Saturday, April 21, 2012

അര്‍ദ്ധ വിരാമം

അര്‍ദ്ധ വിരാമം ഇങ്ങനെ -
സ്കൂള്‍ വേനലവധിയിലേക്ക് കതകു ചാരുമ്പോള്‍
പൂട്ടാനായി താക്കോല്‍ പെരുമാറ്റത്തിന് കാതോര്‍ക്കുന്ന താഴ് പോലെ,
വെളിച്ചത്തിന്റെ കവിള്‍ ചുവക്കുന്ന കടല്‍ക്കരയില്‍  പിരിയുമ്പോള്‍
പരസ്പരം കൊരുത്ത വിരലുകള്‍ അയയുന്നത് പോലെ ,
"എന്‍റെ എത്രയും പ്രിയപ്പെട്ട "..
എന്നു തുടങ്ങുന്ന  ,
"നിന്റെ സ്വന്തം "എന്നവസാനിക്കുന്ന 
വസന്തത്തിന്റെ കത്ത് പോസ്റ്റ്‌ ചെയ്യാനോങ്ങി 
കീറിക്കളയുംപോള്‍  വാക്കുകളുടെ  നിശ്വാസം പോലെ,

അര്‍ദ്ധ വിരാമം ഇങ്ങനെ -
ഫോണിന്റെ  അങ്ങേ തലയ്ക്കല്‍ 
റിംഗ് ടോണ്‍ തൊണ്ട വറ്റി നിശബ്ദമാകുംപോലെ,
ഇ മെയില്‍   ബോക്സില്‍ ചാറ്റ്പച്ച 
കരിഞ്ഞു പുക ഉയരും പോലെ,
ശൂന്യതയുടെ ചുള്ളിക്കൂടിലേക്ക് 
തിരിഞ്ഞു നോക്കുന്ന പക്ഷിയെപോലെ,
കണ്ണില്‍ പൊടിഞ്ഞ കണ്ണാടിയുടെ  ഹൃദയ സ്പന്ദനം 
അവസാന ശോണിമയുടെ ഒപ്പിടും പോലെ ,
സ്മരണകളുടെ പെന്‍ഡ്രൈവ് കുത്തിയാല്‍ 
നിന്റെ സിസ്റ്റത്തില്‍  വൈറസ് കോലം തുള്ളും എന്ന് ! 
'അഗ്നിനാളത്തിനു  ഹിമശയ്യയ്യില്‍ നിദ്ര വിരിക്കും '-
ഫേസ്ബുക്കില്‍ നിന്റെ ആത്മഗതം. 

പുതിയ ന്യായവാദങ്ങള്‍ മൂര്‍ച്ച കൂട്ടി 
ശരീരകോശങ്ങളില്‍  പ്രാണനെ വേട്ടയാടുന്ന ശസ്ത്രക്രിയ പോലെ ,
അതെ ,
നീ ഇപ്പോള്‍ ചെയ്ത പോലെ ,
അര്‍ദ്ധ വിരാമം,
അതിന്റെ തുള്ളി പാദത്തില്‍ വീഴുമ്പോള്‍ പൂര്‍ണ വിരാമം.

2 comments:

ajith said...

വിരാമം മറ്റൊന്നിന്റെ തുടക്കം

ഇസ്മയില്‍ അത്തോളി said...

മാഷെ .......വരികള്‍ക്കിടയിലൂടെ ആസ്വദിച്ച്‌ നടന്നാണ് വായിച്ചത് .
ഒരുപാട് ഇടങ്ങളില്‍ കൈപിടിച്ച് കൊണ്ട് പോയി കവിത .
ഇന്നലെയുടെ ഇടങ്ങളും ഇന്നിന്റെ ആത്മാവുമുള്ള രചന .
അസ്സലായി .ആശംസകള്‍ ...............