Thursday, September 29, 2011

വാക്കിന്‍ ശവപേടകം

വാക്കുകള്‍ ചെടികളാണ്
ഋതുക്കള്‍ പ്രസാദിക്കും ഇലകളും 
ഇതളുകളും ശാഖകളുമായി അത് പന്തലിക്കും 
വാക്കിന്‍റെ ചോരനൂല്‍വേരുകള്‍ 
പറ്റിപ്പിടിച്ച ഒരു ഹൃദയം എനിക്കുണ്ട് 

വാക്കുകള്‍ പറവകളാണ് 
പുലരി ഗീതങ്ങളുടെ ചിറകുകള്‍ ആകാശം തേടും 
കടല്‍ത്തിരയുടെ സമ്മാനവും
വനാന്തരത്തിന്‍റെ   മാധുര്യവും 
തണലുകളിലെ കിനാക്കളും 
അവ കൊത്തിപ്പെറുക്കും  
നക്ഷത്രങ്ങളെ പ്രാര്‍ഥിച്ചു ചേക്കേറുന്ന 
വാക്കിന്റെ ഒരു ചില്ല എനിക്കുണ്ട്

വാക്കുകള്‍ ഗ്രാമത്തിലെ മഴയാണ് 
മഴയുടെ വര്‍ത്തമാനവും 
വര്‍ത്തമാനത്തിലെ മഴയും ഇരട്ടക്കുട്ടികള്‍ 
വിണ്ടു കീറിപ്പോയ മണ്ണിന്‍റെ
കണ്ണികളെ അത് പെയ്തടുപ്പിക്കും 
നിറഞ്ഞു പെയ്യുന്ന മഴമനസ്സ്
എന്റെ ജാതകത്തിലുണ്ട് 

വേരില്ലാത്ത മഴയുടെ ചിറകറ്റ പോലെ  
ലോകാവസാന സന്ദേശം
നാക്കില്‍  തറച്ച ശരവുമായ് 
വാക്കിന്‍ ശവപേടകം 
പാതി അടഞ്ഞും  
പാതി അകന്നും 


 
 

Tuesday, September 27, 2011

ഉച്ചത്തണലിലെ ഇന്ദ്രനീലിമ

New window
More



മയില്‍‌പ്പീലിക്കണ്ണുകളില്‍  നിന്നും നുള്ളിയെടുത്ത ഇന്ദ്രനീലം
മദ്ധ്യാഹ്നം സമുദ്രഹൃദയത്തില്‍ ചേര്‍ത്തു വെച്ചു
സ്നേഹധമനികളില്‍ മയിലാട്ടവര്‍ണങ്ങള്‍ പരക്കാന്‍ തുടങ്ങി.
കടല്‍മധ്യമേഘത്തണലില്‍ മനസ്സുകള്‍ നീന്തിത്തുടിച്ചു

കൃഷ്ണമണികളുടെ അഗാധ താഴ്വാരത്തില്‍
തിരകളുടെ പ്രണയ മന്ത്രങ്ങള്‍ സമാഹരിക്കപ്പെട്ടു
ഊര്‍ജത്തിന്റെ എകാഗ്ര ബിന്ദുവില്‍
കാറ്റ് ധ്യാന നിമഗ്നമായി
പിന്നെ,
കടലിന്റെ കതിരുകള്‍ ചാഞ്ചാടി

ആഴക്കടലിലേക്ക് അവന്‍ തോണിയിറക്കി
കൈക്കരുത്തിലേക്ക് കടല്‍ ഒതുങ്ങിക്കിടന്നു
ലഹരി പതഞ്ഞ കടല്‍സിരകളില്‍ സുഖാലസ്യ
സൂര്യ ചുംബനങ്ങള്‍ വീണു കൊണ്ടേയിരുന്നു..








Thursday, September 8, 2011

പ്രവാസിയുടെ ഓണ സന്ദേശങ്ങള്‍

1
എന്‍റെ കിടക്ക ,ഞാന്‍ ഒറ്റയ്ക്കാണ്
എന്‍റെ ഉള്ളില്‍ നീ കൂര്‍ക്കം വലിച്ചുറങ്ങുന്നോ ?
ഉം.... രാത്രിക്ക് ഇരുട്ടും കുളിരും കൂടുതലാണ്
2
ഇപ്പോള്‍ രാവിനു തിരുവാതിരനക്ഷത്രം നല്‍കും
പൂര്‍ണനഗ്ന ചിന്തകള്‍
നിലാവിന്റെ കണ്ണാടിയില്‍ വീണ്ടും വീണ്ടും
നിന്റെ  പ്രതിബിംബ തീവ്രത
3
ഇല്ല ,ഇന്നുമില്ല നിന്റെ സന്ദേശങ്ങള്‍
സെല്‍ഫോണ്‍ സ്നേഹതാപം  ജ്വലിക്കും വാക്കുകള്‍
താങ്ങാന്‍ കെല്‍പില്ലാതെ തകര്‍ന്നു കാണും
4
ക്ഷമ -ഞാന്‍ ആ വാക്കിനെ ഇന്ന് ചവിട്ടിത്തേച്ചു  ചുട്ടെരിച്ചു
ദിനങ്ങളുടെ ചാരത്തില്‍ കുഴച്ചു കലക്കി ഓടയിലോഴുക്കി.
ഇനി വയ്യ .
അക്കങ്ങളെ തടവിലിട്ടിരിക്കുന്ന എല്ലാ കലണ്ടറുകളും
ശാപവചനങ്ങളില്‍ കത്തിയെരിയും  തീര്‍ച്ച .
5
ശനി- ഞായര്‍ - തിങ്കള്‍ -ചൊവ്വ- ബുധന്‍ - വ്യാഴം തീര്‍ന്നു
ഞാന്‍ നിന്നിലേക്ക്‌ പതിക്കുകയായി
പകലും രാത്രിയും പരസ്പരം മറന്നുപോകുന്ന മടിത്തട്ടില്‍.
പുലരിയും സന്ധ്യയും  നിമിഷാര്ദ്ധത്തിലേക്ക് അകലം കുരുക്കും.
കൃഷ്ണമണിക്കതിരുകളില്‍ അവിശ്വസനീയമായ പുതുക്കാഴ്ച്ച
സമാഗമസൌഗന്ധികമധുരം  ചേര്‍ക്കുമെന്‍ തേന്‍പൊന്നോണമേ...
6
എല്ലാ കൊതികളും കൂട്ടി വെച്ചു പെരുംകൊതിയുമായി
മനോവേഗതയില്‍ നിറമഴമേഘമനസ്സുമായി
ഞാന്‍ വന്നുകൊണ്ടേയിരിക്കുന്നു

വന്നുകൊണ്ടേയിരിക്കുന്നു...
ഒരു പുല്‍ക്കൊടി പോലെ നീ വിറകൊളളും.
ഓണനിലാതിങ്കളായി  നിന്നില്‍ പൂക്കളം എഴുതും
7
............................................................
...............................................................
.......................................................
............................................................




















Saturday, September 3, 2011

അത്തക്കിറ്റ് 2011

ചൂടാനും കളത്തില്‍ ചമയാനും തുളളാനും തൂവാനും
ചുണ്ട് ചുമപ്പിച്ചും കണ്ണെഴുതിയും  താലം കവിഞ്ഞും
ഓരോരോ മധുമൊഴിയില്‍ വിടര്‍ന്നും കൂട്ടമായി എത്തും
അത്തപ്പൂക്കള്‍ അയലത്ത് നിന്നും ...

ഏതു വേണം ?  മൊട്ടിട്ടപ്പോള്‍
ചോയിസ് പ്രതീക്ഷിച്ചിരുന്നില്ല 
കൊടുംതമിഴില്‍ വിരിഞ്ഞ  നുണക്കുഴികള്‍ 
ആടി ഉലയും കുലഭാരം
പൂമ്പൊടി പടര്‍ന്ന ഞെട്ടുകള്‍ .
അരഞ്ഞാണം കെട്ടിയ പൊന്കുലകള്‍
ഒന്നെടുത്താല്‍ മണം ഫ്രീ 
രണ്ടെടുതാല്‍ മധു ഫ്രീ
മൂന്നു  എടുത്താല്‍ ..?!

നഗരത്തില്‍ അത്തപ്പൂ തേടിപ്പോയപ്പോള്‍   മറന്ന ഒരു മണം ഈ തൊടിയിലുണ്ട്
മത്സരിക്കാന്‍  മനസ്സില്ലാത്ത മഴ നനയുന്ന  ഇതളുകള്‍
കൃഷ്ണകിരീടം  കരഞ്ഞപ്പോള്‍ മൂവന്തി ചേല ഉടുത്തിറങ്ങി 
അതു കണ്ടു നന്ത്യാര്‍വട്ടം പൂക്കൂടയില്‍ ച്ഛര്‍ദിച്ചു   
തെച്ചിയും ചെമ്പകവും ഓണപ്പരീക്ഷ എഴുതിയില്ല
ജ്വരം വന്നു പിടഞ്ഞു   മരിച്ചതിനാല്‍ പേര്‌ വെട്ടിയ പൂക്കള്‍ ..
ചെമ്പരുത്തി ഒരു രൂപ റേഷന്‍ വാങ്ങാന്‍ പോയി


ചാനലില്‍  ഉത്രാടറിയാലിറ്റി ഷോയില്‍ ഓണനിലാവു 
എലിമിനേഷന്‍  റൌണ്ടിലേക്ക് കടക്കുമ്പോള്‍ ..
അമ്മ ആദര്‍ശം പറഞ്ഞു.
"നാട്ടു പൂവിന്റെ സ്നേഹം തോവാളപ്പൂവിന്‍ മടിക്കുത്തില്‍ കിട്ടില്ല,"
വീണ്ടും അമ്മ  പിറു പിറുത്തു.
"ഓ.. "
പൂര്ത്തിയാക്കാത്ത ഒരു ഓര്‍മ  


*