Monday, February 28, 2011

ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം

ചുണ്ടുകളില്‍ മൂന്ന് തുന്നലിട്ടു സ്റ്റിക്കര്‍ ഒട്ടിച്ചു
മുന്നില്‍ കഴുത്ത് ഞെരിഞ്ഞു പിടയുന്ന വാക്ക്
കണ്ണുകളില്‍ കടന്ന സിറിഞ്ച് ഊറ്റിയെടുത്തത്
കാടും കടലും പുലരിയും സന്ധ്യയും നിലാവും
തുളസിക്കാഴ്ചകള്‍ അര്ചിച്ച യാത്രകളും

പാതി വഴിയില്‍ വെച്ച് പാദത്തില്‍ ആണിയടിച്ചു
ഇനി അന്വേഷിക്കരുത്.മടങ്ങരുത് നീങ്ങരുത്...

ആകാശവും ഭൂമിയും അതിരിട്ടു
കരയും കടലും വേര്‍പെട്ടു
വെളിച്ചം കടഞ്ഞു രാവും പകലും മുറിഞ്ഞകന്നു

എങ്കിലും അതിരുകള്‍ സാക്ഷിയാക്കി
കരയില്‍ കയറ്റി വെച്ച തോണി അയവിറക്കും
ഭൂതവും ഭാവിയും അതില്‍ വര്‍ത്തമാനം പറഞ്ഞിരിക്കും

ഒടുക്കത്തിരയും മരിച്ച കടല്‍
സ്ഥലകാല സംഗമസന്ധ്യ അനാഥം .

പിന്‍ വാങ്ങലിന്‍ നിലാവെണ്ണ വറ്റും
കരിന്തിരിയുടെ നിശബ്ദ മൊഴികള്‍ക്കു കാതു ചേര്‍ത്ത്
ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം ..

5 comments:

ചന്ദ്രകാന്തം said...

ഭൂതവും ഭാവിയും വര്‍ത്തമാനം പറഞ്ഞിരിയ്ക്കുന്ന തോണി..

Kalavallabhan said...

മുന്നില്‍ കഴുത്ത് ഞെരിഞ്ഞു പിടയുന്ന വാക്ക്

നികു കേച്ചേരി said...

മാഷേ, വായിച്ചു പോകുന്നു

സുദിന്‍ സോമന്‍ said...

കരയില്‍ കയറ്റി വച്ച തോണികളും പിന്‍ വാങ്ങലുകളുടെ വിദൂര സ്മരണകളും......
കലാധരന്‍ മാഷ്‌..കത്തുകളും നോട്ടീസുകളും ചര്‍ച്ചാ മുറികളും ചിന്തകളില്‍ ചിതകളെരിയിക്കാന്‍ പ്രാപ്തമായിരുന്ന ഒരു വിചാരക്കാലത്ത് നിന്ന് അകന്ന്..
കുഴമറിയലുകളും നിരാശകളും നിറയുന്ന ഈ വിചാരണക്കാലത്ത്..
ഇങ്ങനെയൊരു വീണ്ടെടുക്കല്‍ വലിയ സന്തോഷം തരുന്നു...
ഒടുക്കം ഞാന്‍ കണ്ടെതിക്കഴിഞ്ഞിരിക്കുന്നു...

സുദിന്‍ സോമന്‍

drkaladharantp said...

പ്രിയ സുദിന്‍
എന്റെ സമരോത്സുക യൌവ്വനത്തിന്റെ ചെങ്ങാതീ,
സംവാദങ്ങളുടെ പകലുകള്‍,കാവ്യാഹ്നങ്ങളുടെ പുഴയോരം ,നാട്ടില്‍ നാം കൊണ്ട് നടന്ന സാംസ്കാരിക സംഘം
ഓര്‍മയുടെ ഹസ്തദാനം നിന്റെ വരവ്,
ഇന്ന് ഓണം പോലെ നിന്റെ വരികള്‍ .