Wednesday, July 25, 2012

ദാഹം

കണ്ണുകളില്‍ കവിതയുടെ പൂമുല്ലക്കാവ്
കാതുകളില്‍ സഞ്ചാരിക്കാക്കയുടെ നാടോടി രഹസ്യങ്ങള്‍
ജീവന്റെ  മുദ്ര വിളഞ്ഞ മാനസപ്പച്ച

വാക്കിനും വാക്കിനും ഇടയിലെ   മാത്രകളില്‍ 
ആഴമുള്ള സ്നേഹം ഹൃദയത്തെ തപോവൃക്ഷ ചുവട്ടിലെ
കുറ്റിയില്‍ കെട്ടിയിടും
ഇതു ആരുടെ സ്വന്തം സ്വപ്നം  എന്നു ചോദിച്ചു കൊണ്ട്
ദാഹജലം ചോദിച്ചു വന്നു
പ്രാണജലം കിട്ടി
അതൊരു ഉറവ

ബോധോദയം

 

Tuesday, July 17, 2012

മാനസമഴ

മഴ മാറി നിന്നത് മനപ്പൂര്‍വം.
നീ പെയ്യുന്ന രാവിനെ പുതപ്പിക്കാന്‍
ഏതു മഴയ്കാകും?
മഴ ചിണുങ്ങിയതും മനപ്പൂര്‍വ്വം.
മുല്ലമൊട്ടുകള്‍ നക്ഷത്രത്തിനു
സമ്മാനം കൊടുത്തതു കണ്ടു പോയില്ലേ?
മഴ മഴയായതും മനപ്പൂര്‍വ്വം.
നിന്നില്‍ നിറയാന്‍
മറ്റെന്തു മാര്‍ഗം?

സപ്ത മേഘങ്ങളേ
സപ്തവര്‍ണോദ്യാനത്തിലെ  മാരിവില്ലുകളേ
വരൂ  
മഴയുടെ കല്ലുമാലയും കമ്മലും കൊണ്ടു വരൂ..
കടലിന്റെ അമ്മ മഴനാരുകൊണ്ടു നെയ്ത
പാവാട ചുററി കാടിന്‍ ഹൃദയ സദസ്സില്‍
എനിക്കൊപ്പം നൃത്തം ചെയ്യട്ടെ

Saturday, July 14, 2012

ഇതാ എന്‍റെ കൈപ്പടം .

ഇതാ എന്‍റെ കൈപ്പടം .
അമ്മ നിവര്‍ത്തിയ കുഞ്ഞു വിരലുകള്‍
ഹൃദയനേര്‍മത്തുടിപ്പ് എവിടെ?
രേഖളുടെ ചുരുളുകളും ചുളിവുകളും ചികഞ്ഞു
കടവുകളും പടവുകളും
ചിറകു വെച്ചു പറന്നു പോയല്ലോ !
ഇലകളുടെ മേല്‍ താലമിട്ട ജലകണങ്ങള്‍
മൊഴിചൊല്ലിയ പോലെ നിന്റെ ഭാഗധേയം
മത്സ്യകന്യകയ്ക്  മൈലാഞ്ചി എഴുതിയ
ചര്‍മരോഗം  എന്നു ലക്ഷണം
എല്ലാം മുനയും മുള്ളുമാണ് 
കയ്പും കാഞ്ഞിരവുമാണ്
തൊണ്ടയില്‍ കുരുങ്ങിയത് നിലാവ്
കണ്ണില്‍  തറച്ചത് സന്ധ്യ
ഓമനക്കുട്ടാ
നിനക്ക് വിരഹവും വിലാപവും നിറഞ്ഞ
തൊട്ടിലും താരാട്ടും
എന്നിട്ടും നീ കണ്ണില്‍ കത്തുകയാണല്ലോ
നമിക്കാത്ത ശമിക്കാത്ത ഗര്‍വം
നിന്റെ ചങ്കില്‍ തലവെച്ചോള്‍
ചേമ്പിന്‍ തണ്ടായി തളരില്ല
അഗ്നിസ്നാനം കൊണ്ട്
നഗ്നസൂര്യനെ വരവേറ്റോള്‍
ഒറ്റചിലമ്പിന്റെ   രൌദ്രകാവ്യം
ഇതാ എന്‍റെ കൈപ്പടം .
അമ്മ നിവര്‍ത്തിയ കുഞ്ഞു വിരലുകള്‍
ഹൃദയശോഭയുള്ള  തുടിപ്പ് ഇവിടെ

Wednesday, July 11, 2012

എന്റെ അത്താഴം


മടിക്കുത്തില്‍ വാങ്ങിയ അന്നം 
ഉടുമുണ്ടോടെ തൂവിപ്പോയി

അടുപ്പില്‍ തിളച്ചു
പാത്രത്തില്‍ വീണില്ല
പുറം പൊള്ളി 
അകം  വെന്തില്ല
പാ  കീറിയത്
ഉറക്കം അറിഞ്ഞില്ല 

കറുപ്പും വെറുപ്പും
വെളിച്ചത്തിന്റെ ഉടുപ്പൂരി 
കല്ലടുപ്പില്‍ വെച്ച മൂന്നു അക്ഷരം
കല്ലരിയില്‍  ഹരിശ്രീ എഴുതി . 

 

Saturday, July 7, 2012

ശരീരഗ്രഹണം


ഇന്നലെ മഞ്ഞിന്റെ വിരലുകള്‍ എന്നെ തൊട്ടു
കുന്നിറങ്ങി വന്ന തൂമഞ്ഞ്
അതില്‍  ഇലകളുടെ സംഗീതം
മഴയുടെ ആശ്ലേഷം ആകെ തുടുപ്പിച്ചിരുന്നു
ഊഞ്ഞാല്‍ വള്ളികളുടെ ചാന്ച്ചക്കത്തില്‍
അല്പം വിശ്രമിച്ചു വൈകിയ പരിഭവം
മുളംകാടുകളുടെ  പാദസരം വീണ പുഴയുടെ
ഓളങ്ങളില്‍ നിന്നും ഗന്ധര്‍വ്വഗന്ധം
കോരി മടിയിലൊളിപ്പിച്ചു വരികയാണ്..
മഞ്ഞ് ഉടലില്‍ ചേര്‍ന്നു നിന്നു
ഉടല്‍ മഞ്ഞായി.
ശരീരഗ്രഹണം
നട അടയ്കാം.

Thursday, July 5, 2012

തൊട്ടാവാടി


തൊടുമ്പോള്‍ മുഖം വാടി
ആര് തൊടുമ്പോള്‍ ?
സന്ധ്യ  തൊടുമ്പോള്‍

തൊടുമ്പോള്‍ മനസ്സ് വാടി

ആര് തൊടുമ്പോള്‍
വാക്ക് തൊടുമ്പോള്‍

കാറ്റ് തൊട്ടാലും വാടും

കനവു തൊട്ടാലും  വാടും
തൊട്ടില്ലേലും  വാടും
എന്തിനാ വാടുന്നെ ?

വീണ്ടും തൊടാന്‍

വീണ്ടും നിവരാന്‍
കുഞ്ഞു മുള്ളിന്റെ നുള്ള് തരാന്‍
ഇലവിരലുകള്‍ മടക്കി നിന്നെ പ്രാര്‍ഥിക്കാന്‍
മനസ്സ് കുമ്പിടുന്നത്‌
വാട്ടം എന്ന് ആര് പറഞ്ഞു ?
ഓരോ തൊടീലും
ജീവിത സ്പര്‍ശം
വരൂ
സമയമായി തൊടാന്‍