Friday, July 29, 2011

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും

ഒടുക്കത്തെ വണ്ടിയും പോയ്മറഞ്ഞു
ഇരുട്ടത്തിരമ്പം തണുത്തുറഞ്ഞു
ഒരു വൃദ്ധമാനസം ഒറ്റയ്ക്കിരുന്നിതാ
ദൂരവും ദുരിതവും പരതി നോക്കുന്നു
മറവിരോഗത്തിന്‍ മാറാപ്പഴിച്ചവള്‍
വിഷാദം ചാലിച്ചെഴുതിയ മിച്ചങ്ങള്‍
തൊട്ടു തലോടി തിരിച്ചു വെക്കുന്നു

ഒച്ചയില്ലാത്തതാം വണ്ടിയൊന്നെത്തുന്നു
കൊച്ചു വിളക്കുകള്‍ ഞെട്ടി മിഴിക്കുന്നു
പാളത്തിലോര്‍മകള്‍ വെട്ടിത്തെളിയുന്നു
താരാട്ടിന്നീണം പെട്ടെന്ന് പൂക്കുന്നു
തിക്കിത്തിരക്കിയിറങ്ങുന്നതാരിവര്‍ ?
കവിള്‍,കണ്‍,നെറുകയില്‍ മുത്തം തുടിക്കുന്നു.
"അമ്മയമ്മേ" യെന്നുച്ചത്തില്‍ വിളി -
ച്ചോടിയണഞ്ഞു പുണര്‍ന്നാവിയായിതീരുന്നു.

മൂക്ക് പൊത്തുന്നൂ കുഞ്ഞിളം താരകള്‍
ഒക്കാനിച്ചു പിന്‍വാങ്ങുന്നൂ ബോഗികള്‍
ചോപ്പ് വെളിച്ചം ചുരത്തുന്നൂ പൂഞെട്ടുകള്‍
നെടുവീര്‍പ്പുപോലും കൈവീശിയകലുന്നു

സ്നേഹമാപിനി നിശ്ചലമാകവേ
പടിയിറങ്ങിയ 'സന്താനസൌഭാഗ്യം '
പാത പണിതവര്‍ എത്ര ഉദാരര്‍?...
ഓരത്തൊതുങ്ങുവാന്‍ ഇടം നീക്കി വെച്ചവര്‍

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും
കുതിരും മിഴികളില്‍ ഉമ്മയുണ്ടെപ്പോഴും.

Wednesday, July 20, 2011

മധുരം പിഴയൊടുക്കണം

പാത മുറിയുമ്പോള്‍ പാദം മുറിയുന്നു.
ചിത്തം മുറിയുമ്പോള്‍ സ്വപ്നം മറയുന്നു
നീ മുറിയുമ്പോള്‍ വെളിച്ചം മുറിയുന്നു
മുറിവിനും മുറിവ്, ദിനരാത്ര രുധിരധാര

തുന്നിക്കൂട്ടണം,വിളക്കിച്ചേര്‍ക്കണം
പിന്നിപ്പോകും ജന്മവസന്തങ്ങള്‍.
മഞ്ഞക്കണി നിറം കുറുകിത്തിടം
വെച്ചൊലിക്കും പ്രഭാങ്ങള്‍.

പഴുത്തനോവുകളാറ്റിയെടുക്കണം
പഴക്കം കനത്താലറ്റു പോം പറ്റമായ്
അഴുകി കുതിരും മേഘസന്ദേശങ്ങള്‍
മഴനാമ്പുകളെഴുതും സ്നേഹവേരുകള്‍ ,

മരുന്ന് മടങ്ങുന്നൂ; മധുരമത്രേ ശത്രു-
സൗരഭത്തേന്‍ പകര്‍ന്നു പരസ്പരം
പൂത്തുലഞ്ഞു മധുരക്കനികളായി
സൌവര്‍ണമാത്രകള്‍ നിറഞ്ഞ ജീവിതം

മധുരം പിഴയൊടുക്കണം.
ത്യജിക്കണം മാധുര്യങ്ങള്‍ -
കാതിലെ ത്രിസ്സന്ധ്യാ കടലിരമ്പങ്ങള്‍
കണ്ണില്‍ പുഷ്പിക്കും കാനനക്കനവുകള്‍

ഗന്ധര്‍വസ്പര്‍ശ മഴരാവുക-
ളമൃതം കടയും ആശ്ലേഷങ്ങള്‍
പാരിജാത സ്നേഹഗന്ധങ്ങള്‍
പൂമരത്തില്‍ താലി കെട്ടും നിലാവ്
.
കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍
മകള്‍

ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു