Thursday, November 25, 2010

സീതേ, രാവണ തൃഷ്‌ണേ ..

ജാനകീ. മുളങ്കാടുകള്‍ പാടുന്നു
മേല്‍മരക്കൂട്ടങ്ങള്‍ കാതോര്‍ക്കുന്നു
നിന്‍ കണ്ണിലും കവിളിലും കരളിലും
മിന്നി മറയുന്നൂ കനകമാന്‍ പേടകള്‍.


മഞ്ഞല വിരിയിട്ട പുഴപ്പരപ്പില്‍
പൂങ്കാറ്റില്‍ പുളകിതയകുന്നൂ പുലരി
നീരാട്ടോളങ്ങള്‍ നിന്നുടലഴകില്‍
വിസ്മയതരംഗം നിശ്ചലം കാനനം.
തണുപ്പിന്‍ പകര്‍ച്ചകള്‍ നിന്നരുണാധരങ്ങളെ
വിറകൊള്ളിക്കുംപോള്‍ ഹാ.. ജാനകീ ഞാന്‍!


നനഞ്ഞു കയറും നിന്‍ മുടിയിഴകളിലൂടെ..
ഉടല്‍ വടിവിലൂടെയൊഴുകും ജലബിന്ദുക്കള്‍
പ്രണയാര്‍ദ്ര മണിവര്‍ണങ്ങളാകുമ്പോള്‍
ആറ്റു വഞ്ചികള്‍ മറഞ്ഞും രാഗ രശ്മികള്‍ ചൊരിഞ്ഞും
മിഴികള്‍ ഇരുപതും വിടര്‍ന്നും തുടിച്ചും
സഹസ്രശാഖകള്‍ തരിക്കുന്ന കാനനം.


സീതാ....
ഗന്ധര്‍വമോഹങ്ങളായി പുഷ്പകമാനസം
രാവില്‍ നിത്യസഞ്ചാരം ഭൂഹൃദയപുത്രീ
പ്രണയശിരസുകള്‍ മാറി മാറി
പകലന്തിയോളം സ്വപ്നദര്‍ശനം.


സീതേ,
എല്ലാ തിരമാലകളും സമാഹരിച്ചൊരു
മഹാപ്രണയ തരംഗമാക്കിയതില്‍ കിടത്തി
കാറ്റ് കൊണ്ട് പ്രണയിക്കും ഞാന്‍.


സീതാ,
കൈലാസമിളക്കിയോന്റെ കരളിളക്കിയമ്മനമാടും
ഓമല്‍ക്കനവേ, വന മാധുര്യമേ, ചന്ദനക്കുളിരേ,
നീലത്തുളസിക്കതിരേ , രാവണ തൃഷ്‌ണേ ..
വരൂ, ലങ്കാസമുദ്രധ്യാന തരംഗചാരുതയുടെ
ഉജ്വലശക്തിപ്രവാഹമാകൂ,
പ്രപഞ്ചത്തിലെ മഹാസ്നേഹ
സാമ്രജ്യത്തിന്നധിപനാക്കൂ..എന്നെ നീ


സീതാ..
ഏതു കാനനത്തിങ്കലാണെങ്കിലും കട്ടെടുക്കും നിന്നെ ഞാന്‍
ഇമയൊട്ടുമേയനക്കിടാതെ കണ്ടു കണ്ടങ്ങിരിക്കുവാന്‍..


ജാനകീ
അറിയുന്നൂ നിന്നെ പ്രണയിപ്പതിലൂടെ
അതിരില്ലാസ്നേഹാകാശ വിശുദ്ധി ഞാന്‍
സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ ശിരസ്സുകളോരോന്നും
ഇറ്റു വീഴുമ്പോഴും നിനക്കായ്‌ ജാതകം വിധിച്ച ഹൃദയം
തുടരും യുഗസന്ധ്യയോളം രക്താഭിഷേകപ്രണയം

1 comment:

കാവലാന്‍ said...

രാവണ മാനസം കൊള്ളാം.

ഭാവുകള്‍.