Wednesday, April 4, 2012

ഒരു റിംഗ് ടോണ്‍

ഇന്ന്   പെയ്ത  വേനല്‍  മഴയിലാണ്  
സെല്‍ഫോണ്‍ മരിച്ചത്
അപൂര്‍ണതയുടെ ഒരു തുള്ളി പോലെ.

മഴ കൂട് കെട്ടുന്നതിനു മണിക്കൂറുകള്‍ മുമ്പേ 
അത് കേള്‍പിച്ച  
"കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ..."
എന്ന  സിനിമാ ഗാനം ഇപ്പോള്‍ വല്ലാതെ പെയ്യുന്നു 


മരണത്തിന്റെ തണുത്ത തുള്ളികള്‍ 
വീഴും മുമ്പേ ഫോണില്‍ നിന്നും
ഒരേ നമ്പരിലേക്ക്  പോയ മൂന്നു മേസേജുകളുടെ  
മറുസന്ദേശങ്ങള്‍ക്കായി  ഇരു കൈയ്യുംനീട്ടിയുള്ള ആ അക്ഷമയെ  
പ്രതികരണ നിശബ്ദതയുടെ ആണി കൊണ്ടടിച്ചു ചിന്നിയ  
സങ്കടനിശ്വാസം   ഉഷ്ണ മേഘങ്ങളില്‍ തൊടുമ്പോള്‍ 
അതൊരു ആത്മഹത്യാ കുറിപ്പായി തീരുമെന്ന് 
ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക? .


ഒന്നോര്‍ത്തു നോക്കൂ 
എത്രയോ തവണ 
പരിധിക്കു പുറത്താണെന്ന് ഓര്‍മിപ്പിച്ചിട്ടും തളരാതെ 
ഈ നമ്പര്‍ നിലവില്‍ ഇല്ലെന്നു പരിഹസിച്ചിട്ടും വാടാതെ 
ക്ഷമിക്കൂ,
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണെന്നു കേട്ടിട്ടും  മുഷിയാതെ.
പിന്നെ 
ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് കടുത്ത ഭാഷയില്‍ താക്കീത് ..
അതും വക വെക്കാതെ
സ്നേഹ സഹനത്തിന്റെ അക്കങ്ങള്‍ കൊണ്ട് താലി കെട്ടാന്‍ 
ഈ സെല്‍ ഫോണ്‍ ....!   


നിനക്കും  എനിക്കും അറിയാം
ഫോണ്‍ മാനുഷികവികാരങ്ങള്‍ ഉള്ള ഒരു ജീവി തന്നെ ആണെന്ന് 
അത് റീയല്‍ ലവ് ചോദിക്കും
വാക്കുകളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യും 
കടല്സന്ധ്യയില്‍ സൂര്യ സമാഗമത്തിന് മുഹൂര്‍ത്തം കുറിക്കും  
ശരീരത്തിന്റെ  തരംഗ വടിവുകളോട്  ചേര്‍ന്ന് ചൂട് പറ്റും 
തലയിണയ്ക്കടിയില്‍   നിന്നും നെഞ്ചിലെ പതുപ്പിലേക്ക്  
കിനാവിന്റെ നിലാവുമായി രഥം തെളിയിക്കും
രാവിനെ സൈലന്റ് മോഡില്‍ ഇടുമ്പോള്‍ 
വികാരത്തിന്റെ കമ്പനം  നൂറായിരം താരോദയം 


സെല്‍ ഫോണ്‍ മരിച്ചു
അതിന്റെ ഓര്‍മകൂട്ടില്‍ അടവെച്ച മയില്‍പീലികള്‍ ..
അതും മരിച്ചു കാണുമോ?
പുലരിയുടെ നിത്യ സംഗീതം സൂക്ഷ്മ കണങ്ങളായി 
വേര്‍പെട്ടു മായുമോ?

സെല്‍ ഫോണിന്റെ ആത്മാവ്  നമ്മുടെ ശരീരത്തിലേക്ക് 
പകര്‍ന്നു പടര്‍ന്നിട്ടുണ്ടാകാം
ഹൃദയത്തില്‍ ചെവി ചേര്‍ക്കൂ
ഒരു റിംഗ് ടോണ്‍ കേള്‍ക്കുന്നില്ലേ ?
 
 6 comments:

ajith said...

ഒരു റിംഗ് ടോണ്‍ കേട്ടു. കാവ്യസന്ധ്യയില്‍ കൂട്ടുകൂടി

കലാധരന്‍.ടി.പി. said...

അജിത്‌
വന്നതില്‍ സന്തോഷം

ബിന്ദു .വി എസ് said...

എനിക്കും നിനക്കും അറിയാം സെല്‍ ഫോണുകള്‍ നമ്മുടെ ഹൃദയങ്ങളുടെ യാത്ര അത്രയും സൂക്ഷിക്കുമെന്ന് ........
പാതി പറഞ്ഞും തുടക്കം മറന്നും ഒടുക്കം ഇല്ലാതെയും അതു ചെയ്യുന്ന കൊല്ലാക്കൊലകള്‍ ............
അപ്പോഴൊക്കെയും നമ്മള്‍ ശ ബ്ദ തരംഗങ്ങളുടെ തോണി ഏറി പരസ്പരം തുഴഞ്ഞെത്താറുണ്ട് ..
പിന്നെ റിംഗ് ടോണുകളുടെ കൈമാറ്റം ..........
കൊച്ചു പിണക്ക ങ്ങളുടെ ഡിലീറ്റ് ..........
നിഷ്ക്കളങ്കതയുടെ റീ ചാര്‍ജ് ........
പരിധികളില്ലാത്ത കവിത

ഇസ്മയില്‍ അത്തോളി said...

ഇന്നിന്‍റെ കവിതയായി റിംഗ് ടോണ്‍ ................വര്‍ത്തമാന കാല ജീവിതമാണ് താങ്കള്‍ വരച്ചു വെച്ചത് ..........
വരികളിലും ഇടയിലും വായനക്ക് വകുപ്പുണ്ട് ......ഇനിയും നന്നാവട്ടെ എഴുത്ത് .........ആശംസ ..........

കലാധരന്‍.ടി.പി. said...

പ്രിയ ഇസ്മയേല്‍
വരികള്‍ക്കിടയിലൂടെ പോയല്ലോ സന്തോഷം
ബിന്ദു
പ്രതികരനക്കവിതയുടെ സിം കാര്‍ഡു കൊള്ളാം

Nmk Blog said...

അതെ ,ഹൃദയത്തിലേക്ക് ചെവി ചേര്‍ത്തുവെക്കുന്നു.delete ചെയ്താലും നമുക്കുമാത്രമറിയാവുന്ന നമ്മുടെ 'സെല്‍ഫോണ്‍'മുഴക്കം.