Friday, December 30, 2011

നേരുന്നു ഞാന്‍ നിനക്ക് മാത്രമായി

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
വെളിച്ചം തൊട്ടില്‍ കെട്ടിയാടും
പൊന്‍ പുതുവരിഷജീവസ്പന്ദനക്കതിരുകള്‍ .., 

ഗഗനഗീതം പെയ്തിറങ്ങും മാരിവില്ലിന്‍ മധുസന്ധ്യയി -
ലൊരു ചുവടായിരുമെയ്യുകള്‍ കോര്‍ത്തു നീങ്ങും തീരം ,
വിരലുഴിഞ്ഞു കുസൃതി പൂക്കും മണല്‍ശയ്യയി,ലൊന്നായി
കണ്‍കളില്‍ തിരയടിക്കും പ്രണയനോവിന്‍ കണങ്ങള്‍ .
.

നിനക്ക് മാത്രമായി നേരുന്നു  ഞാന്‍
മഹാ വ്യഥകള്‍ മറക്കും മന്ത്രസ്പര്‍ശം.
മറക്കുക അഗ്നിശൈലം കടഞ്ഞു നീട്ടിയ പുരാണങ്ങള്‍ 
മൂളിപ്പ
ന്നെത്തി കൊത്തും ശരമുനകള്‍ ,
പഴങ്കലത്തില്‍ വറ്റ് തെടിപ്പരതിമടങ്ങും ഓര്‍മ്മകള്‍ ,
കുലമുടഞ്ഞ കടങ്കഥയില്‍  കുഴഞ്ഞു വരളും തണലുകള്‍ . 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
പഴിമഴയില്‍ കിളിര്‍ക്കും ചതിച്ചിരി പുഷ്പതാലം നീട്ടും
വഴിയൊഴിഞ്ഞു പോകാനുള്ളയുള്‍ക്കണ്‍
തെളിച്ചം .
നോക്കാതിരിക്കട്ടെ  ,കാണ്മാതിരിക്കട്ടെ
തെന്നലിന്‍ തേങ്ങല്‍ കുറുകിയിരുളു തിളയ്ക്കും കടലില്‍
പാദമിടറിക്കുതിപ്പടങ്ങി ആവിപൂക്കും 
തിരകള്‍ . 
ഇലമിഴികള്‍ കൂമ്പി വാടും വെയില്‍ തല ചായ്ക്കും 
അന്ധകാരപെരുംവൃക്ഷം നഖംനീട്ടും ശാഖകള്‍ . 

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
ചന്ദനം കുറി തൊട്ട സ്വപ്നയാത്രകള്‍ 

വാങ്ങാതിരിക്കട്ടെ , ദാനമായി നീട്ടും മാരീചോല്പന്നങ്ങള്‍ , 
ഇണകള്‍ കരളില്‍ ചൂടഴിക്കും ശോകമൂകം കണ്ണാടികള്‍ ,
ഒറ്റികൊടുക്കും കരിങ്കാക്കക്കൊക്കില്‍ കൊര്‍ത്തെറിയു-
മെ
ച്ചില്‍വാക്കിന്‍  മുനമുട്ടി കാതു പൊട്ടും ചങ്ങാത്തങ്ങള്‍ . 

എന്തേ മൌനം ?  
കുരലില്‍ കുടുങ്ങിയോ കഠിനമാം ദുഃഖവിത്തുകള്‍  ? 
വട്ടം ചുഴറ്റിയന്നനാളം ചികഞ്ഞു  കുടല്‍ കുടഞ്ഞോക്കാനിച്ചൂ ,
ഒരു ചെങ്കനല്‍കട്ടച്ചോര പശ്ചിമഭിത്തിയില്‍ പടരുന്നുവോ  ?
കടലാകെ  പരക്കുന്നുവോ ?..
മുത്തേ  മുക്തമാകുക ..വെറും തോന്നലിന്‍ തോന്ന്യാസങ്ങള്‍ 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
കല്ലോലങ്ങളില്‍ പുണ്യസ്നാനം ചെയ്തുദിക്കും
നവവര്‍ഷഹൃദയരാഗരശ്മിക്കുളിരുക
ള്‍
നിദ്ര തിങ്ങും കണ്കളിലധരമുദ്ര സുവര്‍ണ ദീപനാളം
നിത്യവും കൊളുത്തിയുണര്‍ത്തും പ്രണയവാക്കിന്‍ പുലരികള്‍ ,
കാനനങ്ങള്‍ നെയ്തെടുക്കും ഋതുവര്‍ണ
ത്തിരുവ്സ്ത്ര- 
ണിയിക്കും കണിക്കൊന്നപ്പൂങ്കുലദിനങ്ങള്‍
 

  

5 comments:

TPShukooR said...

പുതുവര്‍ഷം നന്നായിരിക്കട്ടെ.

MOIDEEN ANGADIMUGAR said...

പുതുവത്സരാശംസകള്‍ !

ബിന്ദു .വി എസ് said...

നിനക്ക് മാത്രമായ്‌....
പ്രണയത്തിന്‍റെ ഗന്ധര്‍വ ഗീതം .
സ്വപ്നങ്ങളുടെ കാനനം
പുലരി മഴയുടെ നടത്തം
മുല്ല വിരലിന്‍ കുളിര്‍ കൂട്ട്
നട്ടുച്ചയുടെ സ്നേഹ താപം
മടിയില്‍ മയങ്ങിയ പകല്‍
മയില്‍‌പ്പീലി ക്കണ്ണുകള്‍
ഒന്നിച്ചു നനഞ്ഞ മഴ
നീല ത്തുളസി ക്കതിരുകള്‍ ........
അധര മുദ്രയുടെ സുവര്‍ ണ്ണ ദീപനാളം
നക്ഷത്ര ചിപ്പിയിലെ തേന്‍ വാക്കു കള്‍
പിന്നെ
തിരകള്‍ സമാഹരിക്കപ്പെട്ട കടല്‍
വിളിച്ചു ചൊല്ലും പോലെ
നീയാണെന്‍ പുതു വര്‍ഷമെന്ന കവിതയും .

Mohammed Kutty.N said...

ഹൃദ്യമായ വരികള്‍ക്ക് ,കവിതയ്ക്ക് ആശംസകള്‍ !നേരട്ടെ,ഞാനും 'പുതുവത്സരാശംസകള്‍ '!

ഇസ്മയില്‍ അത്തോളി said...

പുതു വര്‍ഷത്തില്‍ വായിച്ച ആദ്യ കവിത..........വായന പതിരായില്ലെന്ന സന്തോഷം പങ്കു വെക്കുന്നു.........
വാക്കുകളുടെ ധാരാളിത്തം എങ്ങനെ സാധ്യമാവുന്നു എന്നൊരു അമ്പരപ്പ് .............കുഞ്ഞു അസൂയയും ഇല്ലാതില്ല.....ഇനിയും പിറക്കെട്ടെ ഇത് പോലെ നല്ല വരികള്‍............ആശംസകള്‍.............