Saturday, March 30, 2013

പെണ്‍കുരിശ്


ഒരു നക്ഷത്രത്തിന്റെയും അടയാളത്തിനു കാത്തു നില്‍ക്കാതെ
സമ്മതം ചോദിക്കാതെയവള്‍ മരപ്പണിക്കു പോയി
ഉരുപ്പടി കാണ്ണാടിയിലളന്നു
തിരിഞ്ഞും മറിഞ്ഞും
അടിക്കണക്കിലും അംഗുലക്കണക്കിലും
അളവുകള്‍ ഭദ്രം.
വൃക്ഷം മരമാകുന്നതും ഉരുപ്പടിയാകുന്നതും ദൈവഹിതംതന്നെ.
ഹിതവും അവിഹിതവും കര്‍ത്താവും കര്‍മവും എല്ലാം പടച്ചവന്റെ കടം

ഇനി പണി തുടങ്ങാം
വിത്തും തണലും ചെത്തി
കിളിക്കൂട്ടിലെ പാട്ടറുത്തു
നാരും വേരും നീക്കി
ബാഹ്യാവരണം പൊളിച്ചുമാറ്റി
ചിന്തേരിട്ടു മിനുക്കി

കാമുകനും ചോരക്കുഞ്ഞും അവകാശം ചോദിച്ച
മുലഞെട്ടിനു അലപം മീതേ ആദ്യത്തെ ആണി
പാലും ചോരയും കൈകോര്‍ത്ത ഗ്രന്ഥികളില്‍
ഒച്ചയും ബഹളവും നിലവിളിയും വിലാപവും ഊറാതെ നിന്നു


ശരീരമാണ് കുരിശ്
സ്വശരീരത്തില്‍ അവള്‍ ക്രൂശിതയായി
ചുവട്ടില്‍ കിടന്ന മുനയുളള കല്ലുകള്‍ ചോദിച്ചു
ആരില്‍ നീ ഉയിര്‍ത്തെഴുന്നേല്‍ക്കും?

Wednesday, March 27, 2013

പുഴ

നമ്മുടെ പുഴയില്‍ നിന്നും
പ്രണയം ഒഴുകിപ്പോയെന്നു നീ
പരിഭവിക്കുന്നേരമാണ്
ഒരു വെളളാരം കല്ലിനെ
ഓളങ്ങള്‍ ചുംബിച്ചുരുട്ടിയത്.
ഒറ്റയിലയുളള ചെടിയുടെ
വര്‍ത്തമാനം ആരോടാണെന്നു
നീ ചോദിച്ചപ്പോഴാണ്
തണ്ടിനും ഇലയ്കുമിടയിലെ
രഹസ്യം പനിനീരീലഭിഷിക്തമായത്.
ശിരോവസ്ത്രം  മൂടിയ മേഘങ്ങള്‍
സ്വപ്നം കാണുമോ ഇപ്പോഴുമെന്നു
സംശയിച്ചപ്പോഴാണ്
മാലാഖയുടെ സംഗീതമുയര്‍ന്നത്.
എവിടെയെന്നെന്നെ നീ തിരിയുമ്പോഴാണ്
കണ്ണില്ലാത്തവര്‍ ആഹ്ലാദം പങ്കിട്ടത്.
ചാണകം മെഴുകിയ  തറയില്‍
തഴപ്പായുടെ ഇഴകള്‍ പാകിയപോലെ
കെട്ടി പിടിച്ചു കിടക്കുന്ന  മഴക്കാലം
ഇനിയും തോരാതെ ..
എന്നിട്ട് പുഴ വറ്റിയെന്ന്!
പുഴ
അതു ജലമല്ല
ഒഴുക്കല്ല
കാടിനും കടലിനുമിടയിലുളള കിനാവെഴുത്തല്ല
മാനത്താംകണ്ണികളുടെ അമൃതകുടീരമല്ല
ഗന്ധര്‍വന്റെ നീരാട്ടിടമല്ല
പുഴ
അത്
എന്റെ  പ്രവാഹമായിരുന്നു
നിന്റെയും
കണ്ണുകളില്‍ വഞ്ചിപ്പാട്ടുണരുന്നതു കേള്‍ക്കുന്നില്ലേ





Sunday, March 10, 2013

ശിവകാമി


കൈലാസത്തിന്റെ കണ്ഠത്തിലെ
ആകാശനീലിമയില്‍ അവളൊരു മുത്തമിട്ടു
മുക്കാലങ്ങളുടെ ജടയഴിച്ച്
അവളതിലൊരു വനപുഷ്പം ചൂടി
തീക്ഷ്ണഗന്ധത്തിന്റെ തൃശൂലമുനകള്‍ വിയര്‍ത്തു.
താരങ്ങള്‍ വിടര്‍ന്നുകൊണ്ടേയിരുന്നു
രാത്രി പ്രണയതാണ്ഡവമാടി.
അര്‍ധനാരീശ്വരരൂപം ഉടുക്കിന്റെ താളമായി.
കണ്പീലികളടഞ്ഞു പോകുന്നതു മയക്കം കൊണ്ടല്ലെന്നു പാര്‍വതി
കൈകളയഞ്ഞു പോകുന്നതു വീണ്ടും മുറുകാനെന്നു ശിവന്‍
ശിവരാത്രി മാഹാത്മ്യം

Saturday, March 2, 2013

മാതംഗി / ആനന്ദി


നിന്റെ തണ്ണീരില്‍ ദാഹം നിറയുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
ഉറവ പൊടിയാത്ത നാളുകള്‍, രാവിന്റെ -
കറവ വറ്റാത്ത തൊഴുത്തിലെ കണ്ണുകള്‍.
എങ്കിലും കിനാവിന്റെ കറ്റ തെറുത്തു
ചുമക്കുവേ ചുണ്ടിലെന്തേ ചിറകടിച്ചുയരുന്നു?
'അകലെയാകാശത്തസ്തമിക്കും സൂര്യനൊരുനാളാ
മലമ്പാതയില്‍ തെല്ലു സന്ദേഹക്കാല്‍വെച്ചു നില്കാം.
അല്ലെങ്കിലുദയകിരണത്തോടൊപ്പം വന്നു
ഈ മണ്‍കുടില്‍വാതിലില്‍ മുട്ടിവിളിക്കാം.
രാവിന്‍ ദുഖമകറ്റും വെളിച്ചം വെളിച്ചം.”

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ കാലം?
നിറമിഴിജലഘടികാരം?
അമ്പിളിമാമനെക്കാട്ടിക്കൊതിപ്പീച്ചൂട്ടാനുറക്കാ
നോടിക്കളിക്കുവാന്‍, ആനകേറാമലയിലാരും
കാണാതെ പൂക്കളിറുക്കുവാന്‍
കാക്കയോ പൂച്ചയോ പൂവാലനണ്ണാറക്കണ്ണനോ
പൂവോ പൊരുളോ ശരണഗന്ധമായാരുമൊന്നുമില്ലെങ്കിലും
കൂട്ടിനുണ്ടുളളില്‍ കൂരമ്പു കുത്തുമൊരു പേര്!
ആനന്ദനിവനെന്ന സങ്കടസത്യം.
പ്രാണന്‍ പൊളളിക്കരയും ചുണ്ടിലമ്മപ്പൊരുളായേതോ
കിണര്‍വെളളം തുണിമുലഞെട്ടായൂറിനനവായ്.
ദാഹമല്ലോ ദുഖം, ദുഖമല്ലോ ദാഹമെന്നറിഞ്ഞവന്‍

നിന്റെ തണ്ണീരില്‍ ദാഹം കുളിരുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
കയറില്‍ തൂങ്ങിത്തുടിച്ചുലയും പാളപോലെത്രനാളീ-
ക്കിണറിന്‍ തൊടികളെണ്ണിക്കഴിയുമെന്നോര്‍ത്തതും
കാട്ടുപൂവിന്നിതള്‍ വിടര്‍ത്തി മധുഗന്ധം മാരുതി
വാരിവിതറുംപോലെ പോകണം,
പാറണം സീമന്തരാശിയിലെന്നാശിച്ചതും...
ആശയല്ലോ ദുഖം ദുഖമെന്നറിഞ്ഞവള്‍ മാതംഗി.

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ പില്കാലം?
കൈലാസശിരസിലുമയര്‍ച്ചിച്ച പൂവിലും
ഗംഗാമാറ്‍ത്തടമാറ്‍ദ്ദവച്ചൂടിലും
പുക്കിള്‍ച്ചുഴിയിലും പൂങ്കാവനത്തിന്റെ പുല്ലാങ്കുഴലിലും
പ്രജ്ഞയും പൊരുളും ജ്ഞാനമാര്‍ഗവും തേടി പാദം പഴുത്തതും
ആസക്തിയാല്‍മരമായി വളര്‍ന്ന കൊമ്പിലനാസക്തി
തലകീഴിട്ടുലകം വെല്ലും തപംചെയ്തു ബോധം മറഞ്ഞതും...
ഉണര്‍വിന്‍കാറ്റിലാലിലകളിളകുന്നൂ,
കാതിലകളിലാരോ മന്ത്രിക്കുന്നു :-
"കൈക്കുമ്പിള്‍ നീട്ടി മൊത്തിക്കുടിക്കുക
പൈതലിന്‍ ദുഖം പൈദാഹദുഖം,
പെണ്ണിന്റെ ദുഖം പെണ്ണെന്ന ദൂഖം.
മണ്ണിന്റെ മര്‍ത്ത്യന്റെ ദുഖം കുടിച്ചു ക്ഷയിച്ചു
ലോകാന്ദപൂര്‍ണിമായി വളരുക ശരണമായിത്തീരുക..”

നീരൊഴിച്ചു മനം നിറയ്ക്കുമ്പോളിടക്കു മുറിഞ്ഞതെ
ന്തെന്നറിയാന്‍ മുഖമുയര്‍ത്തുമവനിലേക്കൊഴുകുന്നൂ
നിറജലം കവിയും പോലവള്‍..
"മാതംഗി ഞാന്‍, പാഴ്വാക്കാമെങ്കിലും ചോദിക്കട്ടെ,
ഈ കിണറാണെന്‍ ലോകം.
അവിവേകമെങ്കില്‍ പൊറുക്കുക നിലാവേ..
പൊരുളഴിച്ചു തരുമോ, ഉള്‍ദാഹം ശമിപ്പിക്കുമോ?
പാതാളത്തോളം താഴ്നും നീരു ചുരത്തുമീ
കിണറും പിന്നീ കയറും പാളയും കോരിപ്പകരുമീ
ഞാനുമെന്തെന്നു ചൊല്ലൂ? സൂര്യനൊപ്പം നടന്നവന്‍
നീ ലേകസഞ്ചാരി, കുന്നുകള്‍ കണ്ടോന്‍
ഉറവയുടെ കാരുണ്യം തേടി ദാഹിച്ചവന്‍.....
പൊരുളൊഴിച്ചു തരിക നീ..

കൈക്കുമ്പിള്‍ നീട്ടുന്നൂ മാതംഗി മുന്നില്‍.
കോരിയതൊക്കെയും ചോര്‍ന്നു പോയെന്നോ?
എന്താണ് കിണര്‍? എന്താണിവള്‍?
ദാഹിയാം പുരുഷന്റെ ദാഹമോ?
കടലിന്‍ കൊതികള്‍ കുടത്തിലൊതുക്കും
പാഴ്ജന്മമോ? ആരു നീ?...
ആരു നീ?ചോദ്യം തിരിഞ്ഞു ചോദിക്കുന്നു!
കിണറിനെയറിയാത്തവന്‍
കയറായ് പിരഞ്ഞു മുറുകാത്തവന്‍
പാളയായുളളില്‍ സ്നേഹം കോരാത്തവന്‍
തുളുമ്പി കവിയാത്തവന്‍
ആനന്ദനവനെ ജ്ഞാനസ്ഫടികജല-
ക്കുമ്പിളില്‍ത്തിരയുന്നു.

മന്ദഹസിക്കുന്നൂ മാതംഗി …
പൂക്കള്‍ ചൂടും ശിരസില്‍
വാക്കു പൂക്കും വസന്തം
വാക്കു ചൂടും മനസ്സില്‍
കാടു പൂക്കും സുഗന്ധം