Friday, January 7, 2011

നിലവിളിക്കാന്‍ ഒരു വാക്ക്..


എലിവില്ലുകളാണ് വീട് നിറയെ
പിന്നെ കുറെ കറുത്ത പൂച്ചകളും.
ഫ്രിഡ്ജിലെ മീനിന്റെ കണ്ണുകളില്‍ ഐസുരുകും ജലാശയം.


കുളിമുറിയില്‍ കറുത്തപൂച്ചയുടെ തുറിച്ച നോട്ടം
സോപ്പിനോപ്പം ഊര്‍ന്നിറങ്ങി പതയുന്നു.
കിടപ്പറയില്‍ മാര്‍ജാര നടത്തം വിരി കുടയുന്നു
ചുണ്ട് കൂര്‍പ്പിച്ചു ശ്വാസം ഊറ്റിയെടുക്കാന്‍
വെമ്പുന്ന ചുംബനക്കൌശലം.


മണ്ണെണ്ണ മണക്കുന്ന കണ്ണുകള്‍
തീപ്പെട്ടിക്കൂടില്‍ നിനൂരിയെടുത്ത വാക്കുകള്‍
കുശലാന്വേഷണത്തിനു കത്തിമുനയുടെ തണുപ്പ്.


പുക ചുരുളുകള്‍ കറിച്ചട്ടിയില്‍ നിന്നും
ഉയര്‍ന്നു കഴുക്കോലില്‍ പിരിഞ്ഞു താഴേക്കു
കുരുക്കിട്ടു വരുമ്പോലെ ..


നിലവിളക്കില്‍ നാഗത്തിരികള്‍
കരിന്തല നീട്ടി കാത്തു കിടക്കുന്നു..
നിലവിളിക്കാന്‍ ഒരു വാക്കു പോലും കൂട്ടില്ല.


ഒരു കൊള്ളിവാക്കൂരിയുരസിയാ കണ്ണിലേക്കിടുവാന്‍
പെണ്ണേ നീ എന്നാണു മറു കെണി വെക്കുക


/

4 comments:

ബിന്ദു .വി എസ് said...

വിഷമ വൃത്തങ്ങളായി പുകച്ചുരുളുകള്‍ അടുക്കള കാന്‍വാസില്‍
വരച്ചിടുന്ന പെണ്മകളില്‍ മണക്കുന്നതും എരിയുന്നതും പരക്കുന്നതും
കൊള്ളിവാക്കുകള്‍ ആയിരുന്നുവെങ്കില്‍ ...എലിവില്ലുകള്‍ അവളെ
വിസ്തരിക്കുന്നതിനുള്ള കൂടുകള്‍ ആകില്ലായിരുന്നു .ഈ കവിത കാലത്തെ
ചമ്മട്ടി കൊണ്ടടിക്കുന്നു..അഭിമാനം .

ഗോപകുമാര്‍.പി.ബി ! said...

വളരെ സൂക്ഷ്‌മത പുലര്‍ത്തുന്ന വാക്കുകള്‍ ,
ശ്രദ്ധയോടെ തിരഞ്ഞെടുത്ത ബിംബങ്ങള്‍
കാലത്തെ നെടുകെ ഛേദിച്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നു.
കുശലാന്വേഷണത്തിലെ ക്രൂരത എനിക്കു കൂടുതലിഷ്‌ടമായി !

GLPS PANAYARA said...

nothing more to say....touching

Unknown said...

വളരെ നന്നായി
അഭിനന്ദനങ്ങള്‍

ഇവിടെ എന്നെ വായിക്കുക
http://admadalangal.blogspot.com/