Wednesday, August 24, 2011

വിളി കേള്‍ക്കാത്ത ഒരിടം

ഇരുള്‍ പുതയ്ക്കുന്ന വനമധ്യത്തില്‍
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു

ചിറകടിയുടെ അതിവേഗതാളം അയഞ്ഞു
ഉണര്‍വിന്റെ നാദങ്ങള്‍ കൊക്കു പൂട്ടി
വെളിച്ചം ഊറിപ്പോയ ഇളം പുല്ലിന്‍
വിരല്‍ തുമ്പിലേക്ക്‌ മഞ്ഞു കണങ്ങള്‍ വീഴ്ത്തി
കാറ്റ് പതുങ്ങി നിന്നു.
പുഴ ഇരുളില്‍ സമര്‍പ്പിച്ചു.
ഗതി മുട്ടി ആഴം കനത്ത  ഇരുള്‍ ..
ഏറെ നാള്‍ വെളിച്ചം മുട്ടിവിളിക്കാത്ത
താഴ് തുരുമ്പിച്ച നിലവറയില്‍ പെറ്റു പെരുകിയ
അതേ നിബിഡാന്ധകാരം

സ്നേഹത്തിന്റെ സൂചിത്തല സ്പര്‍ശം ..
ശ്വാസം കൊടുംകാറ്റിലേക്ക് കൂടുമാറല്‍ ..
 
നിര്‍വൃതിയുടെ നിലാവെളിച്ചം .. 
ഓര്‍മ്മകള്‍ കെട്ടഴിഞ്ഞു മേയാന്‍ തുടങ്ങി
നെടുവീര്‍പ്പുകളുമായി അവ ഉടനുടന്‍ മടങ്ങി

ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു
വിളി കേള്‍ക്കാത്ത ഒരിടം
വാക്കിനും വരിക്കും പഴുതില്ലാതെ
കീഴ്ത്താടി കൂട്ടിക്കെട്ടി ..
പകുതി കത്തി നനഞ്ഞ  വിറകുകള്‍
മുറിഞ്ഞു പോകുന്ന ഒരു കാഴ്ചയായി
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായി.


  •  

5 comments:

Arjun Bhaskaran said...

ഈ ലോകത്തെ എല്ലാവരും ഒരു തരത്തില്‍ ഒറ്റയ്ക്കാണ്.. ആരും വിളിച്ചാല്‍ വിളി കേള്‍ക്കാത്തിടത്ത് നിന്നും വന്ന്‍ അവിടേക്ക് മടങ്ങുന്ന എകാകികള്‍

Aadhi said...

സാഹചര്യം അല്ലെ ഒരാളെ ഒറ്റപെടുത്തുന്നതു ??????????????

ASOKAN T UNNI said...

ദ്രുത വേഗ താളം ?

drkaladharantp said...

പ്രിയ മാഡ് ,ആദി, അശോകന്‍
വിളികേള്‍ക്കാത്ത ഒരിടത്തേക്ക് നിങ്ങളും..
എങ്കിലും ഇതുപോലെ വാക്കിന്റെ സ്നേഹം പകരാന്‍ കഴിയുമല്ലോ.

Satheesan OP said...

ഒറ്റയ്ക്ക് മടങ്ങുന്നതിനു മുന്പ് ചെയ്യുവാന്‍ ഒരുപാടില്ലേ...