Sunday, July 27, 2014

ബലി

...........
കൈ കൊട്ടി വിളിച്ചിട്ടും
മമ്മീം ഡാഡീം മരക്കൊമ്പിലിരുന്നതേയുളളൂ
പൂജാരിച്ചത് ആംഗലേയത്തിലല്ലത്രേ!
തന്ത്രി മലയാളത്തിനു ബലിയിട്ടു
കിളിപ്പാട്ട് ചിറകടിച്ചിറങ്ങി
നാരായമുനക്കൊക്കില്‍
വെന്തചോറ് നൊന്തുചിതറി
അന്ന് നിലാവ്

ഇന്ന് അമാവാസി.

Thursday, June 12, 2014

കരുതല്‍


ഒരു യാത്രയുമവസാനമല്ലാരംഭമെന്നറിയുമോ
നീ സീതേ,
നീ മുഖമല്പമുയര്‍ത്തൂ,
മേലേയ്ക്കു മേലേക്കു നോക്കൂ.
അതാ, അവിടെയാ
കാര്‍മുടി വകഞ്ഞൊതുക്കും തുടുത്തകവിളില്‍
അല്പനേരത്തേക്കെങ്കിലും അസ്തമിക്കാ നിലാച്ചുബനചന്ദനം!
ചുണ്ടുകളങ്ങനെയല്ലാതെയാവുതെങ്ങനെ?
ലോകത്തിലെയെല്ലാ കോരിത്തരിപ്പിക്കും വര്‍ത്തമാനങ്ങളേയും
അതിശയിപ്പിക്കും മുദ്രയവയ്ക്കു മാത്രം.
അതിനാല്‍ സീതേ,
ത്രസിപ്പിക്കുന്ന ഹൃദയസന്നിവേശത്താല്‍
നിന്റെ ചുണ്ടും കവിള്‍ത്തടങ്ങളും
രക്തം പൊടിയുന്ന നോവാസ്വദിക്കട്ടെ-
യീ രാവിന്നിണക്കമായ് രാ,വണക്കമായ്.

സീതേ,
താഴേക്കു നോക്കൂ,
അതെ വലതു വശത്തേക്ക്.
നീലിമ മേല്‍വിരിപ്പിട്ട പട്ടുതുണിയുടെ അടിയിലാളുണ്ടോ?
ഇളക്കം രാവേറെയായിട്ടും നിലയ്ക്കുന്നില്ലല്ലോ!
സപ്തസാഗരരാഗങ്ങളാല്‍ പുളകിതയാവുക നീയും.

നറുഗന്ധമനമോഹനപുഷ്പകവിമാനം
നിന്‍ ഹൃദയമുനമ്പു തേടുന്നു
നേര്‍ത്ത തുഷാരത്തൂവെണ്മത്തണുപ്പൊട്ടിക്കിടക്കും
കഴുത്തിലെ സൂര്യോദയത്താലി പോലെ
സമുദ്രത്തില്‍ ഒറ്റപ്പെട്ടു തിളങ്ങും പ്രണയത്തുരുത്തതാ.ലങ്ക.
ഇടനെഞ്ചിലെ കറുത്ത ചരടില്‍
സീതേ
നിനക്കായി രാവണല്‍ കരുതിയ താലി
പാഴാവില്ലെന്നറിയുക
ഭൂമി പിളര്‍ന്നു മറഞ്ഞു പോയാലും
നാടു കൈയൊഴിഞ്ഞകന്നു പോയാലും
ശിരസുകള്‍ അറ്റുപോയാലും 
കണ്ണിയകലാതെ
കാത്തുകൊള്‍കെന്നു
നിലാവും കടലുമേറ്റുപാടുന്നു.





Monday, May 19, 2014

സംസാര സമയം


ഭൂമിയില്‍ കാലൊച്ചയില്ലാതെ നടന്ന ദിവസം ഇന്നായിരുന്നു
ഭാരമില്ലാതെ, നിഴലില്ലാതെ, തടസ്സമേതുമില്ലാതെ ...
ഇപ്പോള്‍ അപ്പൂപ്പന്‍താടി ആനന്ദമാടിയതിന്റെ രഹസ്യമഴിഞ്ഞുവീണു
കണ്ണടച്ച് കാതടച്ച് കതകടച്ച് നിശബ്ദസാഗരത്തിന്റെ ചക്രവാളം തൊട്ടു
ഇപ്പോള്‍ ഇതാ ഞാന്‍ ഈ നരമേഘങ്ങള്‍ക്കിടയിലിരുന്ന്
ഓട്ടോഗ്രാഫു വായിക്കുകയാണ്
മണ്ണട്ടികളുടെ നിറമുളള താളുകളില്‍ നിന്നും
കണ്ണുനീരുറവക്കുമിളകള്‍ പൊട്ടി ഒരു നിശ്വാസമായവസാനിച്ചു.
നിന്റെ കയ്യക്ഷരം മഷിപ്പടര്‍പ്പില്‍ വിതുമ്പിത്തേങ്ങി.

മടിയില്‍ കിടത്തി മുടിയില്‍ വിരലോടിച്ച്
നെറുകയിലമര്‍ത്തി ചുംബിക്കപ്പെടാത്തവന്‍
മടിച്ചു നിന്ന മഞ്ഞുതുളളി പോലെ വേര്‍പെട്ടവന്‍ ,
പുറപ്പെട്ടിട്ടും ഇടം കിട്ടാത്തവന്‍.
എന്നിട്ടും
തിരിഞ്ഞുനോട്ടത്തിന് വാശിപിടിക്കുന്ന കുട്ടിയാണ് മരണം.

സ്മൃതിപാളത്തിലെ തീവണ്ടി ചൂളം വിളിയായി ശൂന്യമാകുമ്പോലെ
കാളിഘട്ടിലെ പൂമണം ചൂടിയ ഓളങ്ങള്‍ വാടിയുറങ്ങുന്നതു പോലെ
നിന്റെ ചുണ്ടുകളില്‍ അനുരാഗം വറ്റിപ്പോയതു പോലെ
ഭൂമിയില്‍ നിന്നും ഞാന്‍ വേര്‍പെട്ട ദിവസം ഇന്നായിരുന്നു.


വേനല്‍ച്ചിതയില്‍ അസ്ഥിക്കൊള്ളിയായി അസ്തമിച്ച ചില മരങ്ങള്‍
മഴപ്രാര്‍ഥനയില്‍ പിന്നെയും തളിരിലകളെ പൂക്കളാക്കും
നിറങ്ങള്‍ ആകാശത്തേക്കു ചിറകടിച്ചുയര്‍ന്നാത്മാഹൂതി ചെയ്താലും
മഴ, നിറങ്ങളുടെ വില്ലു കുലച്ച് മനമാകെ പുഷ്പാഭിഷേകം നടത്തും
അതേ പോലെ കെട്ടു പോയ ചാരത്തില്‍ നിന്നും
ആരൊക്കെയോ ഊതിയുണര്‍ത്തിയ ദാനമായിരുന്നീ ജീവിതം

നീ കരുതും പോലെ അവസാനത്തെ കുറിപ്പുകളായിരിക്കില്ലിവ
പലപ്പോഴും ഞാന്‍ മരിച്ചുപോയിട്ടുണ്ടെന്നു നിനക്കറിയാം.
ശ്രദ്ധയോടെ അടുക്കിയ അതിമനോഹരമായ പൂക്കള്‍
സുഗന്ധമറ്റ ഹൃദയത്തിനു മേലെ വെച്ച് ആദരവോടെ
മൗനമായി നീ കാലത്തിന്റെ ചുമരില്‍  ചാരി നില്‍ക്കുമ്പോള്‍
ഒരായിരം പൂമ്പാറ്റകള്‍ ആ പൂക്കളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്
വിലാപങ്ങളാഹ്ലാദാരവമാകുമ്പോലെ നിന്റെ മിഴിത്തിളക്കമായിട്ടുണ്ട്


മരണം നിദ്രയില്‍ പെയ്യുന്ന ചാറ്റല്‍മഴയല്ല
എങ്കിലും അത് ഇന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തി
ഋതുക്കളുടെ കുതിരസവാരിക്ക് ഉറ്റവരെ ക്ഷണിക്കും
കടിഞ്ഞാണില്ലാത്ത ഓര്‍മകളില്‍
മുളമ്പാട്ടുകള്‍ വാരിപ്പുണര്‍ന്നു തലോടും

എപ്പോഴും
മരണമാണ് ജിവിതത്തെക്കുറിച്ച് സംസാരിക്കുന്നത്.
നീ ജീവിതത്തിലേക്കും ഞാന്‍ മരണത്തിലേക്കും
യാത്രപറഞ്ഞ നിമിഷം ഇന്നായിരുന്നു
എന്നിട്ടും നീയും ഞാനും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

Sunday, February 23, 2014

ആലിപ്പഴം



ശിവരാത്രിക്ക് രണ്ടു ദിവസം മുമ്പ്
എന്റെ ഉളളം കൈയിലേക്കു
മനസുപോലെ വെളുത്ത,
സ്വപ്നഹൃദയം പോലെ തെളിഞ്ഞ
ഒരു പുന്നാരസ്ഫടികത്തുണ്ട് വീണു.
മാനത്തെ മേഘങ്ങളുടെ പിണക്കമലിഞ്ഞ്
പരസ്പരം  പരിഭവം പറഞ്ഞു പുണര്‍ന്നുചുംബിക്കുമ്പോള്‍
സ്നേഹനയനങ്ങളില്‍ നിന്നും ഉതിര്‍‌ന്നു വീഴുന്നതത്രേ
ഈ പളുങ്കുമുത്തുകള്‍.

ഞാന്‍ ആര്‍ക്കാണിത് കൊടുക്കുക
അലിഞ്ഞുതീരുന്ന ജിവിതത്തിലെ
തീരുമാനമെടുക്കേണ്ട നിമിഷങ്ങളില്‍
അടുത്താരുമില്ലെങ്കില്‍..?

ഞാന്‍ ജീവിതമന്ദാരത്തിന്റെ ഇലയില്‍
ഇതു പൊതിഞ്ഞു വെക്കുകയാണ്.
മാത്രകള്‍ വകഞ്ഞോടിയെത്തി
അലിയും മുമ്പേ വന്നെടുക്കണേ പെണ്ണേ
ഈ ആലിപ്പഴം.

Sunday, January 5, 2014

ശിരുവാണിയും ഞാനും


ശിരുവാണിയെന്നാല്‍ നിറത്തണുപ്പാണ്.
ഓളങ്ങള്‍ ബലാത്തുടി കൊട്ടുന്ന പുലരിയില്‍
മഞ്ഞിന്റെ മേലാടയ്കടിയില്‍ കുഞ്ഞുമത്സ്യങ്ങള്‍
വെള്ളാരങ്കല്ലുകളിലെ ഇരുളമൊഴിമുദ്രകളിലൊട്ടിച്ചേര്‍ന്ന്
സ്നേഹകാവ്യം വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .

കടുംചേല ചുറ്റി, ചുവന്നതിലകം തൊട്ട്, കനവുമാലയിട്ട 
കാട്ടുചെടികളുടെ ഒളിനോട്ടം വകവെക്കാതെ,
പുഴമേലൊരു പാലം തീര്‍ത്ത് അതിരാവിലെ
പൂങ്കാറ്റും തൂവെളിച്ചവും പുണര്‍ര്‍ര്‍ന്നു നടക്കുന്നതും 
ഞാന്‍ കണ്ടു നിന്നിട്ടുണ്ട് 

ആലിലകളനുഗ്രഹിക്കുന്ന കര്‍ക്കിടകമാസാന്ത്യവെളളിയില്‍
ശിവന് തിനയും തേനും നിവേദിച്ച് അമ്പിളി നീരാടുന്നതും 
ഞാന്‍ കണ്ണു പറിക്കാതെ നോക്കി നിന്നിട്ടുണ്ട്

നീലപ്പീലിക്കണ്ണുകളില്‍ കാനനമുകിലുകളുടെ താളത്തിനൊപ്പം
പുഴയില്‍ മഴയുടെ മയിലാട്ടവും മനംനിറഞ്ഞു കണ്ടതാണ്

ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല 
കാരണം
മല്ലികയും മല്ലീശ്വരനും മലമുടിയല്‍ നിന്നും
ഒഴുകി മുഴുമിപ്പിക്കാന്‍ കൊതിച്ച (എന്റെ കൂടി)ജീവിതമാണ്
ശിരുവാണി  

Friday, November 29, 2013

നീ പറഞ്ഞതെത്ര ശരി


മരുഭൂമിയുടെ പനിപിടിച്ച ചുണ്ടുകളിലേക്ക്
നൂറ്റാണ്ടുകളുടെ മഞ്ഞു വീണ കവിള്‍ത്തടം ചേര്‍ക്കുമ്പോള്‍
കണ്ണുകളില്‍ ഞാന്‍ കണ്ടു; ഒരു കുഞ്ഞുപൂമ്പാറ്റ ചിറകടിക്കുന്നത്.
അതിന്റെ വര്‍ണങ്ങളിലല്ല ഞാന്‍ ശ്രദ്ധിച്ചത്
അത് അവടെ എങ്ങനെയാണ് വന്നതെന്നാലോചിക്കുകയായിരുന്നു
നാം കണ്ടുമുട്ടുന്നതിനും മുമ്പേ 
ചുംബനത്തിന്റെ ദിവ്യനക്ഷത്രജാതകവുമായി
ഈ പൂമ്പാറ്റ അലഞ്ഞു പറക്കുകയായിരുന്നോ?
ഗ്രാമങ്ങളിലും നഗരങ്ങളിലും തേടിയ തീഷ്ണാധരങ്ങള്‍ കാണാതെ, കാണാതെ വന്നിട്ടും
തുടുത്ത ചില കവിളുകളിലെ അരുവിക്കുളിരുകള്‍ 
പൂച്ചെണ്ടു നീട്ടി മാടി മാടി വിളിച്ചിട്ടും
ഇളം ചിറകുകളെ തളര്‍ച്ചിലേക്ക് ഒതുക്കാതെ
മഹാപ്രയാണത്തിന്റെ പ്രാണനില്‍ അത് നമ്മിലേക്ക് എത്തിച്ചേരുകയായിരുന്നിരിക്കാം.

ഈ കടല്‍ക്കരയില്‍ പ്രണയത്തിന്റെ പൂന്തോട്ടമുണ്ടെല്ലോ
എന്നിട്ടും 
ഒതുങ്ങിപ്പൂവിട്ട നമ്മുടെ ചുംബനത്തിലേക്ക് 
അതു വഴി ചോദിക്കാതെ വന്നണഞ്ഞുവല്ലോ
ഈ നിമിഷത്തില്‍ നിന്നും എന്തായിരിക്കും ഈ പൂമ്പാറ്റ ആഗ്രഹിക്കുന്നത്?
അതിന്റെ ദാഹത്തേയും മോഹത്തേയും വെല്ലുവിളിക്കുന്ന എന്താവാം അത്?

എന്റെ ചുണ്ടുകള്‍ നിന്റെ കവിളില്‍ സ്പര്‍ശിച്ചപ്പോള്‍
ഈ പൂമ്പാറ്റ അതിലോലമായ ചെറുഹൃദയത്തിലേക്കു ഊറ്റയെടുത്തത്
ലോകത്തവശേഷിക്കുന്ന കറപുരളാത്ത കാട്ടുതേനാകണം
എനിക്കതിശയം
നേരമേറെ കഴിഞ്ഞിട്ടും അതു നമ്മെ വിട്ടുപോകുന്നില്ലല്ലോ.
ഇതിനിടയില്‍ കടല്‍ എത്രവട്ടം ഉറങ്ങാന്‍ പോയി!
കണ്ണില്‍ പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ നിനക്കെങ്ങനെ പീലികളെ താഴ്ത്തുവാനാകും?
അതെ പൂമ്പാറ്റ വെറും ചിത്രശലഭമല്ലെന്നു നീ പറഞ്ഞതെത്ര ശരി.



Saturday, November 2, 2013

6.45pm-


ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
സൂര്യന്‍ അന്തിവാനില്‍ മുഖം താഴ്ത്തുമ്പോള്‍
ഒര്‍മകളുടെ വേലിയേറ്റമുണ്ടാകും
കടലിനെ മറക്കുന്ന ഒരു കടലായി നാം മാറും
തോണി തനിയെ തുഴഞ്ഞുവരും
തീരക്കടലില്‍ നിന്ന് ആഴക്കടലിലേക്കു പോകുമ്പോള്‍
സൂര്യന്‍ ഉദയത്തെക്കുറിച്ച് ചെറിയകടങ്കഥ ചോദിക്കും
ആരാണാദ്യം നിന്നില്‍ വിരല്‍ തൊട്ടത് എന്നതുപോലെ..
നീണ്ട വെളുത്തു മെലിഞ്ഞ ഞരമ്പുകള്‍ തെളിഞ്ഞ വിരലുകള്‍
എത്ര തവണ തിരകളില്‍ നിന്നും കോരിയടുത്ത കടലിനെ
പുക്കിള്‍ത്തടത്തില്‍ തടവിലിടാന്‍ നോക്കി
അപ്പോഴൊക്കെ ഉദിച്ചസൂര്യന്‍ ആര്?

ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
അവന്‍ എന്നില്‍ ചെയ്തപോലെ
അന്തിസൂരന്‍ ജലത്തേലേക്ക് പകുതി ആഴ്ന്നിറങ്ങി നില്‍ക്കുമ്പോല്‍
ഒരു പുസ്തകം മടിയില്‍ വന്നു വീഴും
ഒരു ഫോണ്‍ മണയടിക്കും
കപ്പലണ്ടിയുമായി ഒരു കച്ചവടക്കാരനെത്തും
നാമതൊന്നും കാണില്ല കേള്‍ക്കില്ല
കുട്ടികളുടെ കൈയ്യില്‍ നിന്നും കുതറിപ്പൊട്ടിപ്പറക്കുന്ന പട്ടത്തൊടൊപ്പം ഉയര്‍ന്നുയര്‍ന്ന് സൂര്യനെ പിന്തുടരും
ഇനി ഒരു തുളളി നേരം കൂടി കഴിഞ്ഞാലെല്ലാം ഇരുളു മൂടും
അതിനു മുമ്പ് അവന്‍ വരാതിരുന്നാല്‍
ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല