Monday, January 31, 2011

ഓര്‍മയുടെ ജനവരി



ഓര്‍മയുടെ ജനവരിക്ക് തളിരിലകള്‍ ഇപ്പോഴും ഉണ്ട്
അതില്‍
പച്ചഞരമ്പുകള്‍ എഴുതിയ പുലരിമഴയുടെ നടത്തം
അമ്മവാക്കുകള്‍ തഴുകിയ ഇളം തുള്ളിത്തുടിപ്പ്
മഞ്ഞിന്റെ മുല്ലവിരല്‍ എണ്ണി വെച്ച കുളിര്‍കൂട്ട്‌
മലങ്കാറ്റ് കൊടുത്തയച്ച കല്യാണസൌഗന്ധികം.


മഞ്ഞു വീണ താഴ്വാരത്ത്തിലൂടെ ഒരു ദിവസം പോകണം.
അതിനടിയില്‍ നിന്നും കുരുന്നുപൂവുകള്‍
മുളച്ചു വരുന്ന നിമിഷത്തിനായി.
അവിടെ ഒറ്റയ്ക്കൊരു പൂവ്.
തണുത്തുവിരിഞ്ഞു ചോദിക്കും-
"എന്റെ ഈ മനസ്സില്‍ ചേരാന്‍ കൂടെ വന്നില്ലേ"
മറുപടി പറയാന്‍ ഏറെപേര്‍-
ചിറകിലോതുങ്ങിയ ശരം
വിരലറ്റ മോതിരം
കിഴക്ക് മുറിഞ്ഞ ചോര
മഴ പൊള്ളിയ ചുവടു
കടന്നല്‍ കുത്തിയ രാവ്








=

Saturday, January 8, 2011

കാനന സ്മരണകള്‍ - ജാനകി

കാനനത്തിന്‍ അകനേരിലാദ്യമായി
കാല്‍ കുത്തുമ്പോളറിയുന്നു ഞാന്‍
മറ്റൊരു മനസ്സിന്‍ അഗാധസ്പര്‍ശനം
അടക്കം പിടിച്ചാശ്ലേഷിക്കും
വെയില്‍ നിലാവള്ളികള്‍
നുള്ളിത്തരിക്കും ഇളം മുള്ളുകള്‍
തടവിത്തളിര്‍ക്കും സ്നേഹഹരിതപത്രങ്ങള്‍..
മുത്തിത്തുടുക്കും പുഷ്പ കാമനകള്‍.
നിറയും നിശബ്ദത മുറിയുമിടവേളകള്‍
പെരുമരഗോത്ര രക്ഷോരൂപങ്ങള-
സംഖ്യം ബാഹുക്കള്‍,ബഹുമുഖഭാവങ്ങള്‍.
ഉലയുന്നൂ മാനസം..


ഹായ്..
കാറ്റിലുതിര്‍ മഴക്കുമ്പിള്‍
പൊട്ടിപ്പൊഴിയും കാട്ടുപൂക്കള്‍
മുടിയിഴകളില്‍,പീലിത്തുമ്പില്‍
കാതിന്നൊ ടിയിടങ്ങളില്‍, വയര്‍വടിവില്‍
അണിമണി മഴവിരലുകളതിശയസ്പര്‍ശം,
മേനിയില്‍ കാട് പൂക്കുന്നുവോ.!


മധ്യാഹ്നസൂചിമുനത്തുമ്പില്‍ ജ്വലിക്കും
പ്രേമസ്വാതന്ത്ര്യമീ സൂര്യ രാഗതൃഷ്ണകള്‍
പൂങ്കാറ്റിലൊഴുകി വരും സഹസ്രവര്‍ണങ്ങളില്‍
കുറുകും മോഹന നിമിഷങ്ങള്‍
കാട് പാടുന്നൂ..കര്‍ണാനന്ദരവം. .


പൊലിഞ്ഞു പോയ പൊന്‍പ്രകാശപൊലിമ തിരയും
താരകത്തിന്നുള്‍ ശോകാന്ധകാര മനഭാരത്തോടെ
കാടോടു വിട മടിയോടിടറിപ്പറഞ്ഞിടുമ്പോള്‍
നിറയും സാന്ദ്രഹരിതതീക്ഷ്ണരാഗഭാവവശ്യത
വിധിക്കുന്നൂ വീണ്ടും വനവാസസംവത്സരങ്ങള്‍..

Friday, January 7, 2011

നിലവിളിക്കാന്‍ ഒരു വാക്ക്..


എലിവില്ലുകളാണ് വീട് നിറയെ
പിന്നെ കുറെ കറുത്ത പൂച്ചകളും.
ഫ്രിഡ്ജിലെ മീനിന്റെ കണ്ണുകളില്‍ ഐസുരുകും ജലാശയം.


കുളിമുറിയില്‍ കറുത്തപൂച്ചയുടെ തുറിച്ച നോട്ടം
സോപ്പിനോപ്പം ഊര്‍ന്നിറങ്ങി പതയുന്നു.
കിടപ്പറയില്‍ മാര്‍ജാര നടത്തം വിരി കുടയുന്നു
ചുണ്ട് കൂര്‍പ്പിച്ചു ശ്വാസം ഊറ്റിയെടുക്കാന്‍
വെമ്പുന്ന ചുംബനക്കൌശലം.


മണ്ണെണ്ണ മണക്കുന്ന കണ്ണുകള്‍
തീപ്പെട്ടിക്കൂടില്‍ നിനൂരിയെടുത്ത വാക്കുകള്‍
കുശലാന്വേഷണത്തിനു കത്തിമുനയുടെ തണുപ്പ്.


പുക ചുരുളുകള്‍ കറിച്ചട്ടിയില്‍ നിന്നും
ഉയര്‍ന്നു കഴുക്കോലില്‍ പിരിഞ്ഞു താഴേക്കു
കുരുക്കിട്ടു വരുമ്പോലെ ..


നിലവിളക്കില്‍ നാഗത്തിരികള്‍
കരിന്തല നീട്ടി കാത്തു കിടക്കുന്നു..
നിലവിളിക്കാന്‍ ഒരു വാക്കു പോലും കൂട്ടില്ല.


ഒരു കൊള്ളിവാക്കൂരിയുരസിയാ കണ്ണിലേക്കിടുവാന്‍
പെണ്ണേ നീ എന്നാണു മറു കെണി വെക്കുക


/

Monday, January 3, 2011

ഇന്ന് മേരിക്കുട്ടിക്കു...

ഇന്ന് മേരിക്കുട്ടിക്കു ആറ്‌ തികയും
ചാണകവരളി മണമൊട്ടിയ രാമഞ്ഞില്‍
മിഴിയടച്ചുപിടിച്ച തെരുവിളക്കിന്‍ കാല്‍ച്ചുവട്ടില്‍
മീന്തല മുറിച്ചിട്ട പോലെയവള്‍ പെറ്റു വീണു.


ഓടക്കുഴലിലൂടെ കറുപ്പും വെറുപ്പും ചോപ്പും
പഴുത്തു കുഴഞ്ഞൂറും മഞ്ഞയും കലര്‍ന്ന്
നഗരഗന്ധരാഗങ്ങള്‍ താരാട്ടായി
ഒലിചിറങ്ങിയ വര്‍ഷങ്ങള്‍


ഇന്ന് മേരിക്കുട്ടിക്കു ആറ്‌ തികയും
മേരിക്കുട്ടി കൈ നീട്ടി
കൂമ്പിയ വിരലുകള്‍ വായ്‌ വക്കില്‍
മൂന്ന് തവണ മുദ്ര കാട്ടി
വയറിന്റെ പരിഭാഷ


രണ്ട് രൂപ നാണയം പ്രതികരിച്ചു
പിശാചാവേശിച്ച പോലവള്‍ ചിറകടിച്ചുയര്‍ന്നു റാഞ്ചി
കഴുകന്‍ കൊത്തിക്കീറിയ പശിമീനാക്ഷി
വിരല്‍ത്തുമ്പില്‍ നിന്നും വെട്ടിമാറ്റി മറിഞ്ഞു.


ശരീരത്തിലെവിടെയോ കാ‍ന്താരി ഉടഞ്ഞു
കണ്ണുകളില്‍ കൊമ്പുകള്‍ നീണ്ടു .
മാന്തിപ്പൊളിച്ചു പരസ്പരം കടിച്ചൂറ്റി കുടഞ്ഞു
പക്ഷം ചേരാതെ നാണയം നടു റോഡിലേക്ക്


നാല് കണ്ണുകള്‍ അരനിമിഷം
ലക്ഷ്യം വിളിച്ചു കൂവികുതറി കുതിച്ചു
ലക്‌ഷ്യം തെറ്റാതെ ബസ് കടന്നു പോയി
ഇന്ന് മേരിക്കുട്ടിക്കു ആറ്‌........




?