Saturday, April 23, 2011

കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര .

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി ചോര..
പേറെടുക്കാന്‍ കാത്തു നിന്നോള്‍ വിതുമ്പി.
മാന്തളിരിലയുടെ സ്വപ്നം അറുത്തു പിഴിഞ്ഞപോലെ..
തുടിപ്പില്ലാതെ ഊറി വന്ന പിറവി.


പാലൂട്ടാന്‍ ചുരന്ന ഞെട്ടുകള്‍ ഞെട്ടി
തേനും പാലും നാവില്ലാതെ മടങ്ങി
താരാട്ട് മുഖം പൊത്തി നിലവിളിച്ചു
ശവത്തൊട്ടിലാട്ടങ്ങള്‍ മിഴി താഴിട്ടു പൂട്ടി

മാനം കുത്തിപ്പഴുത്ത മുറിവില്‍
പൊത്തിത്താങ്ങിയ മരുന്ന് കുതിര്‍ന്ന
പഞ്ഞിമേഘക്കെട്ടുകള്‍
കവിഞ്ഞൂറുംപോള്‍
പ്രസവ വാര്‍ഡു മോര്‍ച്ചറി .

കംസ ദൂതുമായി
പരശുരാം പാളത്തിലൂടെ പായുന്നു.
ബോഗികളില്‍ നിറയെ കുഞ്ഞുങ്ങള്‍

ശബ്ദങ്ങള്‍ ക്രൂശിക്കപ്പെട്ടു .
ഉയര്ത്തെഴുന്നെല്‍ക്കാനാവാത്ത്ത വിധം
ഗുഹാമുഖത്ത്‌ ഉരുട്ടി വെച്ച മാംസക്കല്ല്

കന്നി പ്രസവത്തിനു നഷ്ടപരിഹാരം
അന്വേഷണ കമ്മീഷന്‍ അവയവമില്ലാത്ത്ത
തെളിവെടുപ്പിന് നല്‍കിയ നോട്ടീസാണ്
അതാണ്‌ ജനന സര്‍ട്ടിഫിക്കറ്റു


അസംഖ്യം പാറ്റകള്‍ അടുക്കളയില്‍
ചത്തു മലച്ചു കിടക്കും പോലെ
അയല്‍വീടുകളില്‍ നിലവിളികളില്ലാത്ത
അമ്മമാരുടെ മടിത്തട്ടുകളില്‍ നിര്‍വികാരം..

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി..
ദൈവമേ അങ്ങയുടെ ഭവനത്തില്‍
വാര്‍ദ്ധക്യഭാവ ശിശു മുഖങ്ങളില്‍
അന്തക (സള്‍ഫാന്റെ ) സല്ലാപം !

അഹങ്കാരം തലപ്പാവ് വെച്ച അധികാര
ശീര്‍ഷത്ത്തിലേക്ക്
പരശുരാം പായുന്നു.
ഹൃദയ പാളത്തിലൂടെ





Sunday, April 10, 2011

പ്രകടന പത്രിക.


നക്ഷത്ര ചിപ്പിയില്‍ തേന്‍ നിലാവ് കുറുകിയ ഹര്ഷോന്മാദചുംബനം..

മഴവില്ല് നെയ്ത കനകക്കസവുള്ള ഉടയാടയിലോരുങ്ങി വരും
സന്ധ്യയുടെ കൈത്തണ്ടയില്‍ കവിള്‍ ചേര്‍ത്തൊരു സുഖ നിദ്ര.
കാറ്റിന്‍ കവിതയില്‍ അകം പൂത്തൊരു മേഘതല്‍പ്പത്തില്‍
വെഞ്ചാമരം വീശും സ്വപ്നം കൊണ്ടൊരു താലിത്തിളക്കം.
രാവില്‍ ശാഖകളില്‍ തിരയിളക്കി പാലമരം ചിറകു വീശി ഉയരും ദാഹം.
പാതി ചാരിയ കരളില്‍ അനുഭൂതി ജ്വലിക്കും ശംഖുനാദസ്പര്‍ശം. .
സപ്തസാഗരസംഗമം വിശ്വലയ വിസ്മയം വിടരും നായനാലിംഗനം. ..