Saturday, February 25, 2012

പ്രണയമൂര്‍ത്തിത്തെയ്യം

 
മാഞ്ചോട്ടില്‍ പൂത്തു നില്‍ക്കുന്നതാര്?
മാങ്കൊമ്പില്‍ കനവിന്‍ കനിയായി നില്‍ക്കുന്നതാര് ?
"മാങ്ങയുടെ പുളിരുചി ഞെട്ട് ഇറുക്കുമോ കണ്ണാ"
മാങ്കൊമ്പില്‍ പൂഞ്ചുവടുകള്‍ പൊലിപ്പാട്ടു പാടി
തലപ്പാളി കെട്ടിയ പൊന്‍ചില്ലകള്‍ ഇളകിത്തുള്ളി .
ഓടക്കുഴലില്‍ നിന്നും  രാഗങ്ങളുടെ യദുകുലസ്വാദ് 
ചുവട്ടില്‍ ദേവതയുടെ നൃത്ത പ്രദക്ഷിണം.

ആഹ്ലാദകളിയാട്ടം.

പച്ചമാങ്ങ ഞെട്ടറ്റു 
ഇലകളില്‍ തട്ടി വീണത്‌ മുലകളില്‍ തടഞ്ഞു .
ചുന തൊട്ടു കരിയെഴുതിയ മാറിടം
"കണ്ടോ കണ്ണാ ,എന്റെ നെഞ്ചില്‍ നീ .. "
അത് കേട്ട് പരവശയായ കാറ്റ് പരദൈവങ്ങളെ വിളിച്ചു
'ചെക്കന്‍ തമ്പ്രാട്ടിപെണ്ണിന്റെ ..!'
പൊലിച്ചു പൊലിച്ചു നാവെല്ലാം വറ്റി
നാവി
ലെ  ചുന കാതിലെ  ചന .

കണ്ണേറ് പേടിച്ചു നടന്ന കണ്ണന്‍
കല്ലേറ് പേടിച്ചോടി
ഒടക്കുഴ
ല്‍ വഴിയാധാരം പാടി
മാവ്  കരിങ്കോലം കെട്ടി
പുഴുതിന്ന കിളിപ്പാതികള്‍ മാത്രം കൊടിയേറ്റി
മാവ് പിന്നെ മധുരം മറന്നു പൂത്തു .

അഗ്നിജാതന്‍ കണ്ണന്‍ അജ്ഞാത വാസം

മാഞ്ചോട്ടില്‍ വളയിട്ട പെണ്ണ് ചിലങ്ക കെട്ടി
അരച്ചമയം മുഖച്ചമയം എല്ലാം വരവിളിയ്കായി ഒരുങ്ങി .
വാടാത്ത സ്തനങ്ങളുടെ സാക്ഷ്യം
ഉദയാസ്തമയങ്ങളിലും നിഴല്‍ വീഴാതെ തിളങ്ങി

മാമ്പൂ  മണമുള്ള ഒരു ദിനം

കുയിലുകള്‍ നാണിച്ചു തലതാഴ്ത്തി
വസന്തമാധുര്യം അലകടല്‍ പോലെ മാമരങ്ങളില്‍
തോറ്റം പാട്ട് പാടി
അണിയറയില്‍ നിന്നും കുരുത്തോലപ്പുടവ ചാര്‍ത്തി
അവന്‍ വന്നു
നടവഴി പൂവിട്ടു മദിച്ചു
 
നെയ്‌വിളക്കിന്‍ തിരി വെട്ടം അവനില്‍ പ്രസാദിച്ചു
കാലം പറിച്ചു കൂട്ടി തൊഴുതു 


പിന്നെ,

ഇരുളില്‍ നിഴലും കരിയും പുകയും ചാലിച്ച്
ആരൊക്കെയോ പൊയ്മുഖക്കോലങ്ങള്‍  കെട്ടി
അസുരാട്ടം- "ആദ്യം കുരുതി തര്‍പ്പണം."


അവള്‍ ഇലയിട്ടു
ഉപ്പിലിട്ട മാങ്ങയും കൂട്ടി ഒപ്പം ഉണ്ണാന്‍ . 
അവന്‍ നിറഞ്ഞ
താമരക്കുളത്തില്‍ മുങ്ങി  
നുറുങ്ങിപ്പോയ നിമിഷങ്ങളുടെ ഇടവേള 

അവന്റെ രക്തം  പ്രണയത്തെ വാഴ്ത്തി. 
ജലോപരിതലത്തില്‍ ശിരസറ്റ താമരത്തണ്ടുകള്‍ 
സ്നേഹം കൂട്ടി പുണര്‍ന്നു
 
ചടങ്ങുകള്‍ എല്ലാം അവസാനിച്ചെന്നു അവര്‍ കരുതി 

ചോരക്കുളം ഉലഞ്ഞു മുറുകി
ഊര്‍ജം അവനില്‍  കൂമ്പി വിരിഞ്ഞു
ഉലകാകെ ഉടയുംപോലെ ഉദിപ്പ്
അരക്കെട്ടില്‍ ജ്വലിക്കുന്ന പന്തങ്ങള്‍
ദിക് വന്ദനം നടത്തി .
മുകുര ദര്‍ശനം പ്രണയമൂര്‍ത്തിയെ  ആവാഹിച്ചു
കുരുത്തോലപ്പുടവയില്‍ 
അവന്‍
കനലുകളില്‍ സ്നാനം ചെയ്തു
ഉയിരാകെ പ്രണയക്കനലുകള്‍ 


"എന്റെ തെയ്യേ"
അവള്‍ വിളിച്ചു 


2 comments:

സങ്കൽ‌പ്പങ്ങൾ said...

തെയ്യങ്ങൾ മനുഷ്യരാണെന്ന ബോധ്യം നമുക്കെന്നുണ്ടാവും ആശംസകൾ...

ബിന്ദു .വി എസ് said...

ഉടലാകെ പൊള്ളുന്ന പ്രണയ ക്കനലുകള് മായി കളം കേറി വന്ന എന്‍റെ തൈവേ ......
നീ നേര്‍ക്ക്‌ പിടിക്കണ കണ്ണാ ടീല് കണ്ടാ ........ശ്രീ കുരുംബയുടെ ദേഹത്താകെ വസൂരി മുത്തുകള്‍ .അല്ല
പ്രണയ ക്കനലുകള്‍ ചുട്ടി കുത്തിയ മുദ്രകള്‍ ...........