Saturday, December 17, 2011

ഞാന്‍ വസന്തമായത് ആര്‍ക്കു വേണ്ടി?

1.
മഴയുടെ ആശിര്‍വാദത്തില്‍ 
വെളിച്ചം പുതപ്പിനുള്ളില്‍ കയറി 
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്‌.
"ആരാണ് കരഞ്ഞത് ?"


2.
പകലിനു പരാതി -

ജീവിതം വഴി  മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "


3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ 


4
ഞായറാഴ്ച മഴയ്ക്ക്‌ അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ  ! 


5
കറന്റ്  പോയപോലെ  പോയ  ഒരാള്‍
തിരിച്ചു വരുന്നതും
പോയപോലെ .

ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം 


7
വസന്തത്തില്‍  അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..

എനിക്കറിയാം എന്‍റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു  



8
കണ്ണെന്നും പൊന്നെന്നും 
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും 
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍ 
ഞാന്‍ തലോടിയ താരാട്ട് .
   







6 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മധുരം..മനോഹരം ..ലളിതം ..ഹൃദ്യം.

ബിന്ദു .വി എസ് said...

ഞാന്‍.. വസന്തമായത് ..ആര്‍ക്കു വേണ്ടി ?

Unknown said...

good one

Satheesan OP said...

ഇഷ്ടായി ആശംസകള്‍ ..

ഇസ്മയില്‍ അത്തോളി said...

കുഞ്ഞു വാക്കുകള്‍ പെറുക്കി വെച്ചുള്ള എഴുത്ത് ജോര്‍ .........പ്രബോധനത്തില്‍ ഉച്ചയൂണും കണ്ടു.....
സഖാവേ...........ആശംസകള്‍ ...................

drkaladharantp said...

പ്രിയ വസന്തം മധുരവസന്തമാക്കാന്‍ വന്ന സുഹൃത്തുക്കളെ വീണ്ടും വരിക ഋതുഭേദങ്ങളില്‍