Monday, May 19, 2014

സംസാര സമയം


ഭൂമിയില്‍ കാലൊച്ചയില്ലാതെ നടന്ന ദിവസം ഇന്നായിരുന്നു
ഭാരമില്ലാതെ, നിഴലില്ലാതെ, തടസ്സമേതുമില്ലാതെ ...
ഇപ്പോള്‍ അപ്പൂപ്പന്‍താടി ആനന്ദമാടിയതിന്റെ രഹസ്യമഴിഞ്ഞുവീണു
കണ്ണടച്ച് കാതടച്ച് കതകടച്ച് നിശബ്ദസാഗരത്തിന്റെ ചക്രവാളം തൊട്ടു
ഇപ്പോള്‍ ഇതാ ഞാന്‍ ഈ നരമേഘങ്ങള്‍ക്കിടയിലിരുന്ന്
ഓട്ടോഗ്രാഫു വായിക്കുകയാണ്
മണ്ണട്ടികളുടെ നിറമുളള താളുകളില്‍ നിന്നും
കണ്ണുനീരുറവക്കുമിളകള്‍ പൊട്ടി ഒരു നിശ്വാസമായവസാനിച്ചു.
നിന്റെ കയ്യക്ഷരം മഷിപ്പടര്‍പ്പില്‍ വിതുമ്പിത്തേങ്ങി.

മടിയില്‍ കിടത്തി മുടിയില്‍ വിരലോടിച്ച്
നെറുകയിലമര്‍ത്തി ചുംബിക്കപ്പെടാത്തവന്‍
മടിച്ചു നിന്ന മഞ്ഞുതുളളി പോലെ വേര്‍പെട്ടവന്‍ ,
പുറപ്പെട്ടിട്ടും ഇടം കിട്ടാത്തവന്‍.
എന്നിട്ടും
തിരിഞ്ഞുനോട്ടത്തിന് വാശിപിടിക്കുന്ന കുട്ടിയാണ് മരണം.

സ്മൃതിപാളത്തിലെ തീവണ്ടി ചൂളം വിളിയായി ശൂന്യമാകുമ്പോലെ
കാളിഘട്ടിലെ പൂമണം ചൂടിയ ഓളങ്ങള്‍ വാടിയുറങ്ങുന്നതു പോലെ
നിന്റെ ചുണ്ടുകളില്‍ അനുരാഗം വറ്റിപ്പോയതു പോലെ
ഭൂമിയില്‍ നിന്നും ഞാന്‍ വേര്‍പെട്ട ദിവസം ഇന്നായിരുന്നു.


വേനല്‍ച്ചിതയില്‍ അസ്ഥിക്കൊള്ളിയായി അസ്തമിച്ച ചില മരങ്ങള്‍
മഴപ്രാര്‍ഥനയില്‍ പിന്നെയും തളിരിലകളെ പൂക്കളാക്കും
നിറങ്ങള്‍ ആകാശത്തേക്കു ചിറകടിച്ചുയര്‍ന്നാത്മാഹൂതി ചെയ്താലും
മഴ, നിറങ്ങളുടെ വില്ലു കുലച്ച് മനമാകെ പുഷ്പാഭിഷേകം നടത്തും
അതേ പോലെ കെട്ടു പോയ ചാരത്തില്‍ നിന്നും
ആരൊക്കെയോ ഊതിയുണര്‍ത്തിയ ദാനമായിരുന്നീ ജീവിതം

നീ കരുതും പോലെ അവസാനത്തെ കുറിപ്പുകളായിരിക്കില്ലിവ
പലപ്പോഴും ഞാന്‍ മരിച്ചുപോയിട്ടുണ്ടെന്നു നിനക്കറിയാം.
ശ്രദ്ധയോടെ അടുക്കിയ അതിമനോഹരമായ പൂക്കള്‍
സുഗന്ധമറ്റ ഹൃദയത്തിനു മേലെ വെച്ച് ആദരവോടെ
മൗനമായി നീ കാലത്തിന്റെ ചുമരില്‍  ചാരി നില്‍ക്കുമ്പോള്‍
ഒരായിരം പൂമ്പാറ്റകള്‍ ആ പൂക്കളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്
വിലാപങ്ങളാഹ്ലാദാരവമാകുമ്പോലെ നിന്റെ മിഴിത്തിളക്കമായിട്ടുണ്ട്


മരണം നിദ്രയില്‍ പെയ്യുന്ന ചാറ്റല്‍മഴയല്ല
എങ്കിലും അത് ഇന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തി
ഋതുക്കളുടെ കുതിരസവാരിക്ക് ഉറ്റവരെ ക്ഷണിക്കും
കടിഞ്ഞാണില്ലാത്ത ഓര്‍മകളില്‍
മുളമ്പാട്ടുകള്‍ വാരിപ്പുണര്‍ന്നു തലോടും

എപ്പോഴും
മരണമാണ് ജിവിതത്തെക്കുറിച്ച് സംസാരിക്കുന്നത്.
നീ ജീവിതത്തിലേക്കും ഞാന്‍ മരണത്തിലേക്കും
യാത്രപറഞ്ഞ നിമിഷം ഇന്നായിരുന്നു
എന്നിട്ടും നീയും ഞാനും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

9 comments:

sreelatha vilasini said...

മനുഷ്യമനസ്സിന്റെ അകക്കാമ്പില്‍ നിന്നും ഉറവ പൊട്ടുന്ന നിഷ്കളങ്ക പ്രണയം മരണന്ദര സ്വപ്നങ്ങളെ പോലും മധുരമുല്ലതാക്കുന്നോ?മരണത്തിനുപോലും കീഴടക്കാന്‍ കഴിയാത്ത അനശ്വര പ്രണയത്തിന്റെ നോവ്‌......കവിതയെ ഉദാത്തമാക്കുന്നു .

sreelatha vilasini said...
This comment has been removed by the author.
ബൈജു മണിയങ്കാല said...

മനോഹരം അടുത്തിടെ വായിച്ച കവിതകളിൽ വളരെ ഹൃദ്യം മനോഹരം

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

നല്ല വരികള്‍

സൗഗന്ധികം said...

വളരെ നല്ല കവിത

ശുഭാശം സകൾ.....

ബിന്ദു .വി എസ് said...

"കടിഞ്ഞാണില്ലാത്ത ഓര്‍മ്മകളില്‍ മുളമ്പാട്ടുകള്‍ വാരി പ്പുണര്‍ന്നു തലോടും"
.പോയി വരാമെന്നു കൈവീശി യാത്ര പറയുമ്പോഴും ..താല്‍ക്കാലികമായ വേര്‍ പിരിയല്‍ പോലും മരണ മാകുന്ന അവസ്ഥ.വേദനയുടെ കടലില്‍ നിന്ന് പ്രണയത്തിന്‍റെ സന്ധ്യകള്‍ പിറക്കുകയാണ് .തിരകളെഴുതുന്നു ഓട്ടോ ഗ്രാഫ് .

Pradeepkumar Gopinadhanpillai said...

രണ്ടുതവണ വായിച്ചു...എന്തോ...ഒരു തെളിച്ചകുറവ്.എങ്കിലും ചില പ്രയോഗങ്ങള്‍ മനോഹരം
നരമേഘങ്ങള്‍
മരണം നിദ്രയില്‍പെയ്യുന്ന ചാറ്റല്‍ മഴയല്ല

Brc Chathannur said...

vaiychukazhingalum vayana thudrunna kavitha ....thanks

sobhanakumari vk said...

വീഞ്ഞു പഴകുംപോലെ വായിക്കുംതോറും പുതിയ അനുഭൂതി പ്രദാനം ചെയ്യുന്നു