Saturday, September 3, 2011

അത്തക്കിറ്റ് 2011

ചൂടാനും കളത്തില്‍ ചമയാനും തുളളാനും തൂവാനും
ചുണ്ട് ചുമപ്പിച്ചും കണ്ണെഴുതിയും  താലം കവിഞ്ഞും
ഓരോരോ മധുമൊഴിയില്‍ വിടര്‍ന്നും കൂട്ടമായി എത്തും
അത്തപ്പൂക്കള്‍ അയലത്ത് നിന്നും ...

ഏതു വേണം ?  മൊട്ടിട്ടപ്പോള്‍
ചോയിസ് പ്രതീക്ഷിച്ചിരുന്നില്ല 
കൊടുംതമിഴില്‍ വിരിഞ്ഞ  നുണക്കുഴികള്‍ 
ആടി ഉലയും കുലഭാരം
പൂമ്പൊടി പടര്‍ന്ന ഞെട്ടുകള്‍ .
അരഞ്ഞാണം കെട്ടിയ പൊന്കുലകള്‍
ഒന്നെടുത്താല്‍ മണം ഫ്രീ 
രണ്ടെടുതാല്‍ മധു ഫ്രീ
മൂന്നു  എടുത്താല്‍ ..?!

നഗരത്തില്‍ അത്തപ്പൂ തേടിപ്പോയപ്പോള്‍   മറന്ന ഒരു മണം ഈ തൊടിയിലുണ്ട്
മത്സരിക്കാന്‍  മനസ്സില്ലാത്ത മഴ നനയുന്ന  ഇതളുകള്‍
കൃഷ്ണകിരീടം  കരഞ്ഞപ്പോള്‍ മൂവന്തി ചേല ഉടുത്തിറങ്ങി 
അതു കണ്ടു നന്ത്യാര്‍വട്ടം പൂക്കൂടയില്‍ ച്ഛര്‍ദിച്ചു   
തെച്ചിയും ചെമ്പകവും ഓണപ്പരീക്ഷ എഴുതിയില്ല
ജ്വരം വന്നു പിടഞ്ഞു   മരിച്ചതിനാല്‍ പേര്‌ വെട്ടിയ പൂക്കള്‍ ..
ചെമ്പരുത്തി ഒരു രൂപ റേഷന്‍ വാങ്ങാന്‍ പോയി


ചാനലില്‍  ഉത്രാടറിയാലിറ്റി ഷോയില്‍ ഓണനിലാവു 
എലിമിനേഷന്‍  റൌണ്ടിലേക്ക് കടക്കുമ്പോള്‍ ..
അമ്മ ആദര്‍ശം പറഞ്ഞു.
"നാട്ടു പൂവിന്റെ സ്നേഹം തോവാളപ്പൂവിന്‍ മടിക്കുത്തില്‍ കിട്ടില്ല,"
വീണ്ടും അമ്മ  പിറു പിറുത്തു.
"ഓ.. "
പൂര്ത്തിയാക്കാത്ത ഒരു ഓര്‍മ  


*

Wednesday, August 24, 2011

വിളി കേള്‍ക്കാത്ത ഒരിടം

ഇരുള്‍ പുതയ്ക്കുന്ന വനമധ്യത്തില്‍
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു

ചിറകടിയുടെ അതിവേഗതാളം അയഞ്ഞു
ഉണര്‍വിന്റെ നാദങ്ങള്‍ കൊക്കു പൂട്ടി
വെളിച്ചം ഊറിപ്പോയ ഇളം പുല്ലിന്‍
വിരല്‍ തുമ്പിലേക്ക്‌ മഞ്ഞു കണങ്ങള്‍ വീഴ്ത്തി
കാറ്റ് പതുങ്ങി നിന്നു.
പുഴ ഇരുളില്‍ സമര്‍പ്പിച്ചു.
ഗതി മുട്ടി ആഴം കനത്ത  ഇരുള്‍ ..
ഏറെ നാള്‍ വെളിച്ചം മുട്ടിവിളിക്കാത്ത
താഴ് തുരുമ്പിച്ച നിലവറയില്‍ പെറ്റു പെരുകിയ
അതേ നിബിഡാന്ധകാരം

സ്നേഹത്തിന്റെ സൂചിത്തല സ്പര്‍ശം ..
ശ്വാസം കൊടുംകാറ്റിലേക്ക് കൂടുമാറല്‍ ..
 
നിര്‍വൃതിയുടെ നിലാവെളിച്ചം .. 
ഓര്‍മ്മകള്‍ കെട്ടഴിഞ്ഞു മേയാന്‍ തുടങ്ങി
നെടുവീര്‍പ്പുകളുമായി അവ ഉടനുടന്‍ മടങ്ങി

ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു
വിളി കേള്‍ക്കാത്ത ഒരിടം
വാക്കിനും വരിക്കും പഴുതില്ലാതെ
കീഴ്ത്താടി കൂട്ടിക്കെട്ടി ..
പകുതി കത്തി നനഞ്ഞ  വിറകുകള്‍
മുറിഞ്ഞു പോകുന്ന ഒരു കാഴ്ചയായി
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായി.


  •  

Sunday, August 7, 2011

ചൂണ്ടിച്ചെന്നാല്‍ നാരങ്ങ




ഉടുത്തൊരുങ്ങി ഉടല്‍ തിളങ്ങി.
തങ്കമഞ്ഞ മൂടി തൂമണം തൂകി.
താലത്തിലിരുന്നൂ നാരങ്ങ...

കല്യാണനാരങ്ങ

നിറദീപമിഴികളാല്‍ ഇമപൂട്ടാതുഴിയുന്നു 
നിറപറ കതിര്‍ക്കുല കള്ളനോട്ടമെറിയുന്നു
തുളസിയും ചന്ദനവും കുസൃതികള്‍ മൊഴിയുന്നു
തളിര്‍വെറ്റിലത്തനുവില്‍  പൊന്‍വെളിച്ചം ചിരിക്കുന്നു

താലത്തിലിരുന്നൂ നാരങ്ങ
ചടങ്ങുകള്‍ തുടങ്ങുന്നു

ഉള്ളുരുകി മനം കൂര്‍പ്പിച്ചു പ്രാര്‍ത്ഥന :-
"സുജാതകം പ്രഭ വിടര്‍ത്തും സൌമ്യവാത്സല്യം ,
ഉറുമി വീശും വാക്കുടമ,
പ്രിയമാനസസ്നേഹദാഹശമനി.
ദൃശ്യകാവ്യശോഭിത ,
സര്‍വസ്വമാമോമന,
സര്‍വലോക രക്ഷകരേ
കൈവിടാതെ കാത്തു കൊള്ളണേ "
തായ്മിഴിയിലെരിയും കെടാവിളക്ക് സാക്ഷി
വാഴ്വുകള്‍ ചൊരിയും  സുമനസ്സുകള്‍ സാക്ഷി

മംഗല്യ മണ്ഡപം കൈവിട്ടുതിര്‍ന്നു
ചവിട്ടിക്കുടയുമാരവങ്ങള്‍ക്കി
ടയിലേക്കു
രുളുമൊരു ദീനനിലവിളിനാരങ്ങ

നീരുവറ്റി,യേതോ മൂലയില്‍ അകം വിങ്ങി
മനം മങ്ങി,പ്പരിമളം ചോരും നാരങ്ങ ..
സര്‍വലോകരക്ഷകരേ കാത്തു കൊള്ളണേ
കനകമഞ്ഞപ്പട്ടുപുടവ വരിഞ്ഞോരീ  ജഡം 





*

Friday, July 29, 2011

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും

ഒടുക്കത്തെ വണ്ടിയും പോയ്മറഞ്ഞു
ഇരുട്ടത്തിരമ്പം തണുത്തുറഞ്ഞു
ഒരു വൃദ്ധമാനസം ഒറ്റയ്ക്കിരുന്നിതാ
ദൂരവും ദുരിതവും പരതി നോക്കുന്നു
മറവിരോഗത്തിന്‍ മാറാപ്പഴിച്ചവള്‍
വിഷാദം ചാലിച്ചെഴുതിയ മിച്ചങ്ങള്‍
തൊട്ടു തലോടി തിരിച്ചു വെക്കുന്നു

ഒച്ചയില്ലാത്തതാം വണ്ടിയൊന്നെത്തുന്നു
കൊച്ചു വിളക്കുകള്‍ ഞെട്ടി മിഴിക്കുന്നു
പാളത്തിലോര്‍മകള്‍ വെട്ടിത്തെളിയുന്നു
താരാട്ടിന്നീണം പെട്ടെന്ന് പൂക്കുന്നു
തിക്കിത്തിരക്കിയിറങ്ങുന്നതാരിവര്‍ ?
കവിള്‍,കണ്‍,നെറുകയില്‍ മുത്തം തുടിക്കുന്നു.
"അമ്മയമ്മേ" യെന്നുച്ചത്തില്‍ വിളി -
ച്ചോടിയണഞ്ഞു പുണര്‍ന്നാവിയായിതീരുന്നു.

മൂക്ക് പൊത്തുന്നൂ കുഞ്ഞിളം താരകള്‍
ഒക്കാനിച്ചു പിന്‍വാങ്ങുന്നൂ ബോഗികള്‍
ചോപ്പ് വെളിച്ചം ചുരത്തുന്നൂ പൂഞെട്ടുകള്‍
നെടുവീര്‍പ്പുപോലും കൈവീശിയകലുന്നു

സ്നേഹമാപിനി നിശ്ചലമാകവേ
പടിയിറങ്ങിയ 'സന്താനസൌഭാഗ്യം '
പാത പണിതവര്‍ എത്ര ഉദാരര്‍?...
ഓരത്തൊതുങ്ങുവാന്‍ ഇടം നീക്കി വെച്ചവര്‍

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും
കുതിരും മിഴികളില്‍ ഉമ്മയുണ്ടെപ്പോഴും.

Wednesday, July 20, 2011

മധുരം പിഴയൊടുക്കണം

പാത മുറിയുമ്പോള്‍ പാദം മുറിയുന്നു.
ചിത്തം മുറിയുമ്പോള്‍ സ്വപ്നം മറയുന്നു
നീ മുറിയുമ്പോള്‍ വെളിച്ചം മുറിയുന്നു
മുറിവിനും മുറിവ്, ദിനരാത്ര രുധിരധാര

തുന്നിക്കൂട്ടണം,വിളക്കിച്ചേര്‍ക്കണം
പിന്നിപ്പോകും ജന്മവസന്തങ്ങള്‍.
മഞ്ഞക്കണി നിറം കുറുകിത്തിടം
വെച്ചൊലിക്കും പ്രഭാങ്ങള്‍.

പഴുത്തനോവുകളാറ്റിയെടുക്കണം
പഴക്കം കനത്താലറ്റു പോം പറ്റമായ്
അഴുകി കുതിരും മേഘസന്ദേശങ്ങള്‍
മഴനാമ്പുകളെഴുതും സ്നേഹവേരുകള്‍ ,

മരുന്ന് മടങ്ങുന്നൂ; മധുരമത്രേ ശത്രു-
സൗരഭത്തേന്‍ പകര്‍ന്നു പരസ്പരം
പൂത്തുലഞ്ഞു മധുരക്കനികളായി
സൌവര്‍ണമാത്രകള്‍ നിറഞ്ഞ ജീവിതം

മധുരം പിഴയൊടുക്കണം.
ത്യജിക്കണം മാധുര്യങ്ങള്‍ -
കാതിലെ ത്രിസ്സന്ധ്യാ കടലിരമ്പങ്ങള്‍
കണ്ണില്‍ പുഷ്പിക്കും കാനനക്കനവുകള്‍

ഗന്ധര്‍വസ്പര്‍ശ മഴരാവുക-
ളമൃതം കടയും ആശ്ലേഷങ്ങള്‍
പാരിജാത സ്നേഹഗന്ധങ്ങള്‍
പൂമരത്തില്‍ താലി കെട്ടും നിലാവ്
.
കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍
മകള്‍

ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു



Sunday, June 12, 2011

"എന്‍റെ "എന്ന വാക്ക്


എന്‍റെ ഒരു വാക്ക്
"എന്‍റെ "എന്ന വാക്ക്
കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു
ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്.
ഹൃദയത്തില്‍ സ്നേഹ നൂലുകൊണ്ട് തുന്നിക്കെട്ടുമ്പോള്‍
മിടിച്ചുയര്‍ന്ന വാക്ക്.

കൃഷ്ണമണികള്‍ക്കിടയില്‍ മയില്‍‌പ്പീലി വീശിയ
ഹംസമഴ കരളില്‍ പെയ്ത വാക്ക്.
നീലക്കുറിഞ്ഞി പാകിയ സ്വപ്നം
ആ വാക്കില്‍ വിരിയുന്നത് ഞാന്‍ കണ്ടു

പുലരി മഴയില്‍ പാദം മുറിഞ്ഞ നടത്തത്തില്‍
താലിത്തിളക്കമുള്ള ഒരു വാക്ക്
കൊഴിയുന്നത് കാണാന്‍ നീ കൊതിച്ചോ
എന്‍റെ മുത്തേ ..


--

Friday, June 3, 2011

ജൂണ്‍ മഴ

കുടക്കീഴിലോതുങ്ങാന്‍
ചേര്‍ന്നൊട്ടിക്കുളിരാന്‍
മഴ കൊതിച്ചു.
കൂടല്ലിത് കുടയാണ്‌
കുട ചിറകൊതുക്കി വിലക്കി.

സങ്കടം തുളുമ്പി പൊട്ടി
കൊരിചോരിഞ്ഞതും
ചിണുങ്ങി നിന്നതും
പിണങ്ങി ഒളിച്ചതും
ഇടറി വീണതും
മഴ..

ഞാന്‍ നിനക്ക് കുടയാകാം - മഴ
ഞാന്‍ നിനക്ക് മഴയാകാം - ഞാന്‍
കുടമാറ്റം
പഞ്ചവാദ്യങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ പെയ്തു.
ജൂണില്‍ നമ്മളന്നു ഒന്നായി
പെയ്തപോലെ..

--