Thursday, November 25, 2010

സീതേ, രാവണ തൃഷ്‌ണേ ..

ജാനകീ. മുളങ്കാടുകള്‍ പാടുന്നു
മേല്‍മരക്കൂട്ടങ്ങള്‍ കാതോര്‍ക്കുന്നു
നിന്‍ കണ്ണിലും കവിളിലും കരളിലും
മിന്നി മറയുന്നൂ കനകമാന്‍ പേടകള്‍.


മഞ്ഞല വിരിയിട്ട പുഴപ്പരപ്പില്‍
പൂങ്കാറ്റില്‍ പുളകിതയകുന്നൂ പുലരി
നീരാട്ടോളങ്ങള്‍ നിന്നുടലഴകില്‍
വിസ്മയതരംഗം നിശ്ചലം കാനനം.
തണുപ്പിന്‍ പകര്‍ച്ചകള്‍ നിന്നരുണാധരങ്ങളെ
വിറകൊള്ളിക്കുംപോള്‍ ഹാ.. ജാനകീ ഞാന്‍!


നനഞ്ഞു കയറും നിന്‍ മുടിയിഴകളിലൂടെ..
ഉടല്‍ വടിവിലൂടെയൊഴുകും ജലബിന്ദുക്കള്‍
പ്രണയാര്‍ദ്ര മണിവര്‍ണങ്ങളാകുമ്പോള്‍
ആറ്റു വഞ്ചികള്‍ മറഞ്ഞും രാഗ രശ്മികള്‍ ചൊരിഞ്ഞും
മിഴികള്‍ ഇരുപതും വിടര്‍ന്നും തുടിച്ചും
സഹസ്രശാഖകള്‍ തരിക്കുന്ന കാനനം.


സീതാ....
ഗന്ധര്‍വമോഹങ്ങളായി പുഷ്പകമാനസം
രാവില്‍ നിത്യസഞ്ചാരം ഭൂഹൃദയപുത്രീ
പ്രണയശിരസുകള്‍ മാറി മാറി
പകലന്തിയോളം സ്വപ്നദര്‍ശനം.


സീതേ,
എല്ലാ തിരമാലകളും സമാഹരിച്ചൊരു
മഹാപ്രണയ തരംഗമാക്കിയതില്‍ കിടത്തി
കാറ്റ് കൊണ്ട് പ്രണയിക്കും ഞാന്‍.


സീതാ,
കൈലാസമിളക്കിയോന്റെ കരളിളക്കിയമ്മനമാടും
ഓമല്‍ക്കനവേ, വന മാധുര്യമേ, ചന്ദനക്കുളിരേ,
നീലത്തുളസിക്കതിരേ , രാവണ തൃഷ്‌ണേ ..
വരൂ, ലങ്കാസമുദ്രധ്യാന തരംഗചാരുതയുടെ
ഉജ്വലശക്തിപ്രവാഹമാകൂ,
പ്രപഞ്ചത്തിലെ മഹാസ്നേഹ
സാമ്രജ്യത്തിന്നധിപനാക്കൂ..എന്നെ നീ


സീതാ..
ഏതു കാനനത്തിങ്കലാണെങ്കിലും കട്ടെടുക്കും നിന്നെ ഞാന്‍
ഇമയൊട്ടുമേയനക്കിടാതെ കണ്ടു കണ്ടങ്ങിരിക്കുവാന്‍..


ജാനകീ
അറിയുന്നൂ നിന്നെ പ്രണയിപ്പതിലൂടെ
അതിരില്ലാസ്നേഹാകാശ വിശുദ്ധി ഞാന്‍
സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ ശിരസ്സുകളോരോന്നും
ഇറ്റു വീഴുമ്പോഴും നിനക്കായ്‌ ജാതകം വിധിച്ച ഹൃദയം
തുടരും യുഗസന്ധ്യയോളം രക്താഭിഷേകപ്രണയം

Friday, November 19, 2010

ബധിരാന്ധമൂക


ഴി ദോഷങ്ങള്‍ പടി കയറാത്ത പുലരിയില്‍
അരുവിനീരായി തെളിഞ്ഞ വാക്കിവള്‍.


പച്ച ജീവിതം മുഖാമുഖക്കാഴ്ചകള്‍
അന്നവസ്ത്രാദി മുട്ടും പ്രാര്‍ഥനാനാളങ്ങള്‍
കണ്‍മഷി കലങ്ങികറുത്തു പോം പാതകള്‍.
രാവിന്‍റെ ഭാരം ചാരും വാതില്‍വിടവിലൂ-
ടായിരം കണ്ണുകള്‍ നീട്ടുന്ന നാവുകള്‍.

പൊന്‍വെയില്‍ വിളറും സായന്തനം
ഉമ്മറത്തിണ്ണയില്‍ നിഴല്‍ മുട്ടുന്നാരോ പേശുന്നൂ.
ഏതോ ഒരുവന്‍ എന്റെ മേനിക്കു
പൊന്നിന്റെ മേലൊപ്പ് ചോദിപ്പൂ...
വന്ധ്യമാം കാറ്റ് ചേക്കേറും ചില്ലകള്‍


കരിമേഘപന്തലില്‍ ശിരസ്സ്‌ വാടി
കനല്‍ചരടില്‍ അകംപുറം പൊള്ളി
പൂക്കള്‍ വിതുമ്പും ചാപ്പ കുത്തും മുഹൂര്‍ത്തം
അവന്‍ വരിച്ചതെന്തേ, ഞാന്‍ ത്യജിച്ചതെന്തേ?


സൂര്യ തേരിന്‍ ചക്രച്ചതവില്‍ ധൂളി പാറുന്നൂ
നാമ്പ് നുള്ളി ഇലകോതി കമ്പൊടിച്ചു
തടിയറുത്തു വേരിളക്കി ജാതകം ചികഞ്ഞു
പെറ്റുകൂട്ടുന്നൂ ചോര മണക്കും വാക്കുകള്‍, മൃഗതൃഷ്ണകള്‍ ..

തിളക്കവും തിലകവും മങ്ങും ദിനങ്ങള്‍
കെട്ടു പോകുന്നുവോ എന്‍ നിലാത്തളിര്‍വെട്ടവും
എന്നരുമായാം കന്നി സ്വപ്നപ്പെന്കുരുന്നിനെ !.. ..
മുടി പകുപ്പിലൂടിറ്റു വീഴുന്നൂ എന്‍ തിരുനെറ്റിയില്‍
ഒരു തുള്ളി ഭ്രൂണശാപശോണിമ..


ഞാന്‍ ബധിരാന്ധമൂക
ഇരുള്‍ തളിര്‍ക്കും വഴിയോര നിഴല്‍ മരം.


നേര്‍ത്തതെന്തോ ഉള്‍ക്കാതില്‍ പതിക്കുന്നു
ചേര്‍ത്തു പിടിക്കുന്നരൂപികള്‍ അമ്മമാര്‍



---------------

Friday, November 12, 2010

ഗന്ധര്‍വ സന്ദര്‍ശനം


പ്രകാശ ബന്ധങ്ങള്‍ക്ക് മേല്‍
വന്മരങ്ങളെ കിടത്തി ഉറക്കി
പൂക്കാത്ത കൊന്നകളെ കുലുക്കി ഉണര്‍ത്തി
ഒരു കാറ്റാഞ്ഞു വീശും
മേഘത്തിന്റെ അകമ്പടി ഇല്ലാതെ
ഒരുശിരന്‍ മഴ പൊട്ടി വീഴും
ഇടിനാദം ഇരുള്‍ പിളര്‍ത്തും
പോന്മിന്നാല്‍ ചൂട്ടു വീശി പാത തെളിയും
പിടിച്ചു നിറുത്തിയ പോലെ മഴ നിലയ്ക്കുമ്പോള്‍
അവന്‍ കാലു കുത്തിയെന്ന് നിശ്ചയം


മേല്‍ കീഴ് പാര്ശ്വാനുഭവങ്ങളുടെ
ഓരോ കണികയും അളന്നറിഞ്ഞു അവന്റെ പ്രയാണം
കാതു ചേര്‍ത്ത് വെച്ചാല്‍ അവനറിയാന്‍ കഴിയും
ഉള്ളിലുറവകള്‍ പൊടിയുന്ന നേരിയ ശബ്ദം
ഇട നെഞ്ചുകളില്‍ ഇടം തേടി അവന്റെ ചുവടുകള്‍


ഇരുള്‍ മഴയില്‍ നനയാനിറങ്ങിയാകെ
കുതിര്‍ന്നു പോയ ഒരുവള്‍
പൂര്‍വനിശ്ചിതജന്മപ്രതീക്ഷകളുമായി
സ്വയം മറന്നു അവനിലൊഴുകി എത്തി
ഓരോ അനുഭവ ബിന്ദുവിലും വിയര്‍ക്കും


അവളെ അവന്‍ ഏറ്റെടുക്കും
പുലരിയില്‍ പോലീസായി അവന്റെ വേഷപകര്‍ച്ച
മോര്‍ച്ചറിയില്‍ കാവല്‍ക്കാരനായി...
അതെ, അവളെ അവന്‍ കൈ വിടില്ല
-----------------------------------------------
പച്ചക്കുതിര പ്രസിദ്ധീകരിച്ചത് (2009)

Sunday, November 7, 2010

ഓര്‍മയുടെ ഭാരം.

ഇല മുറിച്ചു വച്ച്
കാലില്‍ കുരുക്കിട്ട പൂവന്‍ കോഴി
ശിരസ്സില്‍ കുരുതി പ്പൂവ്.
കാലം അയ വെട്ടി
ഒന്ന്..രണ്ടു..മൂന്ന് ..
ഓര്‍മയുടെ മൂര്‍ച്ച കഴുത്തിലൂടെ പാഞ്ഞുപോയി
രക്തം പതാക വീശി


ഉയിര് പൊട്ടിയ ഉടല്‍ ഉയര്‍ന്നു പൊങ്ങി
ഉടഞ്ഞു വീണു കുതറി
ഉശിര് വിടാത്ത ഏകാംഗ പ്രകടനം
കൂവിയുനര്ത്തിയ കുരലില്‍ നിന്നും അപശബ്ദ മുദ്രകള്‍
കാഴ്ച വട്ടത്തിന് ഭാവ ഭേദമില്ല


കണ്ടതും കേട്ടതും ചോര
നാക്കിലും മൂക്കിലും ചോര
ശൌര്യം എങ്ങി വലിച്ചു കോഴി
ബലിദാനവാര്‍ഷിക ചടങ്ങ് ഉപസംഹരിച്ചു


താങ്ങാന്‍ ആവാത്ത അത്രയുണ്ട് ഓര്‍മയുടെ ഭാരം.
ഓരോരുത്തരായ് പിരിയാന്‍ തുടങ്ങി
ചുമtSന്തി മുടന്തി അല്പം വലത്തോട്ടു ചാഞ്ഞ്
ഗ്രഹണ നിഴല്‍ വീഴ്ത്തി..


ഇനി ആരുമില്ല
ഉപേക്ഷിക്കപ്പെട്ട ജഡം ഏറ്റെടുക്കാന്‍
ഒരു നിഴല്‍ വാലാട്ടി വന്നു
മുറിവുകള്‍ നക്കിത്തുടച്ചു


----------------------------------==============

Sunday, October 31, 2010

അന്ധമലയാളം

നവംബര്‍ ഒന്ന്
കസവുടുത്ത പുലരി
ആരോ മുട്ടിവിളിക്കുന്നു.
ഒളിനോട്ടത്തില്‍ കണ്ടു
നാല് പേര്‍
വാക്കും മൂക്കും പൊത്തി കണ്ണും കാതും കെട്ടി
ഇടിമുഴക്കത്തെ വിളറിയനിലാവില്‍ പൊതിഞ്ഞാഴ്ത്തിയ
മലയാളം മണ്ണിളക്കി അലങ്കാരചെടി നട്ട്
തിരുവാതിര കൊട്ടി ചുറ്റി കളിക്കണം ഇന്ന്


സദസ്സിനു നമസ്കാരം പറയുമ്പോള്‍
ശ്വാസംമുട്ടി കൈകാലിട്ടടിച്ച്‌ കണ്ണ് തുറിച്ച ഒരു
പ്രേതപ്പുലരി ശിരോവസ്ത്രമില്ലാതെ....
മാന്യ വിശിഷ്ടദേഹങ്ങള്‍ക്ക് ഉള്ളു തണുക്കാന്‍
കുപ്പിയില്‍ അതേ കിണര്‍ ജലം


വൈകിട്ട് വീണ്ടും മുട്ടി വിളിക്കുന്നു
ഒളി നോട്ടത്തില്‍ കണ്ടു
അവര്‍ നാല് പേര്‍.
രണ്ട് വിശ്വാസികള്‍
രണ്ട് കമ്മ്യൂനിസ്ടുകാര്‍
വര്‍ഗീസ്‌
രാജന്‍
മൌലവി
അഭയ
അഴുകാത്ത നാല് ജഡങ്ങള്‍
പരാജിത ന്യൂനപക്ഷം













Thursday, October 28, 2010

തോല്‍വിജയം


തോല്‍വിയാണ് ജയം
അതില്‍ രക്തസാക്ഷിയുടെ കയ്യൊപ്പുണ്ടെങ്കില്‍
വിനയത്തിന്‍ വെളിച്ചമുണ്ടെങ്കില്‍
പുലരിയുടെ വിത്തുന്ടെങ്കില്‍
പച്ചക്കാവിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ പഴുത്ത കരാര്‍ ഇല്ലെങ്കില്‍

അടിമ വംശത്തിന്റെ വിയര്‍പ്പിലൂടെ
സൂര്യന്‍ തപിപ്പിച്ച കരിമണ്ണില്‍
മുളയ്ക്കുന്ന കണ്ണുകളിലേക്കു
ഒരു പൈതല്‍ കൈ പിടിച്ചു നടത്തുന്നു

കൈത്തലങ്ങളിലെ നേര്‍രേഖകളില്‍
വിയര്‍പ്പിന്റെ വാദങ്ങളില്ലാത്ത്തവര്‍
അവരെ ഒപ്പം കൂട്ടരുത്

ഏറ്റുമുട്ടി പോരുവീര്യം കുറുകിയ നെഞ്ചകം
ഓര്‍മകളുടെ നിലവിളികള്‍ കൊണ്ട് പൊതിയുക.



--------------------------------------------------

Monday, October 25, 2010

വള്ളിചെരുപ്പ്


ഓര്‍മയുടെ തിരയനക്കമലിയുന്നു
ആകാംക്ഷ ആഴം കൂട്ടി.
ജലത്തില്‍ ആകാശം കരി നീലിച്ചു


ഊരി വെച്ച രണ്ടു കമ്മലുകള്‍
നിശബ്ദതയ്ക്കു കാവല്‍ നിന്നു
ഒരു താലി ചരട് ചുരുണ്ട് കൂടി
തല പൂഴ്ത്തി കിടന്നു.
അറ്റ് വീണ കണ്ണീര്‍ തുള്ളി
ജലത്തിലേക്ക് കൈ നീട്ടി.


സ്നാന ഘട്ടത്തില്‍ മുങ്ങാം കുഴിയിട്ട് പോയ
ജീവിതപ്പിടച്ചിലിന്‍ മിന്നായം കണ്ടു
മത്സ്യങ്ങള്‍ അന്ധാളിച്ചു


ഉടലിറങ്ങിപ്പോയ വഴി
പുഴ ഒന്നിളകി കിടന്നു.


കടവില്‍ ഉപേക്ഷിക്കപ്പെട്ട വള്ളിചെരുപ്പു
സമയം തേഞ്ഞു പോയിട്ടും
കാത്തു കാത്തു കിടന്നു..