Wednesday, August 24, 2011

വിളി കേള്‍ക്കാത്ത ഒരിടം

ഇരുള്‍ പുതയ്ക്കുന്ന വനമധ്യത്തില്‍
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു

ചിറകടിയുടെ അതിവേഗതാളം അയഞ്ഞു
ഉണര്‍വിന്റെ നാദങ്ങള്‍ കൊക്കു പൂട്ടി
വെളിച്ചം ഊറിപ്പോയ ഇളം പുല്ലിന്‍
വിരല്‍ തുമ്പിലേക്ക്‌ മഞ്ഞു കണങ്ങള്‍ വീഴ്ത്തി
കാറ്റ് പതുങ്ങി നിന്നു.
പുഴ ഇരുളില്‍ സമര്‍പ്പിച്ചു.
ഗതി മുട്ടി ആഴം കനത്ത  ഇരുള്‍ ..
ഏറെ നാള്‍ വെളിച്ചം മുട്ടിവിളിക്കാത്ത
താഴ് തുരുമ്പിച്ച നിലവറയില്‍ പെറ്റു പെരുകിയ
അതേ നിബിഡാന്ധകാരം

സ്നേഹത്തിന്റെ സൂചിത്തല സ്പര്‍ശം ..
ശ്വാസം കൊടുംകാറ്റിലേക്ക് കൂടുമാറല്‍ ..
 
നിര്‍വൃതിയുടെ നിലാവെളിച്ചം .. 
ഓര്‍മ്മകള്‍ കെട്ടഴിഞ്ഞു മേയാന്‍ തുടങ്ങി
നെടുവീര്‍പ്പുകളുമായി അവ ഉടനുടന്‍ മടങ്ങി

ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു
വിളി കേള്‍ക്കാത്ത ഒരിടം
വാക്കിനും വരിക്കും പഴുതില്ലാതെ
കീഴ്ത്താടി കൂട്ടിക്കെട്ടി ..
പകുതി കത്തി നനഞ്ഞ  വിറകുകള്‍
മുറിഞ്ഞു പോകുന്ന ഒരു കാഴ്ചയായി
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായി.


  •  

Sunday, August 7, 2011

ചൂണ്ടിച്ചെന്നാല്‍ നാരങ്ങ




ഉടുത്തൊരുങ്ങി ഉടല്‍ തിളങ്ങി.
തങ്കമഞ്ഞ മൂടി തൂമണം തൂകി.
താലത്തിലിരുന്നൂ നാരങ്ങ...

കല്യാണനാരങ്ങ

നിറദീപമിഴികളാല്‍ ഇമപൂട്ടാതുഴിയുന്നു 
നിറപറ കതിര്‍ക്കുല കള്ളനോട്ടമെറിയുന്നു
തുളസിയും ചന്ദനവും കുസൃതികള്‍ മൊഴിയുന്നു
തളിര്‍വെറ്റിലത്തനുവില്‍  പൊന്‍വെളിച്ചം ചിരിക്കുന്നു

താലത്തിലിരുന്നൂ നാരങ്ങ
ചടങ്ങുകള്‍ തുടങ്ങുന്നു

ഉള്ളുരുകി മനം കൂര്‍പ്പിച്ചു പ്രാര്‍ത്ഥന :-
"സുജാതകം പ്രഭ വിടര്‍ത്തും സൌമ്യവാത്സല്യം ,
ഉറുമി വീശും വാക്കുടമ,
പ്രിയമാനസസ്നേഹദാഹശമനി.
ദൃശ്യകാവ്യശോഭിത ,
സര്‍വസ്വമാമോമന,
സര്‍വലോക രക്ഷകരേ
കൈവിടാതെ കാത്തു കൊള്ളണേ "
തായ്മിഴിയിലെരിയും കെടാവിളക്ക് സാക്ഷി
വാഴ്വുകള്‍ ചൊരിയും  സുമനസ്സുകള്‍ സാക്ഷി

മംഗല്യ മണ്ഡപം കൈവിട്ടുതിര്‍ന്നു
ചവിട്ടിക്കുടയുമാരവങ്ങള്‍ക്കി
ടയിലേക്കു
രുളുമൊരു ദീനനിലവിളിനാരങ്ങ

നീരുവറ്റി,യേതോ മൂലയില്‍ അകം വിങ്ങി
മനം മങ്ങി,പ്പരിമളം ചോരും നാരങ്ങ ..
സര്‍വലോകരക്ഷകരേ കാത്തു കൊള്ളണേ
കനകമഞ്ഞപ്പട്ടുപുടവ വരിഞ്ഞോരീ  ജഡം 





*