Friday, March 15, 2019

ഓര്‍മച്ചുണ്ടുകള്‍

ആദ്യം അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകളാകും
അസ്തമയച്ചോപ്പുകളിലലിഞ്ഞവ
ഉള്‍ക്കാതിലേക്ക് കടല്‍രഹസ്യം മൊഴിഞ്ഞവ
പ്രാണവായുവൂതിയുലതെളിയിച്ചവ
പ്രണയോദയങ്ങളിലാനന്ദം വിതുമ്പിയവ
മഴക്കിലുക്കത്തിലുരുമ്മിയുണര്‍ന്നവ
രക്തരുചിയില്‍ നൊന്തുയുയിര്‍ത്തവ 
തിരുനെറ്റിയില്‍ വീണ രാവിന്റെ പ്രണയാധാരം 
ആദ്യം അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകള്‍ തന്നെയാകും
അപ്പോള്‍
ചുണ്ടുകളുടെ മേല്‍ ഓര്‍മവിത്തുകളുടെ വേരുകള്‍ പടരാതിരിക്കില്ല



ഞാന്‍ നിന്നെക്കുറിച്ചേറെ പറഞ്ഞിട്ടില്ല
നിന്റെ ശരീരത്തെക്കുറിച്ചൊട്ടുമേയും
പിന്നൊരിക്കല്‍ പറയാനവശേഷിച്ചില്ലെന്നിരിക്കാമതിനാല്‍
ഇന്നു പറയാം
നിന്റെ ചുണ്ടുകളെക്കുറിച്ച്


ചുണ്ടുകൾ എത്ര വിലക്കിയാലും
കാറ്റിനെപ്പോലെ വർത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും
ഈ കണ്ണാടിയിൽ നോക്കു
സൂക്ഷിച്ചു നോക്കൂ
ചുണ്ടുകളിലേക്ക് തന്നെ നോക്കൂ
കണ്ണിമ പറിക്കാതെ നോക്കു
! ചുണ്ടിന്റെയിരു വശത്തും നോക്കൂ
തിരകളിലേക്ക് ഹൃദയം തുഴയുന്ന തോണി.
അതിൽ നിന്നും പറന്നുയരുന്ന ചിറകടികൾ
ഹംസ ദൂതിന്റെ മഹാഗാഥകൾ മറിക്കൂ



ദേ ,ഒരു പുഞ്ചിരിപ്പൂവ് വിരിയാൻ തുടങ്ങുന്നു
അത് മൂടിവെക്കാൻ പാടുപെടുന്ന ചുണ്ടുകൾ
ചെറു കാറ്റിലിളകുന്ന നിലാവിലാരോ ചിലങ്കകെട്ടുന്നു.
ചുണ്ടുകള്‍ താളമാകുന്നു.


മറഞ്ഞ നാടുകൾ കണ്ടെത്തിയ പ്രാചീന സമുദ്ര സഞ്ചാരി
നൗകയടുപ്പിച്ച തീരവിസ്മയം .
ശരിക്കും എത്ര മനോഹരമാണ് ഈ ചുണ്ടുകൾ.
മറ്റാർക്കുമില്ലാത്തത്ര നിഷ്കളങ്കത മാർദവപ്പെട്ടത്
പരിശുദ്ധിയുടെ ചുംബനം കൊണ്ട് തുടുത്തത്
പനിനീർ ചാമ്പക്കയുടെ മനത്തിളക്കം
കാത്തു കാത്തു പൂത്തയപൂർവ്വ പുഷ്പം
ഇത്തരം വിശേഷണങ്ങൾ കൊണ്ട് 
കവികളെത്ര പാടിയാലുമത് പോരാതെ വരും.


സൂക്ഷിച്ചു നോക്കൂ
ദേഷ്യത്തിന്റെ പ്രഭാത നാളം കീഴ്‌ച്ചുണ്ടിലുണരാൻ തുടങ്ങുന്നു
ഉം
നാരുകൾ കൊണ്ട് തുന്നാരൻ കിളി ചെയ്യും പോലെ ചുണ്ടുകൾകൂട്ടിത്തുന്നിവെക്കണം,
പക്ഷെ
 സ്നേഹാകാശത്തേക്കുള്ള ജാലകമില്ലാതെ അതിന്റെ പൂർണത?



നിന്നോടു തോറ്റു
വഴക്കാളി
അനുസരണയില്ലാത്തത്
എന്തൊക്കെ വേണമെങ്കിലും പറഞ്ഞുകൊള്ളുക
എങ്കിലും പരിധി വിട്ട്
ചുണ്ടുകളെ ശാസിക്കരുത്
കാരണം അത് പങ്ക് വെക്കപ്പെട്ടത്.
ഇരു ശരീരങ്ങളായവ ലയിച്ചു കൊണ്ടിരിക്കും
ലയിച്ചു കൊണ്ടേയിരിക്കും...



ഓ എന്തിനാണ് വെറുതേ ഓര്‍മകളില്‍ ചുണ്ടൊപ്പുന്നത്?
മൗനത്തിന്റെ പുതപ്പുമൂടിയ ചൂണ്ടുകളെ പ്രകോപിപ്പിക്കാന്‍
എത്രനാളായി ശ്രമിക്കുന്നു?
ചുണ്ടുകള്‍ കൊഴിഞ്ഞ വന്മരം തണലിനെ ക്ഷണിക്കുന്നില്ല
പറവകള്‍ മറന്ന ആകാശത്തിലേക്കിടിവെട്ടിപ്പൊളളിയെന്‍ ചുണ്ടുകള്‍ പാറുന്നു



ഓർമകളെ പരിഹസിക്കരുതെന്ന്
മരിച്ചാലും വർത്തമാനം പറയുന്ന ചുണ്ടുകൾ ഓര്‍മിപ്പിക്കുന്നു