മഞ്ഞുകണങ്ങളില്‍ കാലു നീട്ടി അവള് .
നഗരത്തില്‍ വിടര്‍ന്ന പുലരിപ്പൂവ്
ആര്‍ക്കോ കണി ഒരുക്കിയപോലെ
രാത്തുടുപ്പില്‍ അഴിഞ്ഞു പോയവള്‍ .
നഗ്നരശ്മികള്‍ ജാലകം തുറന്നു ഒഴുകി
മാറിടം മാനം നോക്കി കിടന്നു
അടയാത്ത കണ്ണുകളില്‍ ഓടിക്കിതച്ച ദൂരങ്ങള്‍
തുറന്ന ശരീരം
ജീവിതത്തില്‍ ഇനി ഒന്നും മറച്ചുവെക്കാനില്ല
ദര്‍ശനം
ഈച്ചക്കൂട്ടം പൊതിയാന്‍ തുടങ്ങി
അസംഖ്യം കണ്ണുകള്‍
ഭോഗാസക്തിയോടെ പഴിപറഞ്ഞു സഹതപിച്ചു
ആരോ വാക്ക് പൊത്തി തെറി പറഞ്ഞു
അജ്ഞാത -അതാണ് പേര്
മലയാളത്തില്‍ അപമാനിക്കപ്പെട്ട വാക്കുകള്‍ക്കു കുറവില്ല
ഉന്തു വണ്ടിയിലേക്ക് തൂക്കിയെടുത്തിട്ടപ്പോള്‍
വേറെയും ..
എല്ലാം തുറന്ന ശരീരങ്ങള്‍
വാഗണ്‍ ട്രാജഡിയിലേക്ക്
കമിഴ്ന്നു വീണവര്‍ .
യുദ്ധത്തിന്റെയും കലാപത്തിന്റെയും നാടുകളില്‍ മാത്രമല്ല
ഗന്ധകം തുളച്ചെരിഞ്ഞ പെണ്ണിടങ്ങള്‍
ശാന്തികവാടത്തിലേക്ക് അവര്‍ കടക്കുമ്പോള്‍
"ആത്മവിദ്യാലയമേ" പാടിയിരിക്കാം .
വൈദ്യുതിയുടെ അനുകമ്പ.. സ്നേഹം .
"എല്ലാം കഴിയാന്‍ ഏറെ സമയം വേണ്ട "
ക്യൂ നില്പോര്‍ക്കുള്ള സന്ദേശം
അവര്‍ ചിതാഭാസ്മത്ത്തില്‍ കുറിച്ചു

