Friday, May 13, 2016

മഴക്കടല്‍ത്തീരത്ത്


നനമണ്ണില്‍ വിരിഞ്ഞുകിടന്നു
ഇരുദിക്കിലേയും തീരദൂരത്തിലേക്ക് കൈകള്‍ നീട്ടി.
കാല്‍വിരല്‍മുറിവ് ഉപ്പുനീരിലേക്ക് വരവേറ്റു
ഈര്‍പ്പം സ്നേഹിച്ച വസ്ത്രങ്ങള്‍
ശരീരത്തില്‍ പൊടിഞ്ഞ വേരുകളെ തടഞ്ഞില്ല.
ആദ്യം അല്പം ഒതുങ്ങി പന്നെ ഉയര്‍ന്ന്
പൊതിഞ്ഞ് ആശ്ലേഷത്തിരകള്‍.
മഴയുടെ നേര്‍ത്ത കവിതാലാപനം
കണ്ണിലും ചുണ്ടിലും നെറ്റിയിലും തൊട്ടു തൊട്ട് ചില വരികള്‍
നേര്‍ത്ത ചാലുകളായി .
നോവുറഞ്ഞ അക്ഷരങ്ങള്‍ ഞണ്ടുകളായി
ഭൂമിയുടെ ഹൃദയത്തിലേക്ക് വെമ്പി.
ചെമ്മീനിലെ അവസാനദൃശ്യം ഓര്‍ത്തിട്ടാകാം
ഞണ്ടുകള്‍ വേഗം ഉള്‍വലിഞ്ഞു.
അസ്തമിച്ചുപോയ സൂര്യനിപ്പോള്‍ ഏതു മരണരാശിയിലായിരിക്കും?
ഡയറിക്കുറിപ്പുകളില്‍ നിന്നും ഓരോരോ വരികള്‍
തീരത്തേക്ക് തിരകള്‍ക്കൊപ്പം അടിയുന്നുണ്ട്.
കരഞ്ഞുകുതിര്‍ന്ന കാറ്റില്‍ അവയും വിതുമ്പുന്നുണ്ട്
എല്ലാവരും ഒഴിഞ്ഞുപോയ
ഈ മഴക്കടല്‍ത്തീരത്ത് കിടന്നുറങ്ങിക്കോട്ടെ
ഇന്നത്തെ രാത്രി?