കിയ ആഗ്രഹങ്ങളുടെ പുഴക്കരയില്‍
ഉപ്പിലിട്ട മാങ്ങ വില്‍ക്കുന്നവള്‍ ചോദിച്ചതോര്‍മയില്ലേ?
ചുറ്റുകോണികയറിക്കയറി നിഴലിന്റെ പടം പിടിക്കുന്ന
വെയില്‍ ആവര്‍ത്തിച്ചതോര്‍മയില്ലേ?
ജലപ്പരപ്പില്‍ തെന്നിത്തെന്നിപ്പാഞ്ഞാടിയുയര്‍ന്ന
കാറ്റ് മുഖത്തേക്ക് കോരിപ്പകര്‍ന്നാരാഞ്ഞതോര്‍മയില്ലേ
മറുപടി മുട്ടിയ ഒരു ചോദ്യം
ഉളളിന്റെയുളളില്‍ ഊഞ്ഞാലാടുന്ന
ഓണക്കരച്ചില്‍ ആരുടേതാണ്?Tuesday, August 30, 2016

പനിയോണം

പനിയുടെ വിരലുകള്‍ ചുളളിക്കമ്പുകളാണ്
പെട്ടെന്ന് തുമ്പുകളില്‍ ജ്വാല പൂക്കും
വിരലുകള്‍ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുക
അഗ്നിക്കോലങ്ങളുടെ നൃത്തച്ചുവടുകള്‍
ശിരസില്‍ അനുഗ്രഹസ്പര്‍ശം


പനിയുടെ വിരലുകള്‍ ഇലകൊഴിഞ്ഞ ചില്ലകളാണ്
ശൈത്യത്തിന്റെ ഉറക്കറകളിലേക്ക് തുമ്പില്‍ നിന്നും
ഓര്‍മയുടെ മഞ്ഞുതുളളികള്‍ ഇറ്റു വീഴും
പുതച്ചുകിടക്കാം
സ്മരണശ്മശാനത്തിലെ താരാട്ടുതൊട്ടിലില്‍ .


പനിയുടെ കാക്കവിരലുകളോരോന്നും തൊട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്
ഇതമ്മ,  
ഇതച്ഛന്‍,  
ഇത് ചേച്ചി,  
ഇത് വല്യമ്മച്ചി,  
ഇത് ...?


ആഘോഷങ്ങള്‍ കഴിഞ്ഞ്

തിരികെ വരുമ്പോള്‍
പനിയുടെ അവസാന വിരലിന് നീ പേരിടണംMonday, August 8, 2016

അപൂര്‍വംനൂല് മഷിയോട് കൂടുതല്‍ സംസാരിക്കില്ല
ഇളം ചൂടിലേക്ക് ചേര്‍ത്തുവെക്കുന്ന മുഖം പോലെ.
കിളിവാതില്‍ രാത്രിയെ കൈമാടി വിളിച്ചതും
ഒരു കാറ്റു കടന്നു വന്നതും
തിരിനാളം വിറച്ചാലസ്യപ്പെട്ടതും
ഗന്ധര്‍വഗാനങ്ങള്‍ ഭിത്തിയില്‍ പതിഞ്ഞതും
പനിപിടിച്ചുതളര്‍ന്ന രാവിന് കുറുന്തോട്ടിവാത്സല്യം
പ്ലാവിലകോട്ടി കോരി നല്‍കിയതും
ഒന്നുമേ ഉരിയാടാതെയായിരുന്നു
നൂല് മഷിയോട് ചെയ്യുന്നതിന്റെ ഭാഷ
നൂലില്‍ത്തന്നെ ആത്മാര്‍ഥമായി പകര്‍ന്നിട്ടുണ്ടാകും
ഒരു തുളളിമഷിയ്ക് ഒരു ജീവിതമാകാനധികം
സംസാരിക്കേണ്ടതില്ല

Friday, July 29, 2016

വളരെ ശാന്തമായി സംഭവിക്കുന്നത്


വെളിച്ചം നിഴലിലേക്ക് ചുവട് വെക്കുന്നത് പോലെ
വളരെ ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
ആകാശത്ത് ചിറകടിമുടങ്ങിയ ദിവസം നീ ഓര്‍ക്കുന്നില്ലേ?
കണ്ടുമുട്ടുമെന്നു നിശ്ചയിച്ച തീയതി
കലണ്ടറില്‍ നിന്നും കീറി നിലവിളിച്ച അന്ന്
ഇതേ കാര്യം ചോദിച്ചിരുന്നു.

ആരുമില്ലാനേരത്തില്‍ കുന്നിന്‍നെറുകയില്‍ നിന്നും
വീണ കാറ്റിനെ കോരിയെടുത്ത ശാഖയടര്‍ന്നതുപോലെ
വളരെ ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
സമുദ്രംപിന്‍വാങ്ങിയ ദിവസം നീ മറന്നിട്ടില്ലല്ലോ?
ഒരു കുഞ്ഞ് തിരയില്‍ സംസ്കരിക്കപ്പെട്ട അന്ന്
ഇതുപോലൊരു ചോദ്യം നിന്റെ കണ്ണുകളില്‍ തുളുമ്പിയിരുന്നു.


വിരിഞ്ഞ പൂവിനും കൊഴിഞ്ഞപൂവിനുമിടയില്‍
മൃദു ദലങ്ങളുടെ മടിയിലെ താരാട്ട് വര്‍ണങ്ങള്‍
പലമാത്രകളായി അഴിഞ്ഞകന്നതുപോലെ
വളരെ ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
പിറന്നാള്‍ ദിനത്തില്‍
ചരമപ്പെട്ടവന്റെ വീട്ടിലേക്ക്
നടക്കുമ്പോള്‍
നീ ചോദിക്കാനാഗ്രഹിച്ചത് മറ്റൊന്നുമായിരുന്നില്ല.

വളരെ ശാന്തമായി
എന്നില്‍ നിന്നും
നേര്‍ത്തയഞ്ഞ ഒരു മരണാന്തരമറുപടി
വളരെ ശാന്തയായി
നീ കേള്‍ക്കാതിരിക്കില്ല.

Wednesday, July 20, 2016

സ്തുതിക്കുന്നു നിന്നെ


ഹേയ് സൂര്യ,
ഏതുപെണ്ണിന്‍ അണിവയര്‍ത്തടത്തിലൂട
സ്തമിക്കാനോടിക്കുതിച്ചു തുടത്തുനീ?
ഹേയ് സൂര്യ,
നിന്നായിരം സിന്ദൂരക്കതിരുകള്‍ കോതിയൊതുക്കി
മടിയില്‍ക്കിടത്തിക്കവിളില്‍
ജ്വലിക്കുന്ന ചുംബനമധുരപ്രകാശമായി
നിഴല്‍വീഴാത്തഴകായി
നിന്നില്‍ നിറഞ്ഞുദിക്കുന്നതാരിവള്‍?
ഹേയ് സൂര്യ,
ആരുടെ മൊഴിച്ചന്തങ്ങള്‍
പുഞ്ചിരിതൊട്ടുഴിയും ഹൃദയനാളങ്ങള്‍?
സ്വസ്ഥമായി ലയിക്കുന്ന സ്വപ്നമായി പകരുന്ന
സ്വര്‍ഗമായുണരുന്ന സാന്ധ്യവര്‍ണാധരങ്ങളായ്
നിന്നിമകളില്‍ ഹരിതസ്നേഹം കുറുകിയ
മൃദുപത്രമായൊട്ടിച്ചേരുന്നതാരിവള്‍?
ഹേയ് സൂര്യ,
ഋതുക്കള്‍ വിരിച്ചിട്ട ശയ്യയില്‍
നീ വാരിപ്പുണര്‍ന്നു പറന്ന മാഹാകാശം
പൊഴിയുന്നു താരകള്‍.
ആയിരം വട്ടം സ്തുതിക്കുന്നു നിന്നെ ഞാന്‍ സൂര്യ.
ഉണരാന്‍ വൈകുമോരോ നിമിഷാര്‍ധത്തിനും സ്തുതി
മറന്നുറങ്ങും മാര്‍ത്തടത്തിനും സ്തുതി
കാലമായി പിണഞ്ഞുകുറുകുമുടലിനും സ്തുതി
കര്‍മവും സാക്ഷി 
കാലവും സാക്ഷി
Thursday, July 7, 2016

നിനക്കറിയില്ലല്ലോ...


ഏറെ മൗനവും കുറച്ച് അവ്യക്തവാക്കുകളും
മാത്രമാണ് എന്റെ ഭാഷ
ദീര്‍ഘിച്ചും കുറുകിയും
മഴ കുതിര്‍ന്നും വെയില്‍പൊളളിയും
അരികുകള്‍ പൊടിഞ്ഞ് ചെതുക്കിച്ച ലിപികള്‍
ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒരേ പോലെ.
ജനിച്ചപ്പോള്‍ കരയാത്തയക്ഷരം
മരിക്കുമ്പോഴും കരിയാതിരിക്കും.
ഓരോ അക്ഷരവും ഞാന്‍ തന്നെ-
ശൈശവത്തില്‍ നിന്നും വാര്‍ധക്യത്തിലേക്ക്
ഒരാള്‍ നടക്കുന്നതു പോലെ.
കൊഴിയുന്ന പൂക്കള്‍കൊണ്ട് ഞാന്‍ സംസാരിക്കും
പുഞ്ചിരികൊണ്ടറിയില്ല.
മുലപ്പാലൂട്ടാനും ഒപ്പം
ചെന്നിനായം പുരട്ടാനും എന്റെ ഭാഷയ്കറിയില്ല
ഉരുള്‍പൊട്ടിയടിത്തട്ടില്‍
മണ്ണപ്പം കളിക്കുന്ന മൃതദേഹങ്ങള്‍ക്ക് മനസിലാകും
ശവം മാന്തിയെടുത്ത് വീണ്ടും കുഴിതോണ്ടുന്ന
ജെ സി ബി യ്ക് തിരിയില്ല.
താരാട്ടിന്റെ ഈണങ്ങള്‍ വഴങ്ങില്ല.
സുഖതാളം നിദ്രയിലേക്കുളള ക്ഷണമത്രേ.
സ്വപ്നങ്ങളുടെ കാട്ടില്‍ ഒറ്റയ്ക് പോയി ശരമുനയില്‍ കോര്‍ക്കുമ്പോള്‍
കനിവോടെ പ്രണയിനിക്ക് നീട്ടുന്നത്
അടര്‍ന്നു വീണ തൂവലുകള്‍
പറന്നതൊക്കെയും അവ പറയാറില്ല-
നിലം പററിക്കിടക്കുന്നവയുടെ ഭാഷാഭേദങ്ങള്‍
നിനക്കറിയില്ലല്ലോ.


Friday, May 13, 2016

മഴക്കടല്‍ത്തീരത്ത്


നനമണ്ണില്‍ വിരിഞ്ഞുകിടന്നു
ഇരുദിക്കിലേയും തീരദൂരത്തിലേക്ക് കൈകള്‍ നീട്ടി.
കാല്‍വിരല്‍മുറിവ് ഉപ്പുനീരിലേക്ക് വരവേറ്റു
ഈര്‍പ്പം സ്നേഹിച്ച വസ്ത്രങ്ങള്‍
ശരീരത്തില്‍ പൊടിഞ്ഞ വേരുകളെ തടഞ്ഞില്ല.
ആദ്യം അല്പം ഒതുങ്ങി പന്നെ ഉയര്‍ന്ന്
പൊതിഞ്ഞ് ആശ്ലേഷത്തിരകള്‍.
മഴയുടെ നേര്‍ത്ത കവിതാലാപനം
കണ്ണിലും ചുണ്ടിലും നെറ്റിയിലും തൊട്ടു തൊട്ട് ചില വരികള്‍
നേര്‍ത്ത ചാലുകളായി .
നോവുറഞ്ഞ അക്ഷരങ്ങള്‍ ഞണ്ടുകളായി
ഭൂമിയുടെ ഹൃദയത്തിലേക്ക് വെമ്പി.
ചെമ്മീനിലെ അവസാനദൃശ്യം ഓര്‍ത്തിട്ടാകാം
ഞണ്ടുകള്‍ വേഗം ഉള്‍വലിഞ്ഞു.
അസ്തമിച്ചുപോയ സൂര്യനിപ്പോള്‍ ഏതു മരണരാശിയിലായിരിക്കും?
ഡയറിക്കുറിപ്പുകളില്‍ നിന്നും ഓരോരോ വരികള്‍
തീരത്തേക്ക് തിരകള്‍ക്കൊപ്പം അടിയുന്നുണ്ട്.
കരഞ്ഞുകുതിര്‍ന്ന കാറ്റില്‍ അവയും വിതുമ്പുന്നുണ്ട്
എല്ലാവരും ഒഴിഞ്ഞുപോയ
ഈ മഴക്കടല്‍ത്തീരത്ത് കിടന്നുറങ്ങിക്കോട്ടെ
ഇന്നത്തെ രാത്രി?

Wednesday, January 13, 2016

ഒരു...
ചെളിയിലുപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന്‍
നിലവിളി പോലെ
അനാഥമായ പാദങ്ങളില്‍
വഴിമുറിച്ചു കടന്നപ്പോഴാണ്
ഒരുതുളളിച്ചോരയുടെ
ഓര്‍മ ചിതറിത്തെറിച്ചത്.
നിലംപറ്റി അമര്‍ന്നടങ്ങിയപ്പോഴും
വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു മറവിയുടെ മഴക്കാലം.
മോര്‍ച്ചറിയിലേക്കെടുത്ത കലണ്ടറിലെ
ചുവന്നയക്കങ്ങള്‍ കറുപ്പിനെ സ്തുതിച്ചു.
വിലാപത്തിന്റെ ചതുരപ്പെട്ടികള്‍ക്കുളളില്‍
സമാധാനപ്പെട്ടവയിലേക്ക്
ഒരു നെടുനിശ്വാസം.
പ്രണയത്തിന്റെ ചോരമണം
ഉയിര്‍പ്പു കാത്തു കിടക്കുന്നു.