Tuesday, August 30, 2016

പനിയോണം

പനിയുടെ വിരലുകള്‍ ചുളളിക്കമ്പുകളാണ്
പെട്ടെന്ന് തുമ്പുകളില്‍ ജ്വാല പൂക്കും
വിരലുകള്‍ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുക
അഗ്നിക്കോലങ്ങളുടെ നൃത്തച്ചുവടുകള്‍
ശിരസില്‍ അനുഗ്രഹസ്പര്‍ശം


പനിയുടെ വിരലുകള്‍ ഇലകൊഴിഞ്ഞ ചില്ലകളാണ്
ശൈത്യത്തിന്റെ ഉറക്കറകളിലേക്ക് തുമ്പില്‍ നിന്നും
ഓര്‍മയുടെ മഞ്ഞുതുളളികള്‍ ഇറ്റു വീഴും
പുതച്ചുകിടക്കാം
സ്മരണശ്മശാനത്തിലെ താരാട്ടുതൊട്ടിലില്‍ .


പനിയുടെ കാക്കവിരലുകളോരോന്നും തൊട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്
ഇതമ്മ,  
ഇതച്ഛന്‍,  
ഇത് ചേച്ചി,  
ഇത് വല്യമ്മച്ചി,  
ഇത് ...?


ആഘോഷങ്ങള്‍ കഴിഞ്ഞ്

തിരികെ വരുമ്പോള്‍
പനിയുടെ അവസാന വിരലിന് നീ പേരിടണം



Monday, August 8, 2016

അപൂര്‍വം



നൂല് മഷിയോട് കൂടുതല്‍ സംസാരിക്കില്ല
ഇളം ചൂടിലേക്ക് ചേര്‍ത്തുവെക്കുന്ന മുഖം പോലെ.
കിളിവാതില്‍ രാത്രിയെ കൈമാടി വിളിച്ചതും
ഒരു കാറ്റു കടന്നു വന്നതും
തിരിനാളം വിറച്ചാലസ്യപ്പെട്ടതും
ഗന്ധര്‍വഗാനങ്ങള്‍ ഭിത്തിയില്‍ പതിഞ്ഞതും
പനിപിടിച്ചുതളര്‍ന്ന രാവിന് കുറുന്തോട്ടിവാത്സല്യം
പ്ലാവിലകോട്ടി കോരി നല്‍കിയതും
ഒന്നുമേ ഉരിയാടാതെയായിരുന്നു
നൂല് മഷിയോട് ചെയ്യുന്നതിന്റെ ഭാഷ
നൂലില്‍ത്തന്നെ ആത്മാര്‍ഥമായി പകര്‍ന്നിട്ടുണ്ടാകും
ഒരു തുളളിമഷിയ്ക് ഒരു ജീവിതമാകാനധികം
സംസാരിക്കേണ്ടതില്ല