തൂവെളിച്ചം
ചുരുണ്ടുകൂടീട്ടകത്തേക്കു
പോകുന്നേ
തൂത്തുകൂട്ടിയ പൂമുറ്റം ചിറകടിച്ചു പായുന്നേ
മുത്തശ്ശി
ശപിക്കുന്നേ,കാറ്റു
ചിരിക്കുന്നേ
കരിങ്കോലക്കണ്ണിലഗ്നി തപ്പുുമേളം മുഴക്കുന്നേ
മാനത്തു
കുസൃതിസ്നേഹം കൂട്ടമായി വരവായേ.
ചെറുതുളളി
തൊടുന്നേരമിലത്തുളളിക്കുളിരുമ്പോള്‍
പൂമാരിവിരല്‍ത്തരിപ്പാല്‍
കതിരാടിത്തെളിയേണം.
ഈ മഴ
പൂമഴയില്‍ നനനൃത്തമാടണം
ഉടലാകെ
കുതിര് മഴ അകമെല്ലാം നിറമഴ
ഇരുളിന്റെ
കുന്നേറി തെയ്യമാടും കാറ്റിനൊപ്പം
മുടി വീശി ദിക്കു തൊട്ടു കൈവീശി ദിക്കു തൊട്ടു
പാവാട വട്ടംചുറ്റിവീശി മഴച്ചിലങ്ക കെട്ടിയാടി
മദനൃത്തമാടണം മേഘസാരം നുണയണം
പൂത്തുനില്ക്കും പൂമരമായിട്ടുലഞ്ഞാടിപ്പൊഴിയണം
നെറുകയില്‍
നീരിറിഞ്ഞ് ,
ചെവിമടക്കില്‍
തുളുമ്പിത്തൂങ്ങി,
കണ്‍പീലിത്തുമ്പിലാടിയാടി,
കവിളഴകില്‍
കനിവലൂറിയൂറി
നാസികത്തുമ്പിലൂര്‍ന്ന് മിന്നി,
അധരങ്ങള്‍ തൊട്ടുഴിഞ്ഞഴിഞ്ഞ്
നിറമേഘമുലക്കച്ചയഴിഞ്ഞതിമധുര
മമൃതധാര,ഗഗനകാനനതലങ്ങള്‍
തഴുകി,
പൊക്കിള്‍ത്തടം
കവിഞ്ഞൊഴുകി
ഉടലാകെ ഈ മഴ
പേമഴ
മനനൃത്തമാടണം
ഈ മഴ
തോര്‍ന്നേക്കാം
മനമെല്ലാം
ചോര്‍ന്നേക്കാം
പെയ്തു
പെയ്തു തോരുമ്പോള്‍
മഴപ്പാറ്റയായേക്കാം
കാക്കക്കരിങ്കാക്ക
ചിറകു
മുറിച്ചെറിഞ്ഞേക്കാം
മഴവഴിയില്‍
ചെളിവെളളം,
പാതയോരയോടവെളളം.
പഴിവെളളം
വീണേക്കാം
മിഴിത്തുളളി
കവിഞ്ഞേക്കാം.
പെണ്ണിന്റെ മഴയെല്ലാം
മണ്ണിന്റെ പിഴവാണോ?
എങ്കിലും
പൊഴിയട്ടേ
കൊതിമഴ
പൊതിയട്ടേ
കൊഴിയാത്ത
പൂവുണ്ടോ?
കൊതിതീരാ
മഴയുണ്ടോ?