Friday, July 29, 2016

വളരെ ശാന്തമായി സംഭവിക്കുന്നത്


വെളിച്ചം നിഴലിലേക്ക് ചുവട് വെക്കുന്നത് പോലെ
വളരെ ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
ആകാശത്ത് ചിറകടിമുടങ്ങിയ ദിവസം നീ ഓര്‍ക്കുന്നില്ലേ?
കണ്ടുമുട്ടുമെന്നു നിശ്ചയിച്ച തീയതി
കലണ്ടറില്‍ നിന്നും കീറി നിലവിളിച്ച അന്ന്
ഇതേ കാര്യം ചോദിച്ചിരുന്നു.

ആരുമില്ലാനേരത്തില്‍ കുന്നിന്‍നെറുകയില്‍ നിന്നും
വീണ കാറ്റിനെ കോരിയെടുത്ത ശാഖയടര്‍ന്നതുപോലെ
വളരെ ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
സമുദ്രംപിന്‍വാങ്ങിയ ദിവസം നീ മറന്നിട്ടില്ലല്ലോ?
ഒരു കുഞ്ഞ് തിരയില്‍ സംസ്കരിക്കപ്പെട്ട അന്ന്
ഇതുപോലൊരു ചോദ്യം നിന്റെ കണ്ണുകളില്‍ തുളുമ്പിയിരുന്നു.


വിരിഞ്ഞ പൂവിനും കൊഴിഞ്ഞപൂവിനുമിടയില്‍
മൃദു ദലങ്ങളുടെ മടിയിലെ താരാട്ട് വര്‍ണങ്ങള്‍
പലമാത്രകളായി അഴിഞ്ഞകന്നതുപോലെ
വളരെ ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
പിറന്നാള്‍ ദിനത്തില്‍
ചരമപ്പെട്ടവന്റെ വീട്ടിലേക്ക്
നടക്കുമ്പോള്‍
നീ ചോദിക്കാനാഗ്രഹിച്ചത് മറ്റൊന്നുമായിരുന്നില്ല.

വളരെ ശാന്തമായി
എന്നില്‍ നിന്നും
നേര്‍ത്തയഞ്ഞ ഒരു മരണാന്തരമറുപടി
വളരെ ശാന്തയായി
നീ കേള്‍ക്കാതിരിക്കില്ല.

Wednesday, July 20, 2016

സ്തുതിക്കുന്നു നിന്നെ


ഹേയ് സൂര്യ,
ഏതുപെണ്ണിന്‍ അണിവയര്‍ത്തടത്തിലൂട
സ്തമിക്കാനോടിക്കുതിച്ചു തുടത്തുനീ?
ഹേയ് സൂര്യ,
നിന്നായിരം സിന്ദൂരക്കതിരുകള്‍ കോതിയൊതുക്കി
മടിയില്‍ക്കിടത്തിക്കവിളില്‍
ജ്വലിക്കുന്ന ചുംബനമധുരപ്രകാശമായി
നിഴല്‍വീഴാത്തഴകായി
നിന്നില്‍ നിറഞ്ഞുദിക്കുന്നതാരിവള്‍?
ഹേയ് സൂര്യ,
ആരുടെ മൊഴിച്ചന്തങ്ങള്‍
പുഞ്ചിരിതൊട്ടുഴിയും ഹൃദയനാളങ്ങള്‍?
സ്വസ്ഥമായി ലയിക്കുന്ന സ്വപ്നമായി പകരുന്ന
സ്വര്‍ഗമായുണരുന്ന സാന്ധ്യവര്‍ണാധരങ്ങളായ്
നിന്നിമകളില്‍ ഹരിതസ്നേഹം കുറുകിയ
മൃദുപത്രമായൊട്ടിച്ചേരുന്നതാരിവള്‍?
ഹേയ് സൂര്യ,
ഋതുക്കള്‍ വിരിച്ചിട്ട ശയ്യയില്‍
നീ വാരിപ്പുണര്‍ന്നു പറന്ന മാഹാകാശം
പൊഴിയുന്നു താരകള്‍.
ആയിരം വട്ടം സ്തുതിക്കുന്നു നിന്നെ ഞാന്‍ സൂര്യ.
ഉണരാന്‍ വൈകുമോരോ നിമിഷാര്‍ധത്തിനും സ്തുതി
മറന്നുറങ്ങും മാര്‍ത്തടത്തിനും സ്തുതി
കാലമായി പിണഞ്ഞുകുറുകുമുടലിനും സ്തുതി
കര്‍മവും സാക്ഷി 
കാലവും സാക്ഷി
Thursday, July 7, 2016

നിനക്കറിയില്ലല്ലോ...


ഏറെ മൗനവും കുറച്ച് അവ്യക്തവാക്കുകളും
മാത്രമാണ് എന്റെ ഭാഷ
ദീര്‍ഘിച്ചും കുറുകിയും
മഴ കുതിര്‍ന്നും വെയില്‍പൊളളിയും
അരികുകള്‍ പൊടിഞ്ഞ് ചെതുക്കിച്ച ലിപികള്‍
ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒരേ പോലെ.
ജനിച്ചപ്പോള്‍ കരയാത്തയക്ഷരം
മരിക്കുമ്പോഴും കരിയാതിരിക്കും.
ഓരോ അക്ഷരവും ഞാന്‍ തന്നെ-
ശൈശവത്തില്‍ നിന്നും വാര്‍ധക്യത്തിലേക്ക്
ഒരാള്‍ നടക്കുന്നതു പോലെ.
കൊഴിയുന്ന പൂക്കള്‍കൊണ്ട് ഞാന്‍ സംസാരിക്കും
പുഞ്ചിരികൊണ്ടറിയില്ല.
മുലപ്പാലൂട്ടാനും ഒപ്പം
ചെന്നിനായം പുരട്ടാനും എന്റെ ഭാഷയ്കറിയില്ല
ഉരുള്‍പൊട്ടിയടിത്തട്ടില്‍
മണ്ണപ്പം കളിക്കുന്ന മൃതദേഹങ്ങള്‍ക്ക് മനസിലാകും
ശവം മാന്തിയെടുത്ത് വീണ്ടും കുഴിതോണ്ടുന്ന
ജെ സി ബി യ്ക് തിരിയില്ല.
താരാട്ടിന്റെ ഈണങ്ങള്‍ വഴങ്ങില്ല.
സുഖതാളം നിദ്രയിലേക്കുളള ക്ഷണമത്രേ.
സ്വപ്നങ്ങളുടെ കാട്ടില്‍ ഒറ്റയ്ക് പോയി ശരമുനയില്‍ കോര്‍ക്കുമ്പോള്‍
കനിവോടെ പ്രണയിനിക്ക് നീട്ടുന്നത്
അടര്‍ന്നു വീണ തൂവലുകള്‍
പറന്നതൊക്കെയും അവ പറയാറില്ല-
നിലം പററിക്കിടക്കുന്നവയുടെ ഭാഷാഭേദങ്ങള്‍
നിനക്കറിയില്ലല്ലോ.