Saturday, September 3, 2011

അത്തക്കിറ്റ് 2011

ചൂടാനും കളത്തില്‍ ചമയാനും തുളളാനും തൂവാനും
ചുണ്ട് ചുമപ്പിച്ചും കണ്ണെഴുതിയും  താലം കവിഞ്ഞും
ഓരോരോ മധുമൊഴിയില്‍ വിടര്‍ന്നും കൂട്ടമായി എത്തും
അത്തപ്പൂക്കള്‍ അയലത്ത് നിന്നും ...

ഏതു വേണം ?  മൊട്ടിട്ടപ്പോള്‍
ചോയിസ് പ്രതീക്ഷിച്ചിരുന്നില്ല 
കൊടുംതമിഴില്‍ വിരിഞ്ഞ  നുണക്കുഴികള്‍ 
ആടി ഉലയും കുലഭാരം
പൂമ്പൊടി പടര്‍ന്ന ഞെട്ടുകള്‍ .
അരഞ്ഞാണം കെട്ടിയ പൊന്കുലകള്‍
ഒന്നെടുത്താല്‍ മണം ഫ്രീ 
രണ്ടെടുതാല്‍ മധു ഫ്രീ
മൂന്നു  എടുത്താല്‍ ..?!

നഗരത്തില്‍ അത്തപ്പൂ തേടിപ്പോയപ്പോള്‍   മറന്ന ഒരു മണം ഈ തൊടിയിലുണ്ട്
മത്സരിക്കാന്‍  മനസ്സില്ലാത്ത മഴ നനയുന്ന  ഇതളുകള്‍
കൃഷ്ണകിരീടം  കരഞ്ഞപ്പോള്‍ മൂവന്തി ചേല ഉടുത്തിറങ്ങി 
അതു കണ്ടു നന്ത്യാര്‍വട്ടം പൂക്കൂടയില്‍ ച്ഛര്‍ദിച്ചു   
തെച്ചിയും ചെമ്പകവും ഓണപ്പരീക്ഷ എഴുതിയില്ല
ജ്വരം വന്നു പിടഞ്ഞു   മരിച്ചതിനാല്‍ പേര്‌ വെട്ടിയ പൂക്കള്‍ ..
ചെമ്പരുത്തി ഒരു രൂപ റേഷന്‍ വാങ്ങാന്‍ പോയി


ചാനലില്‍  ഉത്രാടറിയാലിറ്റി ഷോയില്‍ ഓണനിലാവു 
എലിമിനേഷന്‍  റൌണ്ടിലേക്ക് കടക്കുമ്പോള്‍ ..
അമ്മ ആദര്‍ശം പറഞ്ഞു.
"നാട്ടു പൂവിന്റെ സ്നേഹം തോവാളപ്പൂവിന്‍ മടിക്കുത്തില്‍ കിട്ടില്ല,"
വീണ്ടും അമ്മ  പിറു പിറുത്തു.
"ഓ.. "
പൂര്ത്തിയാക്കാത്ത ഒരു ഓര്‍മ  


*

2 comments:

Arjun Bhaskaran said...

ചാനെലില്‍ പൂ കാണാത്തതിനു പരിഭവിക്കുന്ന അമ്മ... പുതു ഓണ സങ്കല്പം

ഇലഞ്ഞിപൂക്കള്‍ said...

ആശംസകള്‍..