Thursday, November 24, 2011

ഉച്ചയൂണ്

ഉച്ചയൂണ്
കേവലം തൂശനിലയില്‍ വിളമ്പിയ പകലല്ല
തൊട്ടു കൂട്ടാന്‍ വെച്ച പുളിക്കുന്ന ചിരിയല്ല
പൊടിച്ചു ചേര്‍ക്കാവുന്ന കാച്ചിയ ഫോണ്‍ കാളല്ല
മറക്കാതിരിക്കാന്‍ ഉപ്പിലിട്ട  ദിനക്കുറിയല്ല
തൊണ്ടയില്‍ വാക്ക് കുരുങ്ങുമ്പോള്‍
നനച്ചു നനച്ചു പോകും ശരീരദാഹമല്ല 
കടലില്‍ നിന്നും കരളു കീറി വറുത്തെടുത്ത
പ്രണയത്തിന്റെ മുള്ള് ഇപ്പോഴും  പിടയ്ക്കുന്നല്ലോ!
കറിവേപ്പിലയ്ക്ക് പറയാനാകും തിളച്ചു പൊള്ളിയ
ആത്മാവിന്റെ നീരിറക്കം ..
പൌര്‍ണമിക്കാറ്റ് ഗന്ധര്‍വഗീതം കൊണ്ടു  അനുഗ്രഹിച്ച 

പൊന്‍വയല്‍ കൊടുത്തയച്ച ഒരു ഉരുള
പച്ചയിലയുടെ ഞരമ്പുകളില്‍ ചേര്‍ത്ത് വെക്കുമ്പോള്‍
ഉദിക്കുന്ന ഉച്ചവെളിച്ചമാണ് ഈ ഊണ്
അത് അമാവാസിയില്‍ കൈകൊട്ടി വിളിക്കില്ല 


--

Sunday, November 13, 2011

അവനും അവളും

അവന്‍ സന്ധ്യയുടെ തുലാസില്‍ പകലിനെ തൂക്കി നോക്കി
നാട്ടുച്ചയ്കാണ്  കൂടുതല്‍ ആഴം
സൂര്യസ്നേഹത്തില്‍ വെന്തചോറ് 
താമരക്കുമ്പിളില്‍ വാരിക്കൊ
ടുത്തതും
വെളിച്ചത്തിന്‍റെ  ചുണ്ടില്‍
സ്നേഹനീര് പകര്‍ന്നു  ജന്മദാഹം മാറ്റിയതും
കാറ്റിന്റെ വിരലുകള്‍ തണലായി  തലോടിയതും
അവര്‍ നട്ട ഉച്ചയ്ക്കായിരുന്നു

അവള്‍ നട്ടുച്ചയുടെ ത്രാസില്‍ സന്ധ്യയെ തൂക്കി നോക്കി

സന്ധ്യയ്കാണ് പൊലിമ കൂടുതല്‍
വിരലുകള്‍ അസ്തമയ സൂര്യനില്‍ തൊട്ടെടുത്ത
ഒരു നുള്ള് സിന്ദൂരം ചുണ്ടില്‍ തുടിച്ചതും
തിരകളില്‍ തോണിയായി  കാത്തു കിടക്കുമ്പോള്‍

യാത്രികന്റെ തുഴ  ശരീരത്തില്‍ കരുത്തെടുത്തതും
അവര്‍ വീട് വെച്ച ആ  സൂര്യബിന്ദുവില്‍ ആയിരുന്നു.



Tuesday, November 8, 2011

മോര്‍ച്ചറിയിലെ നാഴിക മണി

മോര്‍ച്ചറിയിലെ നാഴിക മണി
ഒന്ന് .. രണ്ട്.. മൂന്ന്
കണ്ണിലെണ്ണയൊഴിച്ചു
ഏപ്പോഴും എണ്ണി നോക്കുന്നത് എന്തിനാണ്?
ഇനിയും വിശ്വാസമില്ലെന്നോ?
അതു പാവം രമണി ചേച്ചി 
പൂര്‍ണ മനസ്സോടെ വന്നു കിടന്നതാ ..
കൂട്ട് കിടക്കാന്‍ പോലും ഒരു രമണനെയും കൂട്ടാതെ .
കിട്ടിയ  താലിക്കു ചകരി നാരിന്‍റെ കനപ്പിച്ച മണം
ചോദ്യ ചിഹ്നം അടിച്ചു നിവര്‍ത്ത് അതിശയമാക്കാന്‍ ത്രാണിയില്ലാതെ..
ഉത്തരം തേടിപ്പോയി
അപ്പുറം സിസ്റര്‍ തെരേസ
മണവാട്ടിയുടെ മൌനം വെട്ടിത്തിരിഞ്ഞതിനാല്‍ മദറാ(ക്കി)യില്ല     
കുരിശു വരയ്ക്കുന്ന പ്രഭാതം പോലെ
വെളുത്ത വസ്ത്രം തന്നെ ഇപ്പോഴും.
അടഞ്ഞ കണ്ണുകളില്‍ ആണി മുനയുടെ  സിന്ദൂരം

ആറുമണി ചാഞ്ഞാല്‍ വഴി ഏപ്പോഴും ഇങ്ങനെയാ
വേഗം നടന്നാലും ഇരുള് കേറി കെട്ടിപ്പിടിക്കും
അസ്തമിക്കാന്‍ ഒരു പാടാമോ പാളമോ മതി.
ആകസ്മികം അതാണവളുടെ  പേര്‌ .

നാഴികമണി ഇരുളിന്‍ ചീളുകള്‍  അരിഞ്ഞു കൂട്ടിയിടുമ്പോള്‍ 
ഉപേക്ഷിക്കപ്പെട്ട ഒരു താരാട്ട് പാട്ട് ഒറ്റയ്ക്ക് കേറി വന്നു
പട്ടിണി കിടന്ന ഒരമ്മയ്ക്ക്  വായ്ക്കരി  ഇട്ടു .

ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്
ദിവസങ്ങള്‍ എണ്ണുന്നത് പോലെ
മോര്‍ച്ചറിയിലെ നാഴിക മണിയുടെ  ചങ്കിടിപ്പ്
പുറത്ത് കേള്‍ക്കാം.
മോര്‍ച്ചറിയിലെ നാഴിക മണി
ആരെയോ പ്രതീക്ഷിക്കുന്നുണ്ട്
വാതിലിലെ ടിക്ക് ടിക്ക് ..
ഓരോ തവണയും
നിഷേധാര്‍ഥത്തില്‍
ഇടത്തോട്ടും വലത്തോട്ടും
ഇതു തലയാട്ടുന്നത്‌ എന്തിനാണ് ?
പച്ചജീവനില്‍ നിന്നും  കണ്ണുകള്‍ പറിച്ചു നല്‍കി
ശരീരം തീറെഴുതിക്കൊടുത്തു   ഒരാള്‍
ഇടിമിന്നല്‍  പോലെ വരാതിരിക്കില്ല
ചൂളയില്‍ കടഞ്ഞു ചൂരലില്‍ പുളഞ്ഞു
നെഞ്ചു തഴമ്പിച്ച ഒരാള്‍
കൈകളില്‍ ഇനിയും അറ്റ് പോകാതെ
പിന്‍മടങ്ങാത്ത ചൂണ്ടു വിരല്‍
അഗ്നിശൈലങ്ങള്‍ ഉരുക്കിയ വാക്ക് വീശി ഒരാള്‍
വരാതിരിക്കില്ല .

ചെറിയ  അപേക്ഷ  മാത്രമേ ഉള്ളൂ
ചോര പിടഞ്ഞു നിലവിളിക്കുന്ന
തെരുപ്പാച്ചിലിന്‍  കുരുക്കില്‍ സ്മാരകം അരുത്
കഞ്ഞി മുക്കി തേച്ചെടുത്ത  അപദാനങ്ങള്‍ കൊണ്ട് അനുശോചിക്കരുത്

ഹിമാലയാത്തിനും മീതെ  തല ഉയര്‍ത്തി നില്‍ക്കുന്ന
ആ മഹാമരണദിനം അവധി കൊടുത്തു ആഘോഷിക്കരുത്
 
മോര്‍ച്ചറിയിലെ നാഴികമണി കുഞ്ഞുങ്ങള്‍ കൊണ്ട് പോയിട്ടുണ്ടെങ്കില്‍
അതു ധാരാളം.

Wednesday, October 26, 2011

ഹോം വര്‍ക്ക്


മാവ് കോരി ഒഴിച്ചപ്പോഴാണ്‌
ബല്ലടിച്ചത്
അരുണിമ  ഫോണില്‍ തുളുമ്പി
"ടീച്ചറെ.. "
സ്ഫടികപാത്രം ഉടയുന്ന ഇളം  ശബ്ദം
"എന്താ മോളെ ?"
രണ്ടാനച്ചന്‍ വാങ്ങിത്തന്ന
കളിപ്പാട്ടങ്ങളുടെ  വില കൂട്ടിയിട്ടും കൂട്ടിയിട്ടും
ശരിയാകുന്നില്ലത്രെ !
"അമ്മയോട് പറഞ്ഞോ?"
"അമ്മേം ചേച്ചീം പറഞ്ഞു
കണക്കു കൂട്ടലുകള്‍ തെറ്റുന്നെന്നു"
അപ്പോള്‍  ഉത്തരം എനിക്ക് കിട്ടി -
ദോശ കരിഞ്ഞ കറുത്ത മണം


Sunday, October 23, 2011

അയ്യപ്പന്‍ അനുസ്മരണം


ദൈവത്തിന്റെ കണ്ണുനീരുകുടിച്ചു ദാഹം തീര്‍ത്ത പാപിക്ക്‌
അനുസ്മരണം പത്തനംതിട്ടയില്‍ നടന്നു
"ശരീരം  നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത  നിറയെ കാല്പാടുകളും "
ഉണ്ടായിരുന്ന കവിയെ പൊതുവേ കേരളം  ഓര്‍ക്കാന്‍ വിസമ്മതിച്ചപോലെ  ..
ഒന്നോ രണ്ടോ ജില്ലകളില്‍ സാംസ്കാരിക സംഘങ്ങള്‍ കവിയെ ഓര്‍ത്തു എന്നു വാര്‍ത്ത

കവിതയില്‍ കാഞ്ഞിരം നട്ടത് കൊണ്ടാകും മരിച്ചപ്പോഴും തിരിച്ചറിയാന്‍ പഠിപ്പുള്ളവര്‍ മറന്നത് .
തെറ്റിയോടുന്ന സെക്കന്റ്  സൂചിയുടെ കാലം സ്വന്തം വാച്ചുമായി ഒത്തു പോകാത്തുകൊണ്ട് പലരും മറവി നടിച്ചതാകാം.
"ഉപ്പിനു വിഷം ചെര്‍ക്കാത്തവരും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവരും" ബലിക്കുറിപ്പുകള്‍ക്ക്  ചുറ്റും നിന്നു.
പത്തനംതിട്ടയില്‍ ഇരുപതു പേര്‍ ഒത്തുകൂടി
വട്ടം കൂടി ഇരുന്നു
അവതാരകര്‍ ഇല്ല.മുഖ്യ പ്രഭാഷകര്‍ ഇല്ല
എല്ലാവരും അനുഭവങ്ങള്‍ പങ്കിട്ടു
അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി
കണ്ണു നീര്‍ നിറച്ച ഒരു ചില്ല് പാത്രം വീണുടഞ്ഞു
അയ്യപ്പനും വന്നു ഇങ്ങനെ  പറഞ്ഞു
"മരിച്ചു പോയ മകനെ അടക്കം ചെയ്യാന്‍ വാങ്ങിയ
ശവപ്പെട്ടിയുടെ കടം
ഇതുവരെ വീട്ടിയിട്ടില്ല
പിന്നെയാണ് ഇന്നത്തെ അത്താഴം?"

Saturday, October 22, 2011

മടിയില്‍ ഒരു പകല്‍

പകല്‍മേഘങ്ങള്‍ നീല വിരിപ്പിലേക്ക് മയങ്ങാന്‍ കിടന്നപ്പോഴാണ്‌
ഞാന്‍ നിന്റെ മടിയില്‍ തലവെച്ചത്.
കടലിരമ്പം കൊണ്ടു മരങ്ങള്‍ തണല്‍ വിരിച്ചു
ഇളം കാറ്റ് നിന്റെ കണ്ണുകളില്‍  വീശുന്നുണ്ടായിരുന്നു
സംവത്സരങ്ങളുടെ ചാറു നീ എന്നിലേക്ക്‌ ഇറ്റിച്ചു
ഒരു കിളി എന്റെ നെറുകയിലേക്ക് പറന്നിറങ്ങി
അതിന്റെ ചിറകുകളില്‍ നീലയും പച്ചയും മഞ്ഞയും
കടലും വയലും വസന്തവും തലോടിയ തൂവലുകള്‍
തല ഉയര്‍ത്തി   നിന്നെ  അത്  നോക്കി
കൊത്തിപ്പെറുക്കിയെടുത്ത  
ധാന്യങ്ങള്‍ വിത്യ്ക്കാനായി
നിന്റെ നെഞ്ചിലേക്ക് അത് പറന്നു

Wednesday, October 19, 2011

നാട്ടുപാട്ട്


തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..
 
പകലിന്നാഴത്തില്‍
തുഴ വീഴ്ത്തിയടുപ്പിക്ക 
സാഗര സ്നേഹത്തിന്‍
കുളിര്‍ത്തിര  കോരുക   (തെയ്യാര..)
വാകപ്പൂത്തിരു സന്ധ്യ
മിഴിദീപം തെളിയിക്ക  (തെയ്യാര..)
കര്‍പ്പൂരത്തിരി കാന്തി,
തുളസിക്കതിര്‍ മന്ത്രിച്ചു
ചന്ദന ചൈതന്യം
അര്‍ച്ചിക്കാമന്യോന്യം   (തെയ്യാര..)
കരള്‍മൂടും കടാക്ഷങ്ങള്‍
പൊന്‍വാക്കിന്‍ സുഗന്ധങ്ങള്‍ (തെയ്യാര..)
മുടിയിഴ മെടഞ്ഞു പിന്നി
വിരലെഴുതും കാവ്യങ്ങള്‍ (തെയ്യാര..)
പെരുവിരല്‍ത്തുമ്പില്‍ നിന്നും
മുള പൊട്ടി തളിര്‍ വിരിഞ്ഞു   (തെയ്യാര..)
പൂച്ചന്തം പുടവ ചുറ്റി
മനം തൊട്ടു മധുവൂറി (തെയ്യാര..)
ഇളം ചൂടിന്‍ കടവിങ്കല്‍
മൂവന്തി മുഖം പൊത്തി (തെയ്യാര..)
നിലാവിന്‍റെ പുളകങ്ങള്‍
നിറവിന്‍റെ മുകുളങ്ങള്‍ (തെയ്യാര..)
നീയെന്നും ഞാനെന്നും
ഞാനെന്നും നീയെന്നും
കാടെന്നും  കടലെന്നും
കാറ്റെന്നും കനവെന്നും (തെയ്യാര..)
നീയല്ലോ ഞാനെന്നും
ഞാനെല്ലോ നീയെന്നും
കാറ്റിന്‍റെ കനവെന്നും
കനവിന്‍റെ കാറ്റെന്നും
പൊരുളിന്‍റെ പൊരുള്‍ 
തേടും തെയ്യാര താരാ

തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..