Thursday, September 29, 2011

വാക്കിന്‍ ശവപേടകം

വാക്കുകള്‍ ചെടികളാണ്
ഋതുക്കള്‍ പ്രസാദിക്കും ഇലകളും 
ഇതളുകളും ശാഖകളുമായി അത് പന്തലിക്കും 
വാക്കിന്‍റെ ചോരനൂല്‍വേരുകള്‍ 
പറ്റിപ്പിടിച്ച ഒരു ഹൃദയം എനിക്കുണ്ട് 

വാക്കുകള്‍ പറവകളാണ് 
പുലരി ഗീതങ്ങളുടെ ചിറകുകള്‍ ആകാശം തേടും 
കടല്‍ത്തിരയുടെ സമ്മാനവും
വനാന്തരത്തിന്‍റെ   മാധുര്യവും 
തണലുകളിലെ കിനാക്കളും 
അവ കൊത്തിപ്പെറുക്കും  
നക്ഷത്രങ്ങളെ പ്രാര്‍ഥിച്ചു ചേക്കേറുന്ന 
വാക്കിന്റെ ഒരു ചില്ല എനിക്കുണ്ട്

വാക്കുകള്‍ ഗ്രാമത്തിലെ മഴയാണ് 
മഴയുടെ വര്‍ത്തമാനവും 
വര്‍ത്തമാനത്തിലെ മഴയും ഇരട്ടക്കുട്ടികള്‍ 
വിണ്ടു കീറിപ്പോയ മണ്ണിന്‍റെ
കണ്ണികളെ അത് പെയ്തടുപ്പിക്കും 
നിറഞ്ഞു പെയ്യുന്ന മഴമനസ്സ്
എന്റെ ജാതകത്തിലുണ്ട് 

വേരില്ലാത്ത മഴയുടെ ചിറകറ്റ പോലെ  
ലോകാവസാന സന്ദേശം
നാക്കില്‍  തറച്ച ശരവുമായ് 
വാക്കിന്‍ ശവപേടകം 
പാതി അടഞ്ഞും  
പാതി അകന്നും 


 
 

6 comments:

സങ്കൽ‌പ്പങ്ങൾ said...

വക്കുകള്‍ അമ്രിതാണ് അത് കിട്ടാതിരിക്കുമ്പോള്‍ ആര്‍ത്തികൂടികൂടി വരും...

അഭിഷേക് said...

വാക്കുകള്‍ പറവകളാണ്
പുലരി ഗീതങ്ങളുടെ ചിറകുകള്‍ ആകാശം തേടും

Njanentelokam said...

വാക്ക് എന്റെ മനസ്സിന് നിന്നിലേക്ക് നടക്കാനുള്ള വഴി കൂടിയാണ്
നന്മ നേരുന്നു

drkaladharantp said...

സങ്കല്‍പ്പങ്ങള്‍,അഭിഷേക്, നാരദന്‍
വാക്കുകള്‍ ചെങ്ങാത്ത വഴികളാണ് എന്നു ഓര്‍മിപ്പിച്ചു നിങ്ങള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അമൃതനിഷ്യന്ദിയായ വാക്കുകള്‍ ...

ചന്തു നായർ said...

നന്മ നേരുന്നു.......