Saturday, February 25, 2012

പ്രണയമൂര്‍ത്തിത്തെയ്യം

 
മാഞ്ചോട്ടില്‍ പൂത്തു നില്‍ക്കുന്നതാര്?
മാങ്കൊമ്പില്‍ കനവിന്‍ കനിയായി നില്‍ക്കുന്നതാര് ?
"മാങ്ങയുടെ പുളിരുചി ഞെട്ട് ഇറുക്കുമോ കണ്ണാ"
മാങ്കൊമ്പില്‍ പൂഞ്ചുവടുകള്‍ പൊലിപ്പാട്ടു പാടി
തലപ്പാളി കെട്ടിയ പൊന്‍ചില്ലകള്‍ ഇളകിത്തുള്ളി .
ഓടക്കുഴലില്‍ നിന്നും  രാഗങ്ങളുടെ യദുകുലസ്വാദ് 
ചുവട്ടില്‍ ദേവതയുടെ നൃത്ത പ്രദക്ഷിണം.

ആഹ്ലാദകളിയാട്ടം.

പച്ചമാങ്ങ ഞെട്ടറ്റു 
ഇലകളില്‍ തട്ടി വീണത്‌ മുലകളില്‍ തടഞ്ഞു .
ചുന തൊട്ടു കരിയെഴുതിയ മാറിടം
"കണ്ടോ കണ്ണാ ,എന്റെ നെഞ്ചില്‍ നീ .. "
അത് കേട്ട് പരവശയായ കാറ്റ് പരദൈവങ്ങളെ വിളിച്ചു
'ചെക്കന്‍ തമ്പ്രാട്ടിപെണ്ണിന്റെ ..!'
പൊലിച്ചു പൊലിച്ചു നാവെല്ലാം വറ്റി
നാവി
ലെ  ചുന കാതിലെ  ചന .

കണ്ണേറ് പേടിച്ചു നടന്ന കണ്ണന്‍
കല്ലേറ് പേടിച്ചോടി
ഒടക്കുഴ
ല്‍ വഴിയാധാരം പാടി
മാവ്  കരിങ്കോലം കെട്ടി
പുഴുതിന്ന കിളിപ്പാതികള്‍ മാത്രം കൊടിയേറ്റി
മാവ് പിന്നെ മധുരം മറന്നു പൂത്തു .

അഗ്നിജാതന്‍ കണ്ണന്‍ അജ്ഞാത വാസം

മാഞ്ചോട്ടില്‍ വളയിട്ട പെണ്ണ് ചിലങ്ക കെട്ടി
അരച്ചമയം മുഖച്ചമയം എല്ലാം വരവിളിയ്കായി ഒരുങ്ങി .
വാടാത്ത സ്തനങ്ങളുടെ സാക്ഷ്യം
ഉദയാസ്തമയങ്ങളിലും നിഴല്‍ വീഴാതെ തിളങ്ങി

മാമ്പൂ  മണമുള്ള ഒരു ദിനം

കുയിലുകള്‍ നാണിച്ചു തലതാഴ്ത്തി
വസന്തമാധുര്യം അലകടല്‍ പോലെ മാമരങ്ങളില്‍
തോറ്റം പാട്ട് പാടി
അണിയറയില്‍ നിന്നും കുരുത്തോലപ്പുടവ ചാര്‍ത്തി
അവന്‍ വന്നു
നടവഴി പൂവിട്ടു മദിച്ചു
 
നെയ്‌വിളക്കിന്‍ തിരി വെട്ടം അവനില്‍ പ്രസാദിച്ചു
കാലം പറിച്ചു കൂട്ടി തൊഴുതു 


പിന്നെ,

ഇരുളില്‍ നിഴലും കരിയും പുകയും ചാലിച്ച്
ആരൊക്കെയോ പൊയ്മുഖക്കോലങ്ങള്‍  കെട്ടി
അസുരാട്ടം- "ആദ്യം കുരുതി തര്‍പ്പണം."


അവള്‍ ഇലയിട്ടു
ഉപ്പിലിട്ട മാങ്ങയും കൂട്ടി ഒപ്പം ഉണ്ണാന്‍ . 
അവന്‍ നിറഞ്ഞ
താമരക്കുളത്തില്‍ മുങ്ങി  
നുറുങ്ങിപ്പോയ നിമിഷങ്ങളുടെ ഇടവേള 

അവന്റെ രക്തം  പ്രണയത്തെ വാഴ്ത്തി. 
ജലോപരിതലത്തില്‍ ശിരസറ്റ താമരത്തണ്ടുകള്‍ 
സ്നേഹം കൂട്ടി പുണര്‍ന്നു
 
ചടങ്ങുകള്‍ എല്ലാം അവസാനിച്ചെന്നു അവര്‍ കരുതി 

ചോരക്കുളം ഉലഞ്ഞു മുറുകി
ഊര്‍ജം അവനില്‍  കൂമ്പി വിരിഞ്ഞു
ഉലകാകെ ഉടയുംപോലെ ഉദിപ്പ്
അരക്കെട്ടില്‍ ജ്വലിക്കുന്ന പന്തങ്ങള്‍
ദിക് വന്ദനം നടത്തി .
മുകുര ദര്‍ശനം പ്രണയമൂര്‍ത്തിയെ  ആവാഹിച്ചു
കുരുത്തോലപ്പുടവയില്‍ 
അവന്‍
കനലുകളില്‍ സ്നാനം ചെയ്തു
ഉയിരാകെ പ്രണയക്കനലുകള്‍ 


"എന്റെ തെയ്യേ"
അവള്‍ വിളിച്ചു 


Monday, January 23, 2012

ഇതു ജനവരി

ഇതു ജനവരി
ശവക്കച്ച പൊതിഞ്ഞ ഞായര്‍
നിലത്തു  തൂവിയ പാല്‍മണം കോരി
വെളിച്ചം
വിശക്കുന്ന അസ്ഥികൂടങ്ങള്‍ മേയുന്ന
മലകടന്നു ദൂരെ എത്തുമ്പോഴും
ഒരു വാല്ത്സല്യം
ഒറ്റ ഇലയുള്ള മരത്തിന്റെ ശിഖരത്തെ തടവി അയഞ്ഞു.
അമ്മ.

ഒരു പൊന്‍പുഴുവിന് ചിത്രശലഭം ആകാന്‍ ഒരില
ത്തണല്‍
മതിയെന്ന് അമ്മ വില്‍പത്രത്തില്‍ കുറിച്ച് കാണും.
പക്ഷെ ഈ തളിരിലയില്‍ വിശപ്പ്‌ നുളയ്ക്കുംപോള്‍ ..
ഓ, അതോര്‍ക്കാന്‍ വിട്ടുകാണും!

ഓര്‍മയുടെ മരത്തലില്‍ -
അല്ല, ഓര്‍മയുടെ മരണത്തില്‍ .

ഇറുക്കിയടച്ച  കണ്ണുകളുടെ ദുശാട്യം.
തുറന്നു നോക്കിയാല്‍ ചങ്ക് തകരും
വിട്ടുപിരിയാന്‍ മനസ്സനുവ
ദിക്കാതെ
പനിപ്പൊള്ള
ല്‍ പോലെ നെറ്റിയില്‍
യാത്രാമൌനമുദ്ര

കാക്കയും പൂച്ചയും കാതുകുത്തിയ കഥകളിലോ
മഞ്ചാടി മണിയുടെ കൈ വിളയാട്ടത്തിലോ
ഒപ്പം ചേര്‍ന്നു നിന്ന മനസ്സ് മുറിച്ചു
അവള്‍ നടക്കുകയാണ് .
ഒപ്പം ഇല്ലങ്കിലും ഒക്കത്ത്
എല്ലാമുന്ടെന്ന ഭാവം

വിരല് തലോടി മുറിയുന്ന ഒരു രാവ്
നിലാവിനെ വലിചിഴക്കുംപോള്‍
ഇറങ്ങാന്‍ സമ്മതം ചോദിക്കാതെ
ഒരു തുള്ളി അടര്‍ന്നു വീഴുമ്പോലെ
അവസാനിപ്പിച്ചു ചിതറി .

അപ്പോഴും താരാട്ട് കൊണ്ടെന്നെ
പുതപ്പിക്കാന്‍ മറന്നിരുന്നില്ല 





*

Friday, December 30, 2011

നേരുന്നു ഞാന്‍ നിനക്ക് മാത്രമായി

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
വെളിച്ചം തൊട്ടില്‍ കെട്ടിയാടും
പൊന്‍ പുതുവരിഷജീവസ്പന്ദനക്കതിരുകള്‍ .., 

ഗഗനഗീതം പെയ്തിറങ്ങും മാരിവില്ലിന്‍ മധുസന്ധ്യയി -
ലൊരു ചുവടായിരുമെയ്യുകള്‍ കോര്‍ത്തു നീങ്ങും തീരം ,
വിരലുഴിഞ്ഞു കുസൃതി പൂക്കും മണല്‍ശയ്യയി,ലൊന്നായി
കണ്‍കളില്‍ തിരയടിക്കും പ്രണയനോവിന്‍ കണങ്ങള്‍ .
.

നിനക്ക് മാത്രമായി നേരുന്നു  ഞാന്‍
മഹാ വ്യഥകള്‍ മറക്കും മന്ത്രസ്പര്‍ശം.
മറക്കുക അഗ്നിശൈലം കടഞ്ഞു നീട്ടിയ പുരാണങ്ങള്‍ 
മൂളിപ്പ
ന്നെത്തി കൊത്തും ശരമുനകള്‍ ,
പഴങ്കലത്തില്‍ വറ്റ് തെടിപ്പരതിമടങ്ങും ഓര്‍മ്മകള്‍ ,
കുലമുടഞ്ഞ കടങ്കഥയില്‍  കുഴഞ്ഞു വരളും തണലുകള്‍ . 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
പഴിമഴയില്‍ കിളിര്‍ക്കും ചതിച്ചിരി പുഷ്പതാലം നീട്ടും
വഴിയൊഴിഞ്ഞു പോകാനുള്ളയുള്‍ക്കണ്‍
തെളിച്ചം .
നോക്കാതിരിക്കട്ടെ  ,കാണ്മാതിരിക്കട്ടെ
തെന്നലിന്‍ തേങ്ങല്‍ കുറുകിയിരുളു തിളയ്ക്കും കടലില്‍
പാദമിടറിക്കുതിപ്പടങ്ങി ആവിപൂക്കും 
തിരകള്‍ . 
ഇലമിഴികള്‍ കൂമ്പി വാടും വെയില്‍ തല ചായ്ക്കും 
അന്ധകാരപെരുംവൃക്ഷം നഖംനീട്ടും ശാഖകള്‍ . 

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
ചന്ദനം കുറി തൊട്ട സ്വപ്നയാത്രകള്‍ 

വാങ്ങാതിരിക്കട്ടെ , ദാനമായി നീട്ടും മാരീചോല്പന്നങ്ങള്‍ , 
ഇണകള്‍ കരളില്‍ ചൂടഴിക്കും ശോകമൂകം കണ്ണാടികള്‍ ,
ഒറ്റികൊടുക്കും കരിങ്കാക്കക്കൊക്കില്‍ കൊര്‍ത്തെറിയു-
മെ
ച്ചില്‍വാക്കിന്‍  മുനമുട്ടി കാതു പൊട്ടും ചങ്ങാത്തങ്ങള്‍ . 

എന്തേ മൌനം ?  
കുരലില്‍ കുടുങ്ങിയോ കഠിനമാം ദുഃഖവിത്തുകള്‍  ? 
വട്ടം ചുഴറ്റിയന്നനാളം ചികഞ്ഞു  കുടല്‍ കുടഞ്ഞോക്കാനിച്ചൂ ,
ഒരു ചെങ്കനല്‍കട്ടച്ചോര പശ്ചിമഭിത്തിയില്‍ പടരുന്നുവോ  ?
കടലാകെ  പരക്കുന്നുവോ ?..
മുത്തേ  മുക്തമാകുക ..വെറും തോന്നലിന്‍ തോന്ന്യാസങ്ങള്‍ 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
കല്ലോലങ്ങളില്‍ പുണ്യസ്നാനം ചെയ്തുദിക്കും
നവവര്‍ഷഹൃദയരാഗരശ്മിക്കുളിരുക
ള്‍
നിദ്ര തിങ്ങും കണ്കളിലധരമുദ്ര സുവര്‍ണ ദീപനാളം
നിത്യവും കൊളുത്തിയുണര്‍ത്തും പ്രണയവാക്കിന്‍ പുലരികള്‍ ,
കാനനങ്ങള്‍ നെയ്തെടുക്കും ഋതുവര്‍ണ
ത്തിരുവ്സ്ത്ര- 
ണിയിക്കും കണിക്കൊന്നപ്പൂങ്കുലദിനങ്ങള്‍
 

  

Friday, December 23, 2011

എന്താണ് മൌനം ?

അതിരാവിലെ മുതല്‍ .?...
വാതിലടച്ചുപൂട്ടിയ വാക്കുകളുടെ ദീര്‍ഘനിര്‍വികാരത.
വിശദീകരണം തേടിയ  ഫോണിന്റെ നാവും കാതും
പല്ലിവാല്‍ പോലെ മുറിഞ്ഞു  വീണു പിടച്ചു
സന്ദേശങ്ങളുടെ പ്രവാഹം പടിക്കല്‍ തലചിതറി
ചോര പൊടിഞ്ഞു വിലപിച്ചു  .

എന്താണ്  മൌനം ?
കുട്ടിക്കാലം മുതല്‍ ചോദിച്ചിട്ടുണ്ട് പലരോടും
ചിറകടിച്ചെത്തി ദലങ്ങളില്‍ സ്പന്ദിച്ച
ചിത്രശലഭം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു പറന്നു.
പുഴുവിനോട് ചോദിക്കാന്‍ ദുസൂചന .
പുഴു ഇലപ്പച്ചത്തളിരിന്നടിയിലേക്ക് വഴുതിമാറി ..    
പുഴുവിനും പൂമ്പാറ്റയ്ക്കും  ഇടയിലുള്ള മൌനം.
പക്ഷെ അതു എന്റേതല്ല

ഉത്സവപ്പിറ്റേന്നു കൊടുംകാറ്റ് കൂട് കെട്ടുന്ന മരക്കൊമ്പ് തേടിയ
അമ്മ , തലയിണയ്ക്കടിയില്‍ വെച്ചു പോയ  കടലാസിലെ
പിടിവള്ളി പൊട്ടിയ  നനഞ്ഞു പടര്‍ന്ന  വാക്കുകള്‍  -
"പൊറുക്കുക,  പൊറുക്കുക " ..ശേഷം അവ്യക്തം.
അമ്മ എഴുതി വെട്ടിക്കളഞ്ഞ അവസാന വരിയാണോ മൌനം.?
മൌനത്തിന്റ്റ് അമ്മ ആരാണ് ?

 മരണം പ്രസവിച്ചിട്ട വാക്കാണോ മൌനം ?

പൌര്‍ണമിയുടെ  മഞ്ചലില്‍ പ്രണയവും
മൌനത്തിന്റെ ശിരോവസ്ത്രം അണിഞ്ഞു യാത്ര ചെയ്യാറുണ്ട് .
ഇരുളും വെളിച്ചവും വായ്‌ പൊത്തി നിന്നിട്ടും
നക്ഷത്രങ്ങളിലേക്കു ഒളിച്ചോടാന്‍ ഭയന്ന ജീവിതം
ചുരുട്ടി എറിഞ്ഞ
മോര്‍ച്ചറിയിലേക്കുള്ള നോവാണോ മൌനം ?

മുള്‍ക്കിരീടത്തി
ന്‍റെയും ആണിമൂര്‍ച്ചയുടെയും
വിശുദ്ധമായ  അത്താഴവിരുന്നില്‍  എനിക്ക് വിളമ്പിയ
ഉപ്പു ചേര്‍ക്കാത്ത ഉദാരമായ സഹതാപം .
പ്രജ്ഞയില്‍ നിശബ്ദതയുടെ  ഒരില പൊടിയുന്നു
ഒറ്റ ഇലയുള്ള മഹാ വൃക്ഷമായി പന്തലിക്കുന്നു
അതില്‍ വംശ നാശം വന്ന അസംഖ്യം വാക്കുകള്‍
ചുള്ളിക്കമ്പുകള്‍ കൊണ്ട് പണിഞ്ഞ  ഒഴിഞ്ഞ കൂട്

എനിക്കറിയാം ..
ചിറകില്ലാത്ത പറവയ്ക്ക്  
ആകാശം  കൊടുക്കുന്ന എന്തോ അതാണ്‌   മൌനം .
 
അതേ ,മൌനത്തിന്റെ മൌനമാണ് മൌനം
 

Wednesday, December 21, 2011

ഒരു (ഡിസംബര്‍ ) തുള്ളി രക്തം

കണ്പീലികളുടെ നാമ്പുകള്‍ക്കിടയിലൂടെ
കനവിന്‍റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു 

പേര് ചൊല്ലി  മുട്ടി വിളിച്ച ഡിസംബറില്‍ 
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍  കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്‍കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം 


Saturday, December 17, 2011

ഞാന്‍ വസന്തമായത് ആര്‍ക്കു വേണ്ടി?

1.
മഴയുടെ ആശിര്‍വാദത്തില്‍ 
വെളിച്ചം പുതപ്പിനുള്ളില്‍ കയറി 
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്‌.
"ആരാണ് കരഞ്ഞത് ?"


2.
പകലിനു പരാതി -

ജീവിതം വഴി  മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "


3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ 


4
ഞായറാഴ്ച മഴയ്ക്ക്‌ അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ  ! 


5
കറന്റ്  പോയപോലെ  പോയ  ഒരാള്‍
തിരിച്ചു വരുന്നതും
പോയപോലെ .

ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം 


7
വസന്തത്തില്‍  അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..

എനിക്കറിയാം എന്‍റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു  



8
കണ്ണെന്നും പൊന്നെന്നും 
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും 
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍ 
ഞാന്‍ തലോടിയ താരാട്ട് .
   







Sunday, December 4, 2011

ഒപ്പും പേരും

പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം



സൂര്യാഗ്നി ചുറ്റളവെടുത്തു അകക്കാംപിലൂടെ  തുളഞ്ഞു  പോയി  
പുലരിയുടെ ലിപികളില്‍ ചാരവും പുകയും 



കൃഷ്ണമണിക്കുള്ളില്‍  രക്തം ഉറവെടുക്കുന്ന രഹസ്യഗര്‍ത്തം   
അടച്ചു വെച്ച പുസ്തകം പോലെ   .
ദിനങ്ങള്‍ക്ക്‌ ചുവട്ടില്‍ പേരെഴുതി ഒപ്പിടാന്‍ കഴിയുന്നില്ല.