Saturday, November 10, 2012

അമ്മമണം

ഒട്ടുപാല് മണക്കുന്ന പ്രഭാതത്തില്‍ 
രാവിലെ കാണാറുണ്ട്‌
മങ്ങിയ വെളിച്ചത്തോടൊപ്പം നര ചാല് കീറിയ 
ഒരു ശിരസ്  റബറിന്റെ മുറിവിനു
വലം ചുറ്റുന്നത്‌ .

ഇടയ്ക്കിടെ അടുക്കള പുകഞ്ഞു വിളിക്കും .
പ്രാണനൂതി കണ്ണുകള്‍  കലങ്ങുകയും
തൊണ്ടക്കുഴി ചുമയുടെ ചോര തൊടുകയും
ചെയ്യും വരെ മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍./...
'തൊണ്ടേ, ചൂട്ടേ, കൊളളിവിറകേ  കാത്തു രക്ഷിക്കണേ..'
നനവിറകിന്നീര്‍പ്പം മുഖത്തേക്കു പകര്‍ന്നാടുന്നതു മുതുകില്‍ ചേര്‍ന്നു നിന്നു കണ്ടിട്ടുണ്ട്.

സമയത്തിനൊപ്പമാണ് ഓട്ടം
പക്ഷെ ( ഒരിക്കലൊഴികെ) എപ്പോഴും 
സൂചികളിലുടക്കി വീണു തോറ്റു  പോകുന്നവള്‌..

അമ്മത്തഴമ്പുളള മൂന്നു കത്തികള്‍ തിരക്കു കൂട്ടും
(ടാപ്പിംഗ് കത്തി ചേരില്‍തിരുകുമ്പോഴേക്കും
കറിക്കത്തി അരകല്ലിന്‍ വക്കില്‍ 
രാകിരാകി പ്രാകി പ്രാകി
ആലേ പോണം ആലേ പോണം എന്നു ദുശാഠ്യം.
പിടിയൂരിത്തെറിച്ച വെട്ടുകത്തിയെ ഒതുക്കിയാലും ദയകാട്ടില്ല..)
ഉള്ളു തുരുമ്പിച്ച കത്തിയല്ലെന്നു നെടുവീര്‍പ്പ് .

കമുകിന്റെ പാലത്തില്‍ കയറിന്റെ തേയ്മാനക്കുഴിയിലൂടെ
കിണറ്റിലേക്കു പാള ഊര്‍ന്നു പോകുമ്പോഴും
 മൗനത്തിന്റെ ആഴം ചോരാതെ 
കവിഞ്ഞ മണ്‍കലം ഒക്കത്തെടുക്കുന്നേരവും  കരഞ്ഞുരുണ്ട എനിക്കമ്മ പറഞ്ഞുതന്നില്ല ഭാരത്തിന്റെ പാഠം.


മഴയത്ത്ചേമ്പിലയുടെ  കനിവില്‍
വിരലുകള്‍ മണ്ണുമാന്തിയാകണം
മെലിഞ്ഞു നീണ്ട  കര്‍ക്കിടകക്കപ്പ 
തുരപ്പന്‍ തിന്ന  കഥയില്‍ മോന്‍   നിശ്വസപ്പെടണം.
മുളം കുറ്റിയില്‍ കാപ്പിത്തണ്ട് വളച്ചു
എലിക്കെണി ഒരുക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്
ഒരു അമ്മയെലി ചുമന്നു തുടുത്ത കുഞ്ഞുങ്ങളുടെ
ഇളം വിശപ്പിലേക്ക് മരണക്കഴുത്ത്  നീട്ടുന്നത്.


ചേനയുടെ കൂടെ കരിഞ്ഞ കാച്ചില്‍ പുഴുക്ക് 
കാന്താരിച്ചമ്മന്തിയോടു പിണങ്ങി .
കാരവെള്ളത്തില്‍ പുഴുങ്ങിയിട്ടും 
കരിമ്പന്‍ പോകാത്ത പോലെ 
എന്റെ അമ്മമണം .
അന്നും ഇന്നും
അടുപ്പിലേക്ക് തിളച്ചു കവിയുന്ന 
പുകയുന്ന ഒരു പ്രാര്‍ത്ഥന .