Friday, October 7, 2011

തുറന്ന ശരീരം



മഞ്ഞുകണങ്ങളില്‍ കാലു നീട്ടി അവള്‍ .
നഗരത്തില്‍ വിടര്‍ന്ന പുലരിപ്പൂവ്
ആര്‍ക്കോ കണി ഒരുക്കിയപോലെ

രാത്തുടുപ്പില്‍  അഴിഞ്ഞു പോയവള്‍ .
നഗ്നരശ്മികള്‍ ജാലകം തുറന്നു ഒഴുകി
മാറിടം മാനം  നോക്കി കിടന്നു
അടയാത്ത കണ്ണുകളില്‍ ഓടിക്കിതച്ച ദൂരങ്ങള്‍

തുറന്ന ശരീരം
ജീവിതത്തില്‍ ഇനി ഒന്നും മറച്ചുവെക്കാനില്ല

ദര്‍ശനം
ഈച്ചക്കൂട്ടം പൊതിയാന്‍ തുടങ്ങി
അസംഖ്യം കണ്ണുകള്‍
ഭോഗാസക്തിയോടെ  പഴിപറഞ്ഞു സഹതപിച്ചു
ആരോ വാക്ക് പൊത്തി തെറി പറഞ്ഞു

അജ്ഞാത -അതാണ്‌ പേര്‌
മലയാളത്തില്‍ അപമാനിക്കപ്പെട്ട വാക്കുകള്‍ക്കു കുറവില്ല

ഉന്തു വണ്ടിയിലേക്ക്  തൂക്കിയെടുത്തിട്ടപ്പോള്‍
വേറെയും ..
എല്ലാം തുറന്ന ശരീരങ്ങള്‍
വാഗണ്‍ ട്രാജഡിയിലേക്ക്
കമിഴ്ന്നു വീണവര്‍ .
യുദ്ധത്തിന്റെയും കലാപത്തിന്റെയും നാടുകളില്‍ മാത്രമല്ല
ഗന്ധകം  തുളച്ചെരിഞ്ഞ പെണ്ണിടങ്ങള്‍

ശാന്തികവാടത്തിലേക്ക് അവര്‍ കടക്കുമ്പോള്‍
"ആത്മവിദ്യാലയമേ" പാടിയിരിക്കാം .
വൈദ്യുതിയുടെ അനുകമ്പ.. സ്നേഹം .
"എല്ലാം കഴിയാന്‍ ഏറെ സമയം വേണ്ട "
ക്യൂ നില്പോര്‍ക്കുള്ള സന്ദേശം
അവര്‍ ചിതാഭാസ്മത്ത്തില്‍ കുറിച്ചു

8 comments:

ARIVU said...

അഞ്ജാത, പീഢനം, വാണിഭം, വികസനം, പഠനം!!!!!!!!!!, ........, ........, അപമാനിക്കപ്പെട്ട വാക്കുകള്‍ക്കു കുറവില്ല

സങ്കൽ‌പ്പങ്ങൾ said...

എല്ലാം കഴിയാന്‍ ഏറെ സമയം വേണ്ട
sathyam

ബിന്ദു .വി എസ് said...

രാത്തുടുപ്പില്‍ അഴിഞ്ഞു പോയവള്‍ ........
മനോഹരമായ വരികളാണ് കവിത നിറയെ .ജീവിതത്തെ കൈപ്പിടിയില്‍ ഒതുക്കിയ കവിത .യുദ്ധ ത്തിലും സമാധാനത്തിലും പെണ്ണിടങ്ങള്‍ ഉണ്ട്.
തോക്കിനും തോല്‍വിക്കുമിടയില്‍ പേരുകള്‍ നഷ്ടപ്പെട്ടവരായി .

minimathew said...

പിഞ്ചിളം ബാല്യങ്ങള്‍ പിച്ചി ചിതറുമ്പോള്‍ ,
പെണ്ണിന്റെ ചാരിത്ര്യം കസ്മലര്‍ കവരുമ്പോള്‍
പൊട്ടിത്തെറിക്കുന്നു മാധ്യമ ലോകങ്ങള്‍ ,
കടല്സന്ധ്യപോല്‍ ഇളകുന്നു മാനവഹൃദയങ്ങള്‍.
പക്ഷെ എത്രനാള്‍ എത്രനാള്‍ എല്ലാം മറക്കുവാന്‍ ?
എല്ലാം മറക്കുവാന്‍ ഏറെ സമയം വേണ്ടിവിടെ .

അനുകമ്പയായി വന്നെത്തുന്നത് വൈദ്യുതിയല്ലെന്നുമാത്രം പകരം മറവിയെന്ന അനുഗ്രഹം! മറവി അനുഗ്രഹമോ അതോ ശാപമോ അതാണിപ്പോള്‍ എന്റെ ചോദ്യം ?
മിനി മാത്യു ,ബി ആര്‍ സി പെരുമ്പാവൂര്‍

രജി said...

കണി ഒരുക്കി എന്നതു ശരി. പക്ഷേ, അവള്‍ വിടര്‍ന്നു വന്ന പുലരിപ്പൂവല്ലല്ലോ. നിശാഗന്ധിയുമല്ല. പിന്നെ...

drkaladharantp said...

പ്രിയ റെജീ
കറുത്ത പുലരികളില്‍ വിരിയുന്ന പൂക്കളെ കുറിച്ച് കേട്ടിട്ടില്ലേ?
വിടര്‍ന്നു വിളറിയ ,രക്തം വാര്‍ന്നു പോയ ദളങ്ങള്‍
എച്ചില്‍ ഗന്ധമുള്ള പൂക്കള്‍

Mohammed Kutty.N said...

നല്ലൊരു കവിത വായിച്ചു എന്നു കുറിക്കാതിരിക്കാനാവില്ല.മനോഹരമായ വരികളില്‍ നിസ്സഹായരുടെ നിലവിളി മുഴങ്ങുന്നുണ്ട്,നിശിതമായൊരു വിരല്‍ചൂണ്ടല്‍ പോലെ ....

ഭാനു കളരിക്കല്‍ said...

തുറന്ന ശരീരങ്ങള്‍.