Monday, January 3, 2011

ഇന്ന് മേരിക്കുട്ടിക്കു...

ഇന്ന് മേരിക്കുട്ടിക്കു ആറ്‌ തികയും
ചാണകവരളി മണമൊട്ടിയ രാമഞ്ഞില്‍
മിഴിയടച്ചുപിടിച്ച തെരുവിളക്കിന്‍ കാല്‍ച്ചുവട്ടില്‍
മീന്തല മുറിച്ചിട്ട പോലെയവള്‍ പെറ്റു വീണു.


ഓടക്കുഴലിലൂടെ കറുപ്പും വെറുപ്പും ചോപ്പും
പഴുത്തു കുഴഞ്ഞൂറും മഞ്ഞയും കലര്‍ന്ന്
നഗരഗന്ധരാഗങ്ങള്‍ താരാട്ടായി
ഒലിചിറങ്ങിയ വര്‍ഷങ്ങള്‍


ഇന്ന് മേരിക്കുട്ടിക്കു ആറ്‌ തികയും
മേരിക്കുട്ടി കൈ നീട്ടി
കൂമ്പിയ വിരലുകള്‍ വായ്‌ വക്കില്‍
മൂന്ന് തവണ മുദ്ര കാട്ടി
വയറിന്റെ പരിഭാഷ


രണ്ട് രൂപ നാണയം പ്രതികരിച്ചു
പിശാചാവേശിച്ച പോലവള്‍ ചിറകടിച്ചുയര്‍ന്നു റാഞ്ചി
കഴുകന്‍ കൊത്തിക്കീറിയ പശിമീനാക്ഷി
വിരല്‍ത്തുമ്പില്‍ നിന്നും വെട്ടിമാറ്റി മറിഞ്ഞു.


ശരീരത്തിലെവിടെയോ കാ‍ന്താരി ഉടഞ്ഞു
കണ്ണുകളില്‍ കൊമ്പുകള്‍ നീണ്ടു .
മാന്തിപ്പൊളിച്ചു പരസ്പരം കടിച്ചൂറ്റി കുടഞ്ഞു
പക്ഷം ചേരാതെ നാണയം നടു റോഡിലേക്ക്


നാല് കണ്ണുകള്‍ അരനിമിഷം
ലക്ഷ്യം വിളിച്ചു കൂവികുതറി കുതിച്ചു
ലക്‌ഷ്യം തെറ്റാതെ ബസ് കടന്നു പോയി
ഇന്ന് മേരിക്കുട്ടിക്കു ആറ്‌........




?

3 comments:

കൊമ്പന്‍ said...

ദാരിദ്രതിന്‍ ഓലകുടിലില്‍ അന്ത രംഗം ഭംഗി ആയി വരച്ചു സാഹിത്യത്തിന്റെ നിറത്തില്‍

MOIDEEN ANGADIMUGAR said...

രണ്ട് രൂപ നാണയം പ്രതികരിച്ചു
പിശാചാവേശിച്ച പോലവള്‍ ചിറകടിച്ചുയര്‍ന്നു റാഞ്ചി
കഴുകന്‍ കൊത്തിക്കീറിയ പശിമീനാക്ഷി
വിരല്‍ത്തുമ്പില്‍ നിന്നും വെട്ടിമാറ്റി മറിഞ്ഞു.

ശരിക്കും മനസ്സിൽ തട്ടുന്നു വരികൾ

drkaladharantp said...

കവിതയുടെ മനസ്സില്‍ നിന്നുള്ള പ്രതികരണം.
.സ്നേഹത്തോടെ..
.. വീണ്ടും കാണാം