Saturday, May 18, 2013

നിന്നെയും നിന്റെ സ്വപ്നങ്ങളേയും


വേദനയുടെ കൊടുമുടിയില്‍ നിന്ന്
നിന്നെയും നിന്റെ സ്വപ്നങ്ങളേയും ഞാന്‍ ചുംബിക്കും
നീ ഒരു മേഘത്തില്‍ കയറി വരണം
അസ്തമയസൂര്യന്റെ അടുത്തേക്കു തോണി ഒറ്റയ്ക്ക തുഴയണം
അപ്പോളൊരു തിര നിന്നെ കോരിയെടുത്തുമേഘത്തിലേക്കുയര്‍ത്തും
വഴിയില്‍ മരുക്കാറ്റിന്റെ സ്തുതിവചനങ്ങള്‍ക്കു കാതു കൊടുക്കരുത്
നിറയെ ചുട്ടുപഴുത്ത മണല്‍ത്തരികള്‍ വീഴും
ദൂരമോര്‍ത്ത് വിഷമിക്കേണ്ട
വേദനയോളം വലുതല്ല ദൂരം
എന്റെ ചുംബനം
അത് ചുണ്ടുകളുടെ സ്പര്‍ശമല്ല
ഹൃദയാഘാതത്തിനുമുമ്പുളള ഓര്‍മയെന്ന പോലെ
രക്തത്തില്‍ കടഞ്ഞ അമൃതാണ്.
നീ എത്താനെത്ര വൈകിയാലും ഈ ചുംബനം
നിനക്കായി ഇവിടെയുണ്ടാകും.
കവിളില്‍ ഒരു നിമിഷം അതു
ഉദിച്ചുയരുംMonday, May 13, 2013

പ്രിയനേ എന്നല്ലാതെ?


രാത്രി കുറെ പനനീരു തന്നിട്ടുണ്ട്
അത്  തരാം 
നിനക്കു വസന്തത്തിന്റെ ഭ്രാന്തു പിടിക്കും

മറ്റാര്‍ക്കും വെട്ടപ്പെടാതെ വരുന്ന ആദ്യത്തെ രശ്മി 
നിന്നെ അനുഗ്രഹിക്കുന്നതെങ്ങനെയെന്നു
എനിക്കു കാണണം
നിന്റെ കിടക്ക
ഈ താഴ്വാരത്ത് വെയ്ക്കട്ടെ.

കാപ്പിപ്പൂക്കളുടെ മണമുളള പുലരികൊണ്ടു നിന്നെ പുണരാന്‍
ഇനി ഒരു നിമി‍ഷം പോലും ഹാ!, ബാക്കിയില്ല
നീ നിന്റെ കറുത്തുവളഞ്ഞ കണ്‍പീലികള്‍
പതിയെ വിടരുന്നത് കൗതുകം തന്നെ.

ആകാശത്തിനു കീഴിലുണരുമെന്ന് നീ കരുതിയിട്ടുണ്ടാകില്ല
ഈ പ്രഭാതത്തെ നീ എന്തു പേരിട്ടു വിളിക്കും


Wednesday, May 8, 2013

കാല്പെരുമാറ്റം ?..

കാല്പെരുമാറ്റം ?..
വെളുത്തഗുളികയോ ഓറഞ്ചോ വരികയാവും
ഓറഞ്ചിന്റെ ഓരോ അല്ലികളിലും ഓരോ സത്യമുണ്ട്.
സന്ധ്യകളുടെ പകര്‍ച്ച കരംഗ്രഹിച്ച കടല്‍ത്തീരനടത്തം
അല്ലെങ്കില്‍ വരിക്കപ്ലാവ് താളം പിടിച്ച ഊഞ്ഞാല്‍പ്പാട്ട്
നാലുമണിവിട്ട് പുറത്തേക്കോടിയ സ്ലേറ്റില്‍ മായുന്ന ചിത്രങ്ങള്‍..
അങ്ങനെയങ്ങനെ..
ഗുളികകള്‍ ഗുരുക്കന്മാരേയോ പുരോഹിതന്മാരെയോ പോലെയാണ്.
ഗൗരവം വിടാതെ കര്‍മം ചെയ്യണം.
സൂര്യനും ചന്ദ്രനുമെല്ലാം ഗുളികകളാണെത്രേ!
പകലു കഴിക്കേണ്ടവ രാത്രികഴിക്കേണ്ടവ...

ഇനി വരുന്നത്
നനഞ്ഞുകുതിര്‍ന്ന കണ്ണുകളുളള വെളിച്ചമാകാം.
സൂചിപ്പാടുവീണ നിലഞരമ്പുകളില്‍ ഓര്‍മകള്‍ വിതുമ്പും.
ജനാലകള്‍ക്കപ്പുറം ചിറകടി ഞാന്‍ കേള്‍ക്കുന്നുണ്ട്..
രോഗിയേക്കാള്‍ രോഗം ആ മുഖത്താവും.

സമയത്തിന് കടിഞ്ഞാണിടുന്ന നിമിഷം.
കാലവധി തീര്‍ന്ന ഗുളികകള്‍ പോലെയാണ്.

എങ്കിലും
അടുത്ത വാര്‍ഡില്‍
വേനല്‍വിത്തിന്റെ കടിഞ്ഞൂല്‍മുള
ഋതുക്കകള്‍ക്കകലെയുളള പൂവിനെയും
തീപ്പൊളളലേറ്റ മണ്ണ് മാനവരമ്പിനുമപ്പുറത്തു നിന്നും
എന്നോ പുറപ്പെട്ടേക്കാവുന്ന മഴയുടെ ആലിംഗനത്തേയും
റെയില്‍വേ ട്രാക്കിലെ വേഗതക്കെതിരേ പിടിച്ച മനസ്
ഇളം കാറ്റ് തലോടുന്ന പുഴയെയും പ്രതീക്ഷിക്കുന്നല്ലോ..
പ്രതീക്ഷയുടെ കൈനീട്ടം കിട്ടിയില്ലായിരുന്നെങ്കില്‍..?
സമാധിയിലെ  ശലഭം 
എന്റെ ചിറകുകള്‍ കാംക്ഷിക്കുന്നതു പോലെ.

Monday, May 6, 2013

സംഭവിച്ചത്


വീടിനും റോഡിനുമിടയില്‍ വെച്ചാണത് സംഭവിച്ചത്.
ഒരു സ്പര്‍ശമൂര്‍ച്ച-
ബ്ലേഡ്!
വെട്ടിത്തിരിഞ്ഞു
ആരുമില്ല
രാജമല്ലികനകാമ്പരംമന്ദാരം
മുല്ലപിച്ചി,ചെമ്പകം...
മറ്റൊന്നുമില്ല.
ഇലയിളക്കം മാത്രം
പുറം നീറിപ്പുളയുന്നു
ബ്ലൗസിനകത്തിറങ്ങി
വിരല് നനവെടുത്തു
ബ്ലഡ്!
ചെടിത്തലപ്പില്‍ ചോപ്പ് കണ്ണിറുക്കി.
ബ്ലഡ്ബ്ലേഡ്...
ഭീതിയുടെ കുടങ്കഥ പടര്‍ന്നു കയറി.
പല്ലും നഖവും മുളയ്ക്കുമോ നാട്ടു ചെടികള്‍ക്കും?


പ്രാര്‍ഥനാപുസ്തകം തുറക്കുമ്പോഴാണതു
സംഭവിച്ചത്...
ഉഷ്ണം വസ്ത്രത്തെ ചീത്ത പറഞ്ഞു
ആ നിമിഷം കറന്റ് ഇരുളിന്റെ ബലാത്കാരം നടത്തി.
മേശപ്പുറത്ത് ദാഹജലം മറിഞ്ഞു തൂകി.
ധൈര്യമുടഞ്ഞു ചിതറി.

നക്ഷത്രജാലകം തുറക്കുമ്പോള്‍ വിരലുടക്കി


പൂത്തിരുവാതിരച്ചുവടുകള്‍ക്കൊപ്പം
പാടാനെത്തിയതാണ് പതിനാലു തികഞ്ഞ ചന്ദ്രിക
അരങ്ങത്തു ചുറ്റിപ്പറ്റി ആസ്വദിച്ചു നിന്ന മേഘം
വായ് പൊത്തിയെടുത്തു തിരശീല വീഴ്ത്തി
മാനവും തരകങ്ങളും പിരിഞ്ഞു.
വെളിച്ചത്തിനു മീതേ ഇരുളുണ്ടായി 
എന്നു ദൈവം തിരിച്ചറിഞ്ഞു.