Saturday, October 18, 2014

നാവറുക്കപ്പെട്ട വീട്
ആരുമില്ലേ ഇവിടെ ?
കതകു തുറന്നകത്തു കയറി
കണ്ണിലേക്കുന്നം വെക്കുന്ന
ഇരുട്ടു കുലച്ച സൂചികള്‍.
കാഴ്ച കത്തിത്തീര്‍ന്ന വീട്.

എന്തോ തടഞ്ഞോ?
ശവപ്പെട്ടിയിലെ തണുത്ത കിടത്തം പോലെ
ശാന്തം രണ്ടുപേര്‍,
അഗ്നിപര്‍വതത്തിന്റെ നിദ്ര.
ഒരു മുറിയില്‍ രണ്ടു കട്ടിലുകള്‍
ഇടയിലെ പര്‍വതം
ലോഹദ്രവത്തില്‍ മുങ്ങിക്കരിഞ്ഞ
വീടാണിത്.

അടുക്കളയില്‍ കത്തുന്നുണ്ട്
കല്ലും തെറിയും
പാറ്റാതെയും പെറുക്കാതെയും
അരിയ്കാതെയയും കഴുകാതെയും
അടുപ്പത്തിട്ട അത്താഴം.
ഇലയിട്ടത് ഉണ്ണാനല്ല
കിടത്താനാണ്.
കിടപ്പറയില്‍ കുഴിവെട്ടിയ വീടാണിത്.

അക്ഷമയുടെ ശബ്ദം പടികടന്നെത്തി നോക്കുന്നു
പുറത്ത് കാറ് കാത്തു കിടക്കുന്നു
തീമഴ അകത്തും.
മേല്‍ക്കൂര ചോര്‍ന്നവതരിച്ച്
തലയിണ ചവിട്ടിനനച്ച്
പ്രളയക്കോലം തുളളുന്നു
നാവറുക്കപ്പെട്ട വീടാണിത്.
വാക്കുകളുടെ റീത്ത് വെക്കേണ്ട
Saturday, October 11, 2014

പിന്നെന്തിനീ കണ്ണുകള്‍?


നാദവാതായനങ്ങള്‍ പൂട്ടി കണ്ണടച്ചിരിക്കുകയല്പനേരം
താനേ തെളിയുമിരുള്‍ക്കൊട്ടാരപ്പടികള്‍ കയറുക
മൗനസിംഹാസനം ,ദുസ്വപ്നത്തിന്‍ കീരീടഭാരം
ദുഖം വെഞ്ചാമരം വീശും നിശൂന്യരാജാങ്കണം
കരിന്തേള്‍ത്തേരിന്‍ മുള്‍പ്പാതകള്‍, വിഷധ്വജങ്ങള്‍
കുളമ്പുപഴുത്ത കൊടുങ്കാറ്റിന്‍ തിരകള്‍ ....!
അടയ്ക്കുവാനല്ലെങ്കില്‍ പിന്നെന്തിനീ കണ്ണുകള്‍?

അടരാന്‍തുടിക്കും കണ്ണുകള്‍, മീതേ കൂമ്പുമിതളുകള്‍,
കല്‍ക്കരിക്കറുപ്പിന്റെ സന്താപഖനിയിറങ്ങുക മെല്ലെ.
എക്സ്റേ ചിത്രമായി തെളിയും പടവുകളില്‍
പരേതാത്മാവിന്‍ കാല്പാടുകളൊട്ടിയ അസ്ഥിഖണ്ഡങ്ങള്‍,
അടിയിലെ പടിയില്‍
ശിരസുമൂടി
മുഖം താഴ്തി
മനം വാടി
കുന്തിച്ചിരിക്കുന്നല്ലോ പരിചിതരൂപം!
പായല്‍ പിടിച്ചോരമ്മമണം.
കവിളിലും മൂര്‍ദ്ധാവിലും ചൂടുനോക്കുന്ന വാത്സല്യം
കദനത്തിന്‍ കരിമഷി വിരല്‍ത്തുമ്പിലൊപ്പി
യുള്‍ക്കണ്ണെഴുതുക , മിഴികള്‍ മെല്ലെപ്പൂട്ടി
താക്കോലകത്തേക്കെറിയുക.
പൂട്ടുവാനല്ലെങ്കിലെന്തിനീ വീടുകള്‍?

അന്യോന്യമെരിയുമുമ്പേ
നയനങ്ങളൂതിക്കെടുത്തുക
അനുരാഗവൃഷ്ടിയുടെ ഉദ്യാനത്തില്‍
വരള്‍ച്ചയുടെ താണ്ഡവം പൂക്കുന്നു
പൂക്കളില്‍ ചെതുമ്പലുമുപ്പും
പുളിച്ചവാടയും.
അയവെട്ടിവേവും
പാദം മുറിഞ്ഞയിടവഴികളേ ,
മരിക്കാസ്മരണകളേ,
നേത്രദംശനങ്ങളേ,
അടയുവാനല്ലയെങ്കില്‍
പിടയുവാനല്ലയെങ്കില്‍
പിന്നെന്തിനീ കണ്ണുകള്‍?


Tuesday, October 7, 2014

ഡയറിയിലെ നഷ്ടദിനം


1
പുളളിക്കുയിലിന്റെ പാട്ട് നിറം മാറി
വിഭ്രാന്തിയുടെ വേലിപ്പൂക്കളില്‍ വിരിഞ്ഞു.
കൊടുംവളവിലെ അഗാധഗര്‍ത്തത്തിലേക്ക്
വേരൊടെ പിഴുതുവീണ വീട്.
ചിറകുകള്‍ മുറിഞ്ഞ ആകാശം
അകത്തു നിന്നും ചിതറി.
സൂര്യന്‍ ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കി
വെളിച്ചത്തിന്റെ കുഞ്ഞുവിരലുകളില്‍ ചോര .

2
ഇന്ന് മുറ്റത്ത് വിടര്‍ന്ന പത്രം
ആരോ മുഖദലം മാറ്റി
ചരമത്താളിലാണ് കണി വെച്ചത്.
മരിച്ച കുഞ്ഞിന്റെ
പാസ് പോര്‍ട്ട് സൈസ് ചിരി
പ്രത്യഭിവാദനം കാത്തു.

3
ഇരുള് ഓരിയിടുന്നു
പകല്‍ ഏതു മാളത്തിലാണിത്തരം ശബ്ദങ്ങള്‍?
വെളിച്ചത്തെ ഭയന്ന ഗുഹകളാണാദ്യ വാസസ്ഥലം
പിന്നെ കെട്ടിയുയര്‍ത്തി കര്‍ട്ടനിട്ട ജിവിതവും ഇരുണ്ടുപോയി
പകല്‍വെട്ടത്തിലാണ് ഇരുട്ട് മുട്ടയിട്ടത്.
നഗരം ഓരിയിടുന്നു.

4.
ഞാന്‍ കെട്ടാല്‍ നീയും കെട്ടു പോകും
ഞാന്‍ കത്തിയാല്‍ നീ കരിഞ്ഞും പോകും

5
മിഴിത്തുള്ളി പെയ്തില്ല
കെട്ടിനിന്ന് കെട്ടിനിന്ന്
അകത്ത്
ആവിയെഞ്ചിന്‍ പായുന്നു

7
എന്റെ ശവമെടുക്കുമ്പോള്‍
തേങ്ങലുകള്‍ പൂക്കളാകും
ചുവപ്പു പൂക്കള്‍
സന്ധ്യയുടെ അന്ത്യാജ്ഞലി

8
കണക്കില്‍ എന്നും മണ്ടനായിരുന്നു.
ഒരു ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്
അതെന്റെ പിറവിദിനം തന്നെ

 

Thursday, October 2, 2014

ജീവിതമെത്രമാത്രം ചെറുതാണ്.!അന്നത്തെ പകല്‍ മഞ്ഞസാരിയിലായിരുന്നു
ആദ്യം കണ്ണുകള്‍  ശിരസില്‍ ദീപം തൊട്ടുഴിഞ്ഞു
പിന്നെ കറുപ്പുചേല ചുറ്റിയ ആകാശമായി
നെറ്റി ചേര്‍ത്തമര്‍ത്തി നിശ്വാസം വിരലുകളോടിച്ചു
കണ്‍തടത്തിലെ കാഴ്ചകള്‍ പകര്‍ന്ന് കടലോരത്ത് ഒപ്പം ഒട്ടി
കവിള്‍ത്തടത്തിലെ തണുപ്പെടുത്ത് താഴ്വാരം ഉദ്യാനം പണിതു
മൂക്കിന്‍തുമ്പിലെനക്ഷത്രത്തുളളി ജാതകരഹസ്യമായി
ചുരം കയറിയ കോടമഞ്ഞിന്റെ കൈനീട്ടം വിരഞ്ഞു ചിത്രശലഭമായി.
തളിരിലവളളി കഴുത്തില്‍ വലം വെച്ച് ഇളം നാമ്പ് നീട്ടി
മുടിയിഴകളില്‍ ഗന്ധമല്ലികയായി.


വാത്സല്യത്തിന്റെ പൊന്നലുക്കിട്ട വെയില്‍  പച്ചപ്പുല്ലുകളുടെ
സ്മരണകളില്‍ഓളം തല്ലുമ്പോള്‍
ചെവിചേര്‍ത്ത് വെച്ച് കണ്ണടച്ച് ധ്യാനിച്ചാല്‍ മതി
ഉദരത്തിന്റെ ഉളളില്‍ ഇളം സ്വരങ്ങളുടെ  കുഞ്ഞുവിരലു നീട്ടും

മതി ,സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ക്കരികെ 
നാം പരസ്പരം തടയുക.
നമ്മുടെ ചെറുജിവിതത്തിലേക്ക് സ്വര്‍ഗത്തെ കവര്‍ന്നെടുത്താല്‍
അസൂയയുടെ വാമനാവതാരം ഭിക്ഷചോദിച്ചെത്താം
എന്റെ ശിരസ്  
നിന്റെ പാദത്താല്‍ താഴ്തപ്പെടാനൊരു
വരം ചോദിച്ചേക്കാം